|    Feb 25 Sun, 2018 7:32 am
Home   >  Todays Paper  >  Page 1  >  

നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ്: എട്ട് പേര്‍ക്കെതിരേ സിബിഐ കുറ്റപത്രം

Published : 22nd January 2017 | Posted By: fsq

 

കൊച്ചി: അല്‍ സറാഫ റിക്രൂട്ട്‌മെന്റ് ഏജന്‍സി ഉള്‍പ്പെട്ട 300 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായി സംശയിക്കുന്ന നഴ്‌സിങ് റിക്രൂട്ട്‌മെന്റ് കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് എല്‍ അഡോല്‍ഫസ്, ഒളിവില്‍ കഴിയുന്ന അല്‍ സറാഫ ട്രാവല്‍ ആന്റ് മാന്‍പവര്‍ കണ്‍സള്‍ട്ടന്‍സി ഉടമ ഉതുപ്പ് വര്‍ഗീസ് അടക്കം എട്ടു പേര്‍ക്കെതിരേയാണ് സിബിഐ കോടതിയില്‍ കുറ്റപത്രം നല്‍കിയത്. നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പുകള്‍ക്ക് ഒത്താശ ചെയ്ത കുറ്റത്തിനു സിബിഐ എല്ലാ കേസിലും പ്രതിചേര്‍ത്ത പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് എല്‍ അഡോല്‍ഫസാണ് ഈ കേസിലും ഒന്നാം പ്രതി. അല്‍ സറാഫ ട്രാവല്‍ ആന്റ് മാന്‍പവര്‍ കണ്‍സള്‍ട്ടന്‍സി, സ്ഥാപനത്തിന്റെ ഉടമ ഉതുപ്പ് വര്‍ഗീസിനെ കൂടാതെ അല്‍ സറാഫയിലെ ജോലിക്കാരായ ജെസി, കെ എസ് പ്രദീപ്, ഹവാല റാക്കറ്റ് വഴി ഉതുപ്പ് വര്‍ഗീസ് അന്യായമായി സമ്പാദിച്ച പണം വിദേശത്തേക്കു കടത്താന്‍ സഹായിച്ച സുരേഷ് ഫോറെക്‌സ് ഉടമ  വി എസ് സുരേഷ് ബാബു, മലബാര്‍ ഫോറിന്‍ എക്‌സ്‌ചേഞ്ച് ഉടമ അബ്ദുല്‍ നസീര്‍, അല്‍ സറാഫയുടെ ചെയര്‍മാനായ ഉതുപ്പ് വര്‍ഗീസിന്റെ ഭാര്യ സൂസന്‍ തോമസ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. അന്യായമായി പണം തട്ടിയെടുക്കല്‍, വഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ സിബിഐ ചുമത്തിയിരിക്കുന്നത്. ഓരോ ഉദ്യോഗാര്‍ഥിയില്‍ നിന്നും 19,500 രൂപ വീതം ഈടാക്കി റിക്രൂട്ട്‌മെന്റ് നടത്താനായി കുവൈത്ത് ആരോഗ്യ മന്ത്രാലയവുമായി കരാര്‍ ഉണ്ടാക്കിയിരുന്നു. 1200 പേരെ റിക്രൂട്ട് ചെയ്യാനായിരുന്നു അല്‍ സറാഫയുമായി ഉണ്ടാക്കിയ കരാര്‍. എന്നാല്‍, അഡോല്‍ഫസിന്റെ മൗനാനുവാദത്തോടെ 19.5 ലക്ഷം വീതം ഈടാക്കിയാണ് റിക്രൂട്ട്‌മെന്റ് നടത്തിയത്. ഇതിലൂടെ വന്‍ തട്ടിപ്പാണ് നടന്നതെന്ന് സിബിഐ കണ്ടെത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss