|    May 22 Mon, 2017 11:16 pm
FLASH NEWS
Home   >  Life  >  Family  >  

നളന്റെ പെങ്ങള്‍

Published : 26th October 2015 | Posted By: TK

ummi-abdullah1

 

ടി. മുംതാസ്

പ്രായത്തിന്റെ അവശതകളെല്ലാം മാറ്റിനിര്‍ത്തി യുവത്വത്തിന്റെ ആവേശത്തോടെ ഇന്നും ഉമ്മി അബ്ദുല്ല. ചെന്നൈ, ബംഗളൂരു, മുംബൈ നഗരങ്ങളിലെ പാചകമല്‍സരങ്ങളിലെ വിധികര്‍ത്താവായും മേളകളിലെ മാസ്റ്റര്‍ ഷെഫ് ആയും ഒരു എണ്‍പതുകാരി. ചെന്നൈയില്‍ നിന്നു കോഴിക്കോട്ടേക്കു താമസം മാറ്റിയെങ്കിലും ഈ നഗരങ്ങളിലെയെല്ലാം ഭക്ഷ്യമേളകളിലെ പ്രത്യേക ക്ഷണിതാവാണിവര്‍. മേളകളിലെ മലബാര്‍ സ്റ്റാളുകളുടെ ചുമതല ഇവര്‍ക്കായിരിക്കും.  പ്രശസ്ത പാചകമെഴുത്തുകാരി ഉമ്മി അബ്ദുല്ലയാണീ ഉമ്മാമ്മ.

ഉമ്മിയെന്ന പാചക കലാകാരി
വിഖ്യാത വിവര്‍ത്തകനും ഓറിയന്റല്‍ ലോങ്മാന്‍സ് എന്ന ഇംഗ്ലീഷ് പബ്ലിഷിങ് കമ്പനി മാനേജറുമായിരുന്ന ഭര്‍ത്താവ് വി അബ്ദുല്ലയോടൊപ്പം കുടുംബസമേതം ചെന്നൈയിലേക്ക് താമസം മാറിയതോടെയാണ് പാചകത്തില്‍ പരീക്ഷണങ്ങള്‍ തുടങ്ങിയത്. ഭര്‍ത്താവിന് രുചികരമായ ഭക്ഷണങ്ങള്‍ ഏറെ ഇഷ്ടമായിരുന്നു. ആസ്വദിച്ച് കഴിച്ച് ഇഴപിരിച്ച് അഭിപ്രായം പറയും. ഇതാണ് ഇവരിലെ പാചക കലാകാരിയെ വളര്‍ത്തിയത്. സിനിമാ നിര്‍മാതാവുകൂടിയായിരുന്ന ഭര്‍ത്താവ് വീട്ടിലെത്തുമ്പോള്‍ കൂടെ സുഹൃത്തുക്കളാരെങ്കിലും ഉണ്ടാവും. അവര്‍ക്കുവേണ്ടി സ്വാദിഷ്ടമായ മലബാര്‍ വിഭവങ്ങളുണ്ടാക്കി അവരെ സല്‍ക്കരിക്കും.
കുഞ്ഞുന്നാളിലേ പാചകത്തോടു വലിയ താല്‍പ്പര്യമായിരുന്നു ഉമ്മിക്ക്. ഉമ്മാമ പലഹാരങ്ങളുണ്ടാക്കുമ്പോള്‍ അത് സാകൂതം നോക്കിനില്‍ക്കും. വീട്ടിലും ബന്ധുവീട്ടിലും സല്‍ക്കാരങ്ങളുണ്ടാവുമ്പോഴും പതുക്കെ അടുപ്പിനു ചുറ്റിപ്പറ്റി എല്ലാം കണ്ടു നില്‍ക്കും. അന്നൊന്നും    ഒന്നും പരീക്ഷിച്ചു നോക്കിയിരുന്നില്ല. ജനിച്ചുവളര്‍ന്ന തിക്കോടിയില്‍ കൂട്ടുകുടുംബ സമ്പ്രദായമായതിനാല്‍ കല്യാണം കഴിഞ്ഞ ശേഷവും അടുക്കളയില്‍ കയറേണ്ട ആവശ്യമില്ലായിരുന്നു.

ബോറടി മാറ്റാന്‍ പാചകമെഴുത്ത്
രണ്ടു പെണ്‍മക്കളെയും കെട്ടിച്ചയച്ച ശേഷം വീട്ടില്‍ തനിച്ചിരിക്കുന്നതിന്റെ ബോറടി മാറ്റാനാണ് ഭര്‍ത്താവിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി പാചകക്കുറിപ്പുകള്‍ എഴുതാന്‍ തുടങ്ങിയത്. വിദഗ്‌ധോപദേശത്തിന് ഉമ്മാമയെ തന്നെ ആശ്രയിച്ചു. ഒരു സേറ് അരിക്ക് ഒരു റാത്തല്‍ ഇറച്ചി, രണ്ടു പിടി മുളക് എന്നിങ്ങനെയായിരുന്നു ഉമ്മാമ പറഞ്ഞുകൊടുത്ത പഴയമട്ടിലുള്ള അളവുകള്‍. കുറിപ്പുകള്‍ തയ്യാറാക്കാന്‍ അതെല്ലാം അളന്നു തിട്ടപ്പെടുത്തി കിലോയായും എണ്ണമായും പുനര്‍നിര്‍ണയിച്ചു. ഓരോ വിഭവങ്ങളുടെയും ചേരുവകളും പാകം ചെയ്യുന്ന രീതിയും എഴുതി അതുപ്രകാരം ഉണ്ടാക്കി നാലഞ്ചുപേരെക്കൊണ്ട് കഴിപ്പിച്ച് അഭിപ്രായം ആരായും.പിന്നീടാണ് ഇത് പുസ്തകത്തിനായി പകര്‍ത്തുന്നത്.

പാചകക്കുറിപ്പുകള്‍ തയ്യാറാക്കാന്‍ ഇംഗ്ലീഷാണ് ആദ്യം എളുപ്പമായി തോന്നിയത്. അങ്ങനെ മലബാര്‍ മാപ്പിള വിഭവങ്ങളുടെ രുചി വൈവിദ്യങ്ങളടങ്ങിയ ആദ്യ പുസ്തകം ‘മലബാര്‍ മുസ്‌ലിം കുക്കറി’ 1981ല്‍ പുറത്തിറക്കി. പിന്നീട് അത് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി ‘മലബാര്‍ പാചകവിധി’യായി പ്രസിദ്ധീകരിച്ചു. മലബാറിലെ മങ്കമാര്‍ ഈ പുസ്തകത്തെ ഇരു കൈകളും നീട്ടി സ്വീകരിച്ചു. ഇന്നും  എവിടെപ്പോയാലും ബിരിയാണിയും മറ്റും ഉണ്ടാക്കിപ്പഠിച്ചതിന്റെ കടപ്പാടറിയിക്കാന്‍ മഹിളകള്‍ ഉമ്മിക്കു ചുറ്റും കൂടും.

അതിനിടെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കാറ്ററിങ് ടെക്‌നോളജി ആന്റ് അപ്ലൈഡ് ന്യൂട്രീഷ്യസില്‍ പാചക കോഴ്‌സിനു ചേര്‍ന്നു. വെസ്‌റ്റേണ്‍ ഫുഡ്, സ്‌ക്വാഷ്, പുഡിങ്, ജാം തുടങ്ങിയവയിലും വൈദഗ്ധ്യം നേടി. പിന്നീട് ചെന്നൈ, ബംഗളൂരു പാചകമല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ തുടങ്ങി.

പിന്നീട് എപിക്യൂര്‍, അച്ചാര്‍, ജാം, ജ്യൂസ്, മലബാര്‍ പച്ചക്കറി വിഭവങ്ങള്‍ എന്നിങ്ങനെ ആറു പുസ്തകങ്ങള്‍ പുറത്തിറക്കി. അടുത്തതായി 40 തരം പുട്ടുകള്‍, പാചക അനുഭവക്കുറിപ്പുകള്‍ എന്നീ പുസ്തകങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. പത്രമാസികകളില്‍ ഇപ്പോഴും പതിവായി പാചകക്കുറിപ്പുകള്‍ എഴുതാറുണ്ട്.
എവിടെച്ചെന്നാലും ആളുകള്‍ക്കു വേണ്ടതു മലബാര്‍ വിഭവങ്ങളാണെന്ന് ഇവര്‍ പറയുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് വിയറ്റ്‌നാമിലെ ഒരു ഹോട്ടലില്‍ മലബാര്‍ ഫെസ്റ്റിവലില്‍ പങ്കെടുത്തിരുന്നു. അവിടെയും മലബാര്‍വിഭവങ്ങള്‍ക്കു തന്നെയായിരുന്നു ആവശ്യക്കാര്‍ കൂടുതല്‍. മലബാറിലെ മുസ്‌ലിംകള്‍ ഇറച്ചി മാത്രം ഇഷ്ടപ്പെടുന്നവരാണ് എന്ന ധാരണ മറ്റുള്ളവര്‍ക്കുണ്ട്. ഇത് തെറ്റാണെന്ന് ഉമ്മിത്താത്ത പറയുന്നു. പണ്ടു മുതലെ മാപ്പിളമാര്‍ക്ക് കിഴങ്ങ്, ചേന, പൂള, ചേമ്പ്, താള്, മുരിങ്ങയില തുടങ്ങിയ നാടന്‍ പച്ചക്കറികള്‍ ഭക്ഷണത്തിന്റെ മുഖ്യ ഘടകങ്ങളായിരുന്നു. ചെന്നൈയിലായിരുന്നപ്പോള്‍ പാചകമല്‍സരങ്ങളൊന്നും ഒഴിവാക്കുമായിരുന്നില്ല. സ്ഥിരമായി സമ്മാനങ്ങള്‍ വാരിക്കൂട്ടിത്തുടങ്ങിയതോടെ സംഘാടകര്‍ വിധികര്‍ത്താവായി വിളിച്ചുതുടങ്ങി. ഇതോടെ മല്‍സരിക്കുന്നത് നിര്‍ത്തി.

വാതിലടച്ച്  പാചകം
വിഭവങ്ങളുണ്ടാക്കുന്നത് ആരും കാണരുതെന്ന വിശ്വാസം പാചകക്കാര്‍ക്കിടയില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. അടുക്കളയുടെ വാതില്‍ അടച്ചിട്ടാണ് വിശേഷാല്‍ വിഭവങ്ങള്‍ ഉണ്ടാക്കുക. ഉമ്മാമ വതിലടച്ചിട്ടു പലഹാരങ്ങളുണ്ടാക്കുന്നതാണ് ചെറുപ്പത്തിലേ ഉമ്മി കണ്ടത്. അടുക്കളയിലേക്ക് ഒരു സഹായിയെ മാത്രമേ കയറ്റൂ. അടുത്ത് നോക്കിനിന്ന് അഭിപ്രായം പറയാന്‍ ആരെയും അനുവദിക്കില. ഉണ്ടാക്കുന്നത് ചീത്തയായിപ്പോവുമെന്നു പറഞ്ഞ് ഓടിക്കും.


‘ഇവിടെ കോഴിക്കോട്ട് ഒരു പാചകമെഴുത്തുകാരിയുണ്ട്, പ്രായത്തിന്റെ അവശതയിലും  മനസ്സില്‍ യുവത്വം സൂക്ഷിക്കുന്നഉമ്മി അബ്ദുല്ല. മലബാര്‍ പാചകവിധിയുടെ അവസാന വാക്ക്’ -വൈക്കം മുഹമ്മദ് ബഷീര്‍ നളന്റെ പെങ്ങള്‍ എന്ന് വിശേഷിപ്പിച്ച പാചകവിദഗ്ധ. ഉമ്മിത്താത്തയുടെ പാചകവിശേഷങ്ങള്‍…


പാചകം ചെയ്യുന്നതിനിടെ ആരെങ്കിലും വന്ന് അഭിപ്രായം പറഞ്ഞാല്‍ പലഹാരങ്ങള്‍ എണ്ണ കുടിക്കുകയോ കരിഞ്ഞോ പൊടിഞ്ഞോ പോവുമെന്നുമൊക്കെയാണ് ഇവരുടെ വിശ്വാസം. ഇത് വെറുതെ പറയുന്നതല്ലെന്ന് ഉമ്മിയും പറയുന്നു. ഒരിക്കല്‍ ഉമ്മി പഞ്ചാരപ്പാറ്റ ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോള്‍ കുട്ടികളിലാരോ ഒരാള്‍ വന്നു ‘ഹായ് എന്തോരു ഭംഗിയാ’ എന്നു പറഞ്ഞു. പിന്നീടുണ്ടാക്കിയതെല്ലാം പൊടിഞ്ഞുപോയത്രേ. സമാനമായ അനുഭവം പിന്നെയും ഉണ്ടായി. അതില്‍പ്പിന്നെ ഒരു സഹായിയെ അല്ലാതെ അടുക്കളയിലേക്ക് ആരെയും കയറ്റാറില്ല. ഇത് അന്ധവിശ്വാസമായിരിക്കാം. ചിലപ്പോള്‍ മാവ് ഉണ്ടാക്കിയതിലെ പാകപ്പിഴ കൊണ്ടാവാം ചീത്തയാവുന്നത്. എന്നാലും അതൊരു വിശ്വാസവും യാഥാര്‍ഥ്യവുമാണെന്ന് ഇവര്‍ പറയുന്നു.

വഴികാട്ടിയാവുമ്പോള്‍
ചെന്നൈയില്‍നിന്ന് ആദ്യത്തെ മലയാള പുസ്തകം പുറത്തിറക്കിയ ശേഷം വടകരയില്‍നിന്ന് ഉമ്മി അബ്ദുല്ലയ്ക്ക് ഒരു കത്ത് കിട്ടി. ഒരു മുസ്‌ലിം ചെറുപ്പക്കാരന്റേതായിരിന്നു ആ കത്ത്. തനിക്കു പാചകം പഠിക്കാന്‍ താല്‍പ്പര്യമുണ്ട്. താങ്കളുടെ പാചകക്കുറിപ്പ് നല്ലതാണെന്ന് എല്ലാവരും പറഞ്ഞു. ഒരു പുസ്തകം അയച്ചുതന്നാല്‍ അത് പഠിച്ചിട്ടു വേണം ജീവിതമാര്‍ഗം കണ്ടെത്താന്‍ എന്നായിരുന്നു യുവാവിന്റെ ആവശ്യം. കത്ത് വായിച്ച ഉമ്മിക്ക് സങ്കടമായി. ഭര്‍ത്താവും പറഞ്ഞു. അങ്ങനെ ഒരു പുസ്തകം അയച്ചുകൊടുത്തു. പിന്നീട് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ വീണ്ടും ഒരു കത്തു കിട്ടി. നിങ്ങള്‍ അയച്ചു തന്ന പുസ്തകം വലിയ ഉപകാരമായി. വിഭവങ്ങളെല്ലാം ഉണ്ടാക്കിപ്പഠിച്ച് അതു തൊഴിലാക്കി നല്ല രീതിയില്‍ ജീവിക്കാനാവുന്നതില്‍ സന്തോഷമുണ്ട് എന്നു പറഞ്ഞായിരുന്നു ആ കത്ത്.
ഇത് വിവരിക്കുമ്പോള്‍ ഉമ്മിയുടെ കണ്ണുകള്‍ക്കു നക്ഷത്രത്തിളക്കം. ഇത്തരം അനുഭവങ്ങളാണ് ഇവര്‍ക്ക് ഏറ്റവും കൂടുതല്‍ ആനന്ദം നല്‍കുന്ന നിമിഷങ്ങള്‍.
ചെന്നൈയിലായിരുന്നപ്പോള്‍ അനാഥാലയങ്ങളില്‍ കുട്ടികളുടെ അമ്മമാര്‍ക്കും വിവിധ ക്ലബ്ബുകള്‍ വഴിയും പാചകക്ലാസുകള്‍ സംഘടിപ്പിക്കുക പതിവായിരുന്നു. അവരില്‍ പലര്‍ക്കും ജീവിതം പച്ച പിടിപ്പിക്കാനുള്ള കച്ചിത്തുരുമ്പായിരുന്നു ഇവ. ചെന്നൈയിലും മലബാര്‍ വിഭവങ്ങള്‍ പഠിക്കാനായിരുന്നത്രേ എല്ലാവര്‍ക്കും താല്‍പ്പര്യം.

UMI-ABDULLAH2മലബാറിലെ പുതിയാപ്ല സല്‍ക്കാരങ്ങളെക്കുറിച്ച് പറയാനേറെയുണ്ട് ഉമ്മിത്താത്തയ്ക്ക്. കണ്ണൂര്‍, തലശ്ശേരി, വടകര, കോഴിക്കോട് നഗരങ്ങളില്‍ ചില ഭാഗങ്ങളില്‍ മരുമക്കത്തായ സമ്പ്രദായമാണ് നിലവിലുളളത്. കല്യാണം കഴിഞ്ഞാലും പെണ്‍മക്കളെ ഭര്‍ത്താവിന്റെ വീട്ടിലേക്കു പറഞ്ഞയക്കില്ല. പുതിയാപ്ല ഭാര്യവീട്ടിലേക്ക് വരും. മണിയറ കൂടാനെത്തുന്ന പുതിയാപ്ലയെ സല്‍ക്കരിക്കാന്‍ ഓരോ ദിവസവും പുതിയപുതിയ അപ്പങ്ങളും പൊരികളും വേണം. അതില്‍ കുറവുവരുത്താന്‍ പാടില്ല. കല്യാണം കഴിഞ്ഞ് ആദ്യ 40 ദിവസം ഭാര്യാവീട്ടിലെത്തുന്ന പുതിയാപ്ലയെ വൈവിധ്യമാര്‍ന്ന പലഹാരങ്ങള്‍ നല്‍കി ഊട്ടണം. ഈ ദിവസങ്ങളിലെല്ലാം രാത്രിയിലും രാവിലെയും വ്യത്യസ്തമായ വിഭവങ്ങളുണ്ടെങ്കിലേ പെണ്‍വീട്ടുകാര്‍ക്കു മനസ്സമാധാനമാവൂ. രാവിലെ പ്രാതലിന് നാലിനം പത്തിരികളെങ്കിലും നിര്‍ബന്ധമാണ്. ആഭിജാത്യത്തിന്റെയും തറവാടിത്തത്തിന്റെയും പ്രതീകങ്ങളായിരുന്നു വിഭവസമൃദ്ധമായ ഈ ഭക്ഷണത്തളിക.
പുതിയാപ്ലയുടെ മനം നിറയാതെ വന്നാല്‍ പെണ്ണിന്റെ ജീവിതം താറുമാറാവുമോ എന്ന ഭയവുമുണ്ടായിരുന്നു. കോഴി മുഴുവനായി പൊരിച്ചാണ് തളികയില്‍ വയ്ക്കുക. ചുറ്റുമുളളവര്‍ പിടിച്ചുപറിച്ചു കഴിക്കും.

ആദ്യത്തെ എട്ടു ദിവസത്തേക്ക് പുതിയാപ്ലയ്ക്ക് മീന്‍ പോലും നല്‍കില്ല. ആട്, കോഴി, ബീഫ്, മുട്ട എന്നിവയിലുള്ള വിഭവങ്ങള്‍ മാറ്റിമാറ്റി നല്‍കും. എട്ടാം ദിവസം പുതിയാപ്ല ഭാര്യവീട്ടിലേക്ക് മീന്‍ വാങ്ങി വരും. അതിനു ശേഷമാണ് മീന്‍ വിഭവങ്ങള്‍ നല്‍കുക.
കൂടാതെ, വിശേഷാവസരങ്ങളിലും നോമ്പുകാലങ്ങളിലുമെല്ലാം ഭര്‍ത്താവിന്റെ വീട്ടിലേക്ക് വിഭവങ്ങള്‍ കൊടുത്തയക്കുകയും വീട്ടുകാരെയും സുഹൃത്തുക്കളെയും സല്‍ക്കരിക്കുകയും ചെയ്യും. പുതിയാപ്ലയുടെ വീട്ടില്‍ മരണമുണ്ടായാല്‍ പോലും ഭക്ഷണമുണ്ടാക്കി കൊടുത്തയക്കും. നോമ്പിന് ഓരോ പത്തില്‍ ഓരോരോ രീതിയിലുള്ള വിഭവങ്ങളാണ് കൊടുത്തയക്കുക. കൂടാതെ, അരിപ്പൊടിയും പലവ്യഞ്ജനങ്ങളും കൊടുത്തയക്കുന്ന ശീലവും മലബാറിലുണ്ട്.

ഭക്ഷണത്തോടൊപ്പം സ്‌നേഹം കൂടി വിളമ്പുന്നതായിരുന്നു മലബാറുകാരു
ടെ സംസ്‌കാരം. സുപ്ര വിരിച്ച് തളികയില്‍ ഭക്ഷണം വിളമ്പി ആളുകള്‍ ചുറ്റും കൂടിയിരുന്നായിരുന്നു കഴിക്കുക. അതിഥിയും ആതിഥേയനും ഒരു പാത്രത്തില്‍ നിന്ന് ഭക്ഷണത്തോടൊപ്പം സ്‌നേഹവും പങ്കുവയ്ക്കുകയായിരുന്നു ഇവിടെ. ഒറ്റയ്‌ക്കൊറ്റയ്ക്കു ഭക്ഷണം വിളമ്പുകയേ ഇല്ല. ഭക്ഷണത്തിനു മുമ്പു തന്നെ മധുരം വിളമ്പിയാണ് അതിഥികളെ സല്‍ക്കരിക്കുക. വീട്ടിലെത്തുന്നവരെ വലുപ്പച്ചെറുപ്പം നോക്കാതെ വിരുന്നൂട്ടി ശേഷം വെറ്റിലത്താലമെടുത്ത് മുറുക്കാനും ഇടിച്ചുകൊടുത്താണ് പറഞ്ഞുവിടുക. കച്ചവടത്തിനായി മലബാറിലെത്തിയ അറബികളില്‍നിന്നു പകര്‍ന്നുകിട്ടിയതാണ് ഈ സല്‍ക്കാരശീലം.

ഉമ്മി അബ്ദുല്ലയുടെ ആദ്യ കൃതിയായ മലബാര്‍ പാചകവിധിക്ക് അവതാരിക എഴുതിയത് ചില്ലറക്കാരനല്ല, ഉഗ്രന്‍ പാചക വിദഗ്ധനായ വൈക്കം മുഹമ്മദ് ബഷീറാണ്. അതില്‍ അദ്ദേഹം പറയുന്നത് ഇങ്ങനെ: മലബാര്‍ മുസ്‌ലിം കുക്കറി. ഒരു കോപ്പി എനിക്കും അയച്ചുതന്നിട്ടുണ്ട്. ഉള്ളതു പറയാമല്ലോ. പുസ്തകം കൊളളാം. നല്ല കടലാസ്, നല്ല അച്ചടി, നല്ല ഗറ്റപ്പ്, പുസ്തകത്തില്‍ കാണിച്ചിട്ടുള്ള വിഭവങ്ങള്‍ എല്ലാം ഓരോന്നായി എന്റെ കാട്ടു മലബാറിച്ചി കളത്രം, ശ്രദ്ധയോടെ പാകപ്പെടുത്തി, ഈ സുല്‍ത്താന്‍ എമങ് കുക്‌സിനു തന്നു.

ഞാന്‍ വിമര്‍ശനബുദ്ധിയോടെ രുചിച്ചു നോക്കി. എല്ലാം എ വണ്‍. ഈ പുസ്തകം ഓരോ വീട്ടിലും ഓരോ ഹോട്ടലിലും ഓരോ എംഎല്‍എ ക്വാര്‍ട്ടേഴ്‌സിലും ഓരോ മന്ത്രി ഭവനത്തിലും ഓരോ ഗവര്‍ണര്‍മന്ദിരത്തിലും ഉണ്ടായിരിക്കേണ്ടതാണ്. പാചകകലയില്‍ സാക്ഷാല്‍ നളന്റെ പെങ്ങളാണല്ലോ ഉമ്മി അബ്ദുല്ല. ചൂടുപറക്കുന്ന സുന്ദര സുഗന്ധബിരിയാണി തിന്നുമ്പോള്‍ ഏവരും ഉമ്മി അബ്ദുല്ലയെ ഓര്‍മിക്കും. ബഷീര്‍ മാത്രമല്ല. തിക്കോടിയന്‍, എംടി വാസുദേവന്‍ നായര്‍ തുടങ്ങി ഭര്‍ത്താവിന്റെ സുഹൃത്തുക്കളായ സാഹിത്യകാരന്‍മാര്‍ പലരും അനുഭവിച്ചിട്ടുണ്ട് ഉമ്മി അബ്ദുല്ലയുടെ കൈപുണ്യം.

മലബാറിലെ മഹിളാമണികളെ പാചകറാണികളാക്കിയ ആദ്യത്തെ മാപ്പിള പാചക എഴുത്തുകാരി. അടുക്കളയില്‍ ഉമ്മമാരുടെ കൈവിരല്‍ത്തുമ്പിലൂടെയും വാമൊഴികളിലൂടെയും കൈമാറിയ മാപ്പിള രുചിക്കൂട്ടുകളുടെ രഹസ്യങ്ങള്‍ കേര്‍ത്തിണക്കി പുസ്തകമാക്കിയ കേരളത്തിലെ ആദ്യത്തെ മുസ്‌ലിം വനിത. അതും 34 വര്‍ഷം മുമ്പ്. മനസ്സ് അസ്വസ്ഥമാവുമ്പോള്‍ ഉമ്മി അബ്ദുല്ല പതുക്കെ അടുക്കളയിലേക്കിറങ്ങും. നല്ല കടുപ്പത്തില്‍ ഒരു ചായ ഉണ്ടാക്കി കുടിക്കാനല്ല, കൊതിയൂറുന്ന നല്ലൊരു വിഭവമുണ്ടാക്കി അപ്പോള്‍ മുന്നില്‍ കാണുന്നവര്‍ക്ക് വിളമ്പിക്കൊടുക്കാന്‍. അങ്ങനെ സ്വന്തം മനസ്സിനെ തണുപ്പിക്കുന്നതിനൊപ്പം മറ്റുള്ളവരുടെ മനസ്സു കൂടി ആനന്ദത്തിലാക്കി സ്വയം നിര്‍വൃതിയടയും

 

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day