|    Oct 17 Wed, 2018 4:53 am
FLASH NEWS
Home   >  Editpage  >  Middlepiece  >  

നഴ്‌സസ് ദിനത്തില്‍ ഓര്‍ത്തെടുത്തത്…

Published : 9th May 2017 | Posted By: fsq

എമിലി സിസ്റ്റര്‍ എന്നാണ് അവര്‍ അറിയപ്പെട്ടത്. ഫോര്‍ട്ട് കൊച്ചി മട്ടാഞ്ചേരി സ്വദേശിനി. കാസര്‍കോട് പ്രദേശത്തെ ഒട്ടുമിക്ക മുസ്‌ലിം വീടുകളിലും സര്‍ക്കാരാശുപത്രിയില്‍ നഴ്‌സായ എമിലി ഉറ്റബന്ധുവിനെപ്പോലെയായിരുന്നു. ചാര്‍ലി എന്നു ഞങ്ങള്‍ വിളിച്ചിരുന്ന അബ്ദുറഹ്്മാനായിരുന്നു അവരുടെ ഭര്‍ത്താവ്. മനുഷ്യസ്‌നേഹം എന്നതു പുറംപൂച്ചായി കൊണ്ടുനടക്കാത്ത അപൂര്‍വ ജനുസ്സില്‍പ്പെട്ട ഒരാള്‍. ഉദുമ ഗ്രാമത്തിലെ പാരമ്പര്യ തറവാട്ടില്‍ ജനിച്ചു. സഹോദരങ്ങള്‍ ഡെപ്യൂട്ടി കലക്ടര്‍ പദവി വരെ എത്തിയവര്‍. എഴുത്തുകാരന്‍ എം എ റഹ്മാന്‍ ചാര്‍ലിയെക്കുറിച്ച് എഴുപതുകളില്‍ കലാകൗമുദി വാരികയില്‍ എഴുതിയിരുന്നു. എമിലി-ചാര്‍ലി ദമ്പതികള്‍ക്ക് ജാസ്മിന്‍ ഏക മകള്‍. ആധുനികോത്തര ജീവിതത്തിന്റെ മഹത്തായ മാതൃകകള്‍. മകളും നഴ്‌സിങിനു ചേര്‍ന്നു. എങ്ങനെയെന്നറിയില്ല 60 വയസ്സിനുശേഷം ദമ്പതികള്‍ പിരിഞ്ഞു. ഏകാന്തജീവിതത്തിനൊടുവില്‍ മദ്യപിച്ച് അവശനായി ചാര്‍ലി ഒരുപിടി ഗുളികകളില്‍ തികച്ചും അസംതൃപ്തമായ ജീവിതമൊടുക്കി. എമിലി വൃദ്ധസദനത്തില്‍ അശരണരെ ശുശ്രൂഷിക്കാനെത്തിപ്പെട്ടു. മകള്‍ വിശാലലോകത്ത് ഒറ്റയ്ക്കു നടന്നു. അവള്‍ കുറച്ചുകാലം ഭര്‍ത്താവുമൊത്ത് അറബ് രാജ്യങ്ങളിലെവിടെയോ ഉണ്ടായിരുന്നു. എമിലി 2010ല്‍ മരണമടഞ്ഞു. ഒരു വലിയ നോവലിലെ വലിയ കഥാപാത്രങ്ങളാണിവര്‍. ജാസ്മിന്‍ സര്‍ക്കാര്‍ നഴ്‌സായി കേരളത്തിലെവിടെയോ ഉണ്ട്. കാസര്‍കോട്ടായിരിക്കുമോ? നഴ്‌സസ് വാരാഘോഷം കൊണ്ടാടുന്ന ഈ ദിനങ്ങളില്‍ അമ്മയും മകളുമെന്ന ആ ദ്വന്ദ്വങ്ങളെ എടുത്തെഴുതാന്‍ കാരണമുണ്ട്. മറ്റേതു തൊഴിലിനെ അപേക്ഷിച്ചും സ്വയംസമര്‍പ്പണത്തിന്റെ മേഖലയാണിത്. പൊതുവെ പെണ്‍കുട്ടികളെ അയക്കാന്‍ രക്ഷിതാക്കള്‍ മടിക്കുന്ന ആതുരസേവന മേഖല. വിവാഹക്കമ്പോളത്തിലെത്തുമ്പോള്‍ പെണ്‍കുട്ടി നഴ്‌സ് ആണെന്നറിഞ്ഞാല്‍ മിക്കവരും മുഖംതിരിക്കാറാണു പതിവ്. കേരളത്തില്‍ ക്രൈസ്തവസഭ വരുത്തിയ നവോത്ഥാനശ്രമങ്ങളില്‍ ദിനപത്ര മേഖല കഴിഞ്ഞാല്‍ പിന്നെ എടുത്തുപറയേണ്ട ഒന്ന് നഴ്‌സസ് ലോകമാണ്. ലോകത്തെവിടെ ചെന്നാലും ഒരു സൂസി നഴ്‌സും ആനിയമ്മ നഴ്‌സും അവിടെയുണ്ടാവും. മിഡില്‍ ഈസ്റ്റില്‍ ഏറ്റവുമധികം നഴ്‌സുമാരുള്ളത് കേരളത്തില്‍ നിന്നാണ്. ഗള്‍ഫ് സുഹൃത്തുക്കള്‍ എന്നും വാചാലരാവാറുണ്ട് തിരുവല്ലയിലെ മിനി നഴ്‌സിനെപ്പറ്റി, കോഴഞ്ചേരിയിലെ എല്‍സമ്മയെപ്പറ്റി. മറ്റു സമൂഹങ്ങളില്‍ നഴ്‌സുമാര്‍ ഇല്ലെന്നല്ല. ക്രൈസ്തവ സമൂഹങ്ങളിലെ പെണ്‍കുട്ടികള്‍ ശുശ്രൂഷയില്‍ ബഹുകേമികളാണ്. പ്രതിഫലം ആവശ്യത്തിലധികം പറ്റുന്നവരുണ്ടാവാം. പക്ഷേ, അവരുടെ സ്വയംസമര്‍പ്പണം മെഴുകുതിരിനാളങ്ങളെ സാക്ഷിനിര്‍ത്തി എടുത്ത പ്രതിജ്ഞാദിനത്തിലെ ഓരോ വാക്കിനെയും ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്നതാവും. തുടക്കത്തില്‍ വെട്ടാതെ, തിരുത്താതെ എമിലി സിസ്റ്ററുടെ കഥ പറഞ്ഞത് ആ സേവനസന്നദ്ധത മനസ്സിലാക്കിയിട്ടാണ്. കാസര്‍കോട്ടെ 13 വര്‍ഷത്തെ പത്രപ്രവര്‍ത്തന ജീവിതത്തില്‍ ഏറെ സ്റ്റോറികള്‍ ചെയ്തത് കാസര്‍കോട്ടെ കൊറഗരെ കുറിച്ചാണ്. തികച്ചും അരാജകജീവിതം. കാടിന്റെ സകല സ്വഭാവവുമുള്ളവര്‍. ഇന്നു നമ്മുടെ കുഞ്ഞുങ്ങള്‍ ബര്‍ഗര്‍ ചുണ്ടിന്‍മേല്‍ തിരുകുന്നതുപോലെ ചുട്ടെടുത്ത എലിയെ ഈമ്പിത്തിന്നുന്ന കൊറഗമക്കള്‍. എഴുപതുകളിലെ കഥയാണിത്. ഈ ജീവിതങ്ങള്‍ രോഗബാധിതരായി കാസര്‍കോട് താലൂക്കാശുപത്രിയിലെത്തിയാല്‍ ഒരു ഗ്ലൗസ്‌പോലുമിടാതെ അവരുടെ മാലിന്യങ്ങള്‍ തുടച്ചുനീക്കി, ശിരസ്സു കുടഞ്ഞ് നിലത്തിഴയുന്ന പേനുകളെ തൂത്തുവെടിപ്പാക്കുന്ന എമിലി സിസ്റ്ററെ ഞങ്ങള്‍ അദ്ഭുതാദരങ്ങളോടെ നോക്കിനിന്നിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രിയിലെ ഫയലുകള്‍ തുറക്കാനൊന്നും എമിലി സിസ്റ്റര്‍ കാത്തുനില്‍ക്കില്ല. ഗുരുതരാവസ്ഥയിലായ എത്രയോ ആദിവാസി സ്ത്രീകളെ ടാക്‌സി കാര്‍ വിളിച്ച് ഭര്‍ത്താവ് റഹ്്മാന്റെ സഹായത്തോടെ മംഗലാപുരം ആശുപത്രിയിലെത്തിക്കുന്ന കരള്‍ പിളരുന്ന കാഴ്ചകള്‍. ഇതൊക്കെ കണ്ടാണ് എമിലി സിസ്റ്ററുടെ മകള്‍ ജാസ്മിന്‍ വളര്‍ന്നത്. അവളും ആതുരശുശ്രൂഷാ രംഗത്തെത്തി. 90കളിലൊക്കെ കാല്‍നടയായിപോലും മലഞ്ചെരിവുകളിലെത്തി രോഗികളെ ശുശ്രൂഷിച്ചു. ഏതു കൊടും കാളരാത്രിയിലും വേദനയുമായി എത്തുന്നവരെ ജാസ്മിന്‍ ശുശ്രൂഷിക്കും. ഒന്നും നേടാനാവാതെയാണ് എമിലിയും ചാര്‍ലിയും ലോകം വിട്ടത്. മിഡില്‍ ഈസ്റ്റില്‍ നിന്നെത്തി കേരളത്തിലെവിടെയോ ഉണ്ടെന്നു ഞാന്‍ അനുമാനിക്കുന്ന ജാസ്മിനോട് ഒരു ചോദ്യമുതിര്‍ത്ത് അവസാനിപ്പിക്കട്ടെ: ”ജാസ്മിന്‍, മമ്മി അവസാനകാലം വേദന രുചിച്ചാണു മരിച്ചത്. ഡാഡി ആത്മഹത്യ ചെയ്തശേഷം നീ എവിടെയായിരുന്നു. നിന്റെ ഏത് ഇഷ്ടത്തിനും കൂട്ടുനിന്ന മമ്മി കുരിശു ചുംബിച്ച് അവസാന നിദ്രയില്‍ വീണപ്പോള്‍ നിന്നെ വിളിച്ചിരിക്കില്ലേ? ഒരു നഴ്‌സിന്റെ, യഥാര്‍ഥ ജീവിതം ആ വിധം തീരാനുള്ളതാണോ? നിന്റെ ജീവിതവും?”

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss