|    Jan 16 Mon, 2017 4:43 pm

നറുകര വില്ലേജിലെ റീസര്‍വേ അപാകത: കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു

Published : 9th April 2016 | Posted By: SMR

മഞ്ചേരി: നറുകര വില്ലേജ് ഓഫിസില്‍ റീസര്‍വേ അപാകത തീര്‍ക്കുന്നതിനായി പണം വാങ്ങിയ ഉദ്യോഗസ്ഥരെ തിരുവനന്തപുരം ലാന്റ് റവന്യു കമ്മീഷണര്‍ എം സി മോഹന്‍ദാസ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. സ്‌പെഷ്യല്‍ ഓഫിസര്‍ എ പി അബ്ദുല്‍ അബ്ബാസ്, ഏറനാട് താലൂക്ക് സര്‍വേയര്‍ ജയകുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. ജീവനക്കാരെ സ്ഥലം മാറ്റിയെന്ന കലക്ടറുടെ അറിയിപ്പ് രേഖാമൂലം തയ്യാറാവുന്നതിനിടെയാണ് മുന്‍ മലപ്പുറം ജില്ലാ കലക്ടര്‍ കുടിയായ മോഹന്‍ദാസിന്റെ കൃത്യതയാര്‍ന്ന നടപടി.
ഉദ്യോഗസ്ഥര്‍ക്കെതിരേ പിന്നീട് സബ് കലക്ടര്‍ ജാഫര്‍ മാലിക്കിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തും. വില്ലേജ് ഓഫിസിലെ പ്രശ്‌നങ്ങള്‍ സ്‌പെഷ്യല്‍ അദാലത്തിലൂടെ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ മാസങ്ങളായി ജനകീയ സമരം നടത്തി വരുന്നതിനിടെയാണ് ഉദ്യോഗസ്ഥര്‍ പിടിക്കപ്പെടുന്നത്. കൈക്കൂലി വാങ്ങുന്ന ദൃശ്യം സ്വകാര്യ ചാനല്‍ പുറത്തു വിട്ടതോടെയാണ് അധികൃതര്‍ കണ്ണ് തുറന്നത്. നറുകര സ്വദേശിയില്‍ നിന്നു സ്‌പെഷ്യല്‍ ഓഫിസറും സര്‍വേയറും 3000 രൂപ വീതം കൈക്കൂലി വാങ്ങുകയായിരുന്നു. താലൂക്ക് സര്‍വെയര്‍ ജയകുമാറിന്റെ പിന്‍ബലത്തിലാണത്രെ താലൂക്ക് ഓഫിസില്‍ നിന്നു രേഖകള്‍ തയ്യാറാക്കിക്കൊടുത്തിരുന്നത്.
എസ്ഡിപിഐ മഞ്ചേരി മുനിസിപ്പല്‍ കമ്മിറ്റിയുടെ കടുത്ത പ്രതിഷേധിച്ചതോടെ കലക്ടര്‍, എഡിഎം എന്നിവര്‍ നടപടിയെടുക്കുമെന്ന് ഉറപ്പു പറഞ്ഞതിനെത്തുടര്‍ന്നാണ് സമരക്കാര്‍ പിന്‍വാങ്ങിയത്. ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതോടെ പാവപ്പെട്ട നാട്ടുകാര്‍ക്ക് ആശ്വാസമായിട്ടുണ്ട്.
ജനകീയ സമരത്തിന്റെ വിജയം
മഞ്ചേരി: നറുകര വില്ലേജ് ഓഫിസിലെ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതിലൂടെ വിജയം കണ്ടത് എസ്ഡിപിഐയുടെ ഏറെനാളത്തെ ജനകീയ സമരം. ഉദ്യോഗസ്ഥര്‍ക്കെതിരേ പ്രക്ഷോഭ പരിപാടിക്ക് എസ്ഡിപിഐ മാസങ്ങള്‍ക്ക് മുമ്പേ പദ്ധതി തയ്യാറാക്കിയിരുന്നു. ജനങ്ങളെ ബോധവല്‍കരിക്കാന്‍ പ്രചാരണ വാഹന ജാഥ, നോട്ടീസ് വിതരണം, ഉപരോധം, കുത്തിയിരിപ്പു സമരം തുടങ്ങിയവയും നടത്തി.
വില്ലേജില്‍ റീസര്‍വേ നടത്തിയത് ജനങ്ങളുടെ രേഖകള്‍ പ്രകാരമാണെന്ന പ്രധാന പരാതിയില്‍ അന്വേഷണം നടത്തിയ പാര്‍ട്ടി വിവരാവകാശം വഴി നിരവധി രേഖകള്‍ ശേഖരിച്ചു. തണ്ടപ്പേര്, വിസ്തീര്‍ണം തുടങ്ങിയവയിലെ മാറ്റം മൂലം ഭുവുടമകള്‍ക്ക് നികുതിയടക്കാന്‍ കഴിയാഞ്ഞിട്ടും മറ്റു രാഷ്ട്രീയ നേതാക്കള്‍ തിരിഞ്ഞു നോക്കിയിരുന്നില്ല. തുടര്‍ന്നാണ് എസ്ഡിപിഐ നാട്ടുകാരുടെ പിന്തുണയില്‍ സമരം ഏറ്റെടുത്തത്. 79 ജീവനക്കാരെ വച്ച് നടത്തിയ സര്‍വേയില്‍ വില്ലേജ് ഓഫിസിലെ രേഖകളുപയോഗിക്കാതെ ഉടമകളുടെ നിര്‍ദേശ പ്രകാരം അളക്കുകയായിരുന്നുവെന്ന് നേരിട്ടും അല്ലാതെയും പ്രവര്‍ത്തകര്‍ വിവരം ശേഖരിച്ചു. എസ്ഡിപിഐ മഞ്ചേരി മുനിസിപ്പല്‍ പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് വല്ലാഞ്ചിറക്ക് ലഭിച്ച വിവരാവകാശ മറുപടിയാണു പ്രധാന പിടിവള്ളിയായത്. 1042 പേര്‍ സര്‍വേ അപാകത പരിഹരിക്കണമെന്നാവശ്യവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍, ഇതുവരെ വെറും 19 പേരുടെത് മാത്രമാണ് അധികൃതര്‍ പരിഹരിച്ചതെന്ന് വിവരാവകാശ മറുപടിയില്‍ ലഭിച്ചു. അതേസമയം, 2015 ഏപ്രില്‍ മുതല്‍ ജനുവരി വരെ 2000 ഓളം പേര്‍ തങ്ങളുടെ സര്‍വെയിലുള്ള അപാകത അറിഞ്ഞിരുന്നു. വില്ലേജ് ഓഫിസ് നില്‍ക്കുന്ന സ്ഥലം പോലും റീസര്‍വെയില്‍ മറ്റൊരു സ്ഥലത്തായത് അധികൃതരെ നാണം കെടുത്തി. അന്ന് റീസര്‍വെ നടത്തിയത് സര്‍ക്കാര്‍ ചെലവിലായിരുന്നില്ല. ദിവസങ്ങളോളം ജീവനക്കാര്‍ക്കുള്ള ഭക്ഷണ ചെലവുകള്‍ സ്ഥലഉടമകള്‍ നല്‍കിയിരുന്നു. രണ്ട് മാസം കൊണ്ട് ധൃതി പിടിച്ച് നടത്തിയ സര്‍വേയിലാണ് അപാകതകള്‍ കയറിക്കൂടിയത്.
ഇതിന്റെ പരിണിത ഫലങ്ങള്‍ നാട്ടുകാര്‍ അനുഭവിക്കുന്നതിനിടെയാണ് കൈക്കൂലിക്കാര്‍ പിടിയിലാവുന്നത്. ഏകദേശം 60,000 ഓളം ജനസംഖ്യയാണ് ഈ വില്ലേജിലുള്ളത്. ഇപ്പോഴുള്ള സ്ഥിതി തുടര്‍ന്നാല്‍ പ്രശ്‌നം പരിഹരിക്കാന്‍ 10 വര്‍ഷമെങ്കിലും ഭുവുടമകള്‍ നെട്ടോട്ടമോടേണ്ടി വരുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനാല്‍ സ്‌പെഷ്യല്‍ അദാലത്തിലൂടെ പ്രശ്‌നം പരിഹരിക്കുന്നത് വരെ സമര രംഗത്തുണ്ടാവുമെന്ന് എസ്ഡിപിഐ ഭാരവാഹികള്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 60 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക