|    Oct 17 Tue, 2017 7:18 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

നല്ലളം ഡീസല്‍ പവര്‍ പ്ലാന്റിലെ ക്രമക്കേട്: ത്വരിത പരിശോധന തുടങ്ങി

Published : 27th October 2016 | Posted By: SMR

കോഴിക്കോട്: കമ്മീഷന്‍ ചെയ്തതുമുതല്‍ സര്‍ക്കാരിന് കോടിക്കണക്കിനു രൂപയുടെ നഷ്ടം വരുത്തിക്കൊണ്ടിരിക്കുന്ന കോഴിക്കോട് ഡീസല്‍ പവര്‍ പ്രൊജക്ടിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് വിജിലന്‍സ് ത്വരിത പരിശോധന തുടങ്ങി. കെഎസ്ഇബിക്കു കീഴില്‍ കമ്മീഷന്‍ ചെയ്ത നല്ലളം ഡീസല്‍ നിലയത്തില്‍ സ്‌പെയര്‍ പാര്‍ട്‌സുകള്‍ വാങ്ങിക്കുന്നതിലും മറ്റും വന്‍ ക്രമക്കേട് നടക്കുന്നതായി ചൂണ്ടിക്കാട്ടി വിവരാവകാശ പ്രവര്‍ത്തകനായ കെ വി ഷാജി വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ച പരാതിയിലാണ് ത്വരിത പരിശോധന.
പ്ലാന്റിലേക്ക് വാങ്ങിക്കൊണ്ടിരിക്കുന്ന എക്‌സോസ്റ്റിങ് ഗ്യാസ് ബെല്ലോയുടെ ഇടപാടില്‍ വര്‍ഷങ്ങളായി വന്‍ ക്രമക്കേട് നടക്കുന്നതായി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഫിന്‍ലാന്‍ഡ് ആസ്ഥാനമായ വാട്‌സില സ്ഥാപനത്തില്‍ നിന്ന് രണ്ടര ലക്ഷം രൂപയ്ക്കാണ് ഗ്യാസ് ബെല്ലോകള്‍ വാങ്ങിക്കൊണ്ടിരിക്കുന്നത്. ഇതേ കുറഞ്ഞ വിലയ്ക്ക് നല്‍കാമെന്ന് എംബി മെറ്റാലി, വിറ്റ്‌സെന്‍മാന്‍ എന്നീ സ്ഥാപനങ്ങള്‍ രേഖാമൂലം അറിയിച്ചിട്ടും ഒഴിവാക്കിയാണ് ഫിന്‍ലാന്‍ഡില്‍ നിന്നും ഇറക്കുമതി ചെയ്യുന്നത്.
വാട്‌സില വിതരണം ചെയ്യുന്ന ബെല്ലോകളുടെ മെറ്റീരിയലുകള്‍ കൊച്ചി ഷിപ്പ് യാര്‍ഡില്‍ പരിശോധനയ്ക്ക് വിധേയമാക്കിയതില്‍ ഇവ ഗുണനിലവാരമില്ലാത്ത വസ്തുക്കള്‍ കൊണ്ടാണ് നിര്‍മിച്ചിട്ടുള്ളതെന്ന് തെളിഞ്ഞിരുന്നു.
ഈ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, വാട്‌സിലയില്‍ നിന്നും ഉല്‍പന്നങ്ങള്‍ വാങ്ങരുതെന്ന് ബന്ധപ്പെട്ട അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ നിര്‍ദേശത്തെ മറികടന്നാണ് ഇപ്പോഴും സ്‌പെയര്‍പാര്‍ട്‌സുകള്‍ വാങ്ങുന്നതെന്നും പരാതിക്കാരന്‍ ആരോപിച്ചു.
ഉദ്യോഗസ്ഥര്‍ക്ക് വലിയ കമ്മീഷന്‍ ലഭിക്കുന്നുണ്ട്. ബെല്ലോകള്‍ക്ക് വാറന്റി ഉണ്ടായിട്ടും ക്ലെയിം ചെയ്യാതെ പുതിയവ വാങ്ങിക്കുന്നതുവഴി സര്‍ക്കാരിന് കോടികളുടെ നഷ്ടം വന്നതായും പരാതിയില്‍ പറഞ്ഞിട്ടുണ്ട്. വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്ക് സ്‌പെയര്‍പാര്‍ട്‌സുകള്‍ വാങ്ങിക്കുന്നതിലും, അപ്രന്റീസ് നിയമനങ്ങളിലും ക്രമക്കേട് നടന്നതായും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ബന്ധപ്പെട്ട രേഖകള്‍ ലഭിക്കുന്നതിന് വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചിരുന്നെങ്കിലും, നിയമവിരുദ്ധമായി രേഖകള്‍ നിഷേധിക്കുകയായിരുന്നു. തുടര്‍ന്നാണ് കെ വി ഷാജി, ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കണമെന്നു കാട്ടി വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്. പ്രാഥമിക അന്വേഷണത്തില്‍ പരാതിയില്‍ വസ്തുതയുണ്ടെ€ന്നതിനെ  തുടര്‍ന്നാണ് ത്വരിതാന്വേഷണത്തിന് ഉത്തരവായത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക