|    Aug 16 Thu, 2018 11:24 pm
Home   >  Todays Paper  >  page 12  >  

നല്ലനടപ്പ് നിയമം പരിഷ്‌കരിക്കാന്‍ ഉപദേശക സമിതി തീരുമാനം

Published : 10th August 2018 | Posted By: kasim kzm

തിരുവനന്തപുരം: കേരളത്തി ല്‍ വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരുടെ സാമൂഹിക നീതി ഉറപ്പാക്കുന്നതിന്റെ ഭാഗമായി നല്ലനടപ്പ് (പ്രൊബേഷന്‍) നിയമത്തിന്റെ ചട്ടങ്ങള്‍ പരിഷ്‌കരിക്കാന്‍ മന്ത്രി കെ കെ ശൈലജയുടെ അധ്യക്ഷതയില്‍ നടന്ന പ്രൊബേഷന്‍ ഉപദേശക സമിതി യോഗത്തില്‍ തീരുമാനം.
സാമൂഹിക നീതി വകുപ്പിനു കീഴില്‍ ശക്തമായ സാമൂഹിക പ്രതിരോധ സംവിധാനം രൂപപ്പെടുത്താന്‍ 1960ലെ നല്ലനടപ്പ് ചട്ടങ്ങള്‍ പരിഷ്‌കരിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി സപ്തംബര്‍ രണ്ടാം വാരം കോടതി, ജയില്‍, പോലിസ്, സന്നദ്ധ സംഘടനകള്‍, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയെ ഉള്‍പ്പെടുത്തി പ്രത്യേക ശില്‍പശാല സംഘടിപ്പിക്കും. ക്രിമിനോളജി വിഭാഗത്തിന്റെ സഹായത്തോടെയുള്ള ഗവേഷണങ്ങള്‍ക്ക് സര്‍ക്കാര്‍ നേതൃത്വം നല്‍കും. നിലവിലുള്ള പ്രൊബേഷന്‍ സംവിധാനത്തെ ശക്തിപ്പെടുത്താനായി മേല്‍നോട്ട സംവിധാനം വകുപ്പുതലത്തിലും നീതിന്യായതലത്തിലും രൂപപ്പെടുത്തും. ബന്ധപ്പെട്ട സംവിധാനങ്ങള്‍ക്കെല്ലാം പ്രൊബേഷന്‍ സംവിധാനം ശക്തിപ്പെടുത്താനുള്ള പരിശീലനം നല്‍കുകയും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
ചെറിയ കുറ്റങ്ങള്‍ ചെയ്യുന്നവരെ ജയിലിലടച്ച് അവരുടെ മനോനില തകര്‍ക്കാതെ സാമൂഹിക സേവനത്തിലൂടെ അവരെ നല്ല പൗരന്‍മാരായി ഉയര്‍ത്തുന്ന സാമൂഹിക സേവന നിയമം ആവിഷ്‌കരിക്കേണ്ടതുണ്ട്. കേസില്‍ ഇരകളാവുന്നവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സാമൂഹിക സുരക്ഷ ഉറപ്പാക്കാനായി ആധുനിക സാമൂഹിക മനഃശാസ്ത്ര സമീപനം ഉള്‍പ്പെടുത്തി സംസ്ഥാനത്ത് പ്രത്യേക സ്‌കീം ഒരുക്കും. ജയിലുകള്‍ നിറയുന്ന അവസ്ഥയില്‍ നിന്നു സംസ്ഥാനത്തെ മോചിപ്പിക്കണം. കേസില്‍ പെടുന്നവരെയും ഇരകളായവരെയും അവരുടെ കുടുംബാംഗങ്ങളെയും അനുദിനം ഇടപെട്ട് അവരെ മുഖ്യധാരയിലേക്കു കൊണ്ടുവരാനുള്ള പദ്ധതിയാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്. ഇതിനു ജില്ലാ പ്രൊബേഷന്‍ ഓഫിസുകളുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം.
ജയില്‍ ഡിജിപി ശ്രീലേഖ, ഐജി ശ്രീജിത്ത്, സാമൂഹിക നീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ ജാഫര്‍ മാലിക്, അഡീഷനല്‍ ഡയറക്ടര്‍ സുരേന്ദ്ര കുമാര്‍, പ്രൊബേഷന്‍ ഉപദേശക സമിതി അംഗങ്ങളായ ഡോ. ജേക്കബ് ജോര്‍ജ്, അഡ്വ. ഷാനവാസ് ഖാന്‍, സുനില്‍ സുഭാഷ് കുമാര്‍, സുബൈര്‍ കെ കെ യോഗത്തില്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss