|    Jul 18 Wed, 2018 12:41 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

നര്‍മദ ബചാവോ ആന്ദോളന്‍ : ഇന്ത്യന്‍ ഹരിതരാഷ്ട്രീയത്തിന്റെ ചെറുത്തുനില്‍പ്

Published : 11th August 2017 | Posted By: fsq

 

കോഴിക്കോട്:രാജ്യത്തെ വരള്‍ച്ചബാധിത സംസ്ഥാനങ്ങളായ ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളിലേക്ക് ജലസേചനം ത്വരിതപ്പെടുത്തുക, രാജ്യത്തിന്റെ ഊര്‍ജ ദൗര്‍ലഭ്യം പരിഹരിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് 1940കളില്‍ നര്‍മദാവാലി വികസനപദ്ധതിയുടെ രൂപരേഖ തയ്യാറാവുന്നത്.  നര്‍മദ നദിക്കു കുറുകെ 30 വലിയ അണക്കെട്ടുകള്‍, 135 ഇടത്തരം അണക്കെട്ടുകള്‍, 3000 ചെറിയ അണക്കെട്ടുകള്‍ എന്നിങ്ങനെ നിര്‍മിക്കാന്‍ ഇതു പ്രകാരം ആസൂത്രണം ചെയ്തു. പദ്ധതികള്‍ നടപ്പാവുന്നതോടെ ആവാസവ്യവസ്ഥയ്ക്കും ഉപജീവനത്തിനും കോട്ടം തട്ടുന്ന രണ്ടര ലക്ഷം പേര്‍ നാലു സംസ്ഥാനങ്ങളിലുമായുണ്ടായിരുന്നു. ഇവരുടെ പുനരധിവാസത്തിനോ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കോ വേണ്ടി സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. 1980ല്‍ സര്‍ദാര്‍ സരോവര്‍ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇതിനകം തന്നെ നര്‍മദ പദ്ധതികള്‍ സൃഷ്ടിച്ചേക്കാവുന്ന പാരിസ്ഥിതിക-സാംസ്‌കാരിക ആഘാതങ്ങളെക്കുറിച്ച് ഇന്ത്യയിലൊട്ടാകെയും ആഗോളതലത്തിലും ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. വിവിധ മേഖലകളിലായി പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റുകളും സര്‍ക്കാരിതര സംഘടനകളുമെല്ലാം ലോകബാങ്കിനെ ഈ പദ്ധതിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. ലോകബാങ്ക് 450 ദശലക്ഷം ഡോളര്‍ പദ്ധതിക്കായി അനുവദിച്ചു. 1985ല്‍ അണക്കെട്ട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ വന്ന മേധ പട്കറും സംഘവും കണ്ടത്, വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവിനെ തുടര്‍ന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ പഠിച്ച മേധ പട്കര്‍,  മിക്ക നിബന്ധനകളും പാലിക്കാതെയാണ് പദ്ധതിയെന്നു  മനസ്സിലാക്കി പ്രശ്‌നം മുഖ്യധാരയിലെത്തിച്ചു. മേധ പട്കറുടെയും സംഘത്തിന്റെയും 22 ദിവസം നീണ്ട നിരാഹാര സമരത്തെയും വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സമ്മര്‍ദത്തെയും തുടര്‍ന്ന് ലോകബാങ്ക് സര്‍ദാര്‍ സരോവര്‍ പദ്ധതിയെക്കുറിച്ച് പഠിക്കുന്നതിനായി തികച്ചും സ്വതന്ത്രമായ മോഴ്‌സ് കമ്മീഷന്‍ രൂപീകരിച്ചു. കമ്മീഷന്‍ റിപോര്‍ട്ട് പുറത്തുവന്നതോടെ പദ്ധതിയില്‍ നിന്നു പിന്മാറിയ ലോകബാങ്ക് പദ്ധതിക്കായി ആളുകളെ ഒഴിപ്പിക്കുന്നതിനെതിരേയും നിലകൊണ്ടു. എങ്കിലും ഇന്ത്യാ ഗവണ്‍മെന്റ് 1999ല്‍ നിര്‍മാണം പുനരാരംഭിച്ചു. 1989ലാണ് നര്‍മദ ബചാവോ ആന്ദോളന്‍ ഔപചാരികമായി രൂപീകരിക്കുന്നത്. ഗാന്ധിയന്‍ സമരമാര്‍ഗങ്ങളിലൂടെ നര്‍മദയുടെ രക്ഷയ്ക്കായി ഇറങ്ങിയ ഇവരെ വിവിധ കാലങ്ങളിലായി, വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളും സര്‍ക്കാരുകളും എതിര്‍ത്തുകൊണ്ടേയിരുന്നു.  2025ഓടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്ന പദ്ധതിക്കു വേണ്ടി കുടിയിറക്കപ്പെട്ടവര്‍ ഇന്നും പുനരധിവസിപ്പിക്കപ്പെട്ടിട്ടില്ല. മേധ പട്കറും സംഘവും ഇന്നും പ്രവര്‍ത്തിക്കുക തന്നെയാണ്. ഏറ്റവും അടുത്തായി, 12 ദിവസം നീണ്ട നിരാഹാര സമരത്തിനിടെ മഹാരാഷ്ട്ര പോലിസ് മേധയെയും കൂട്ടരെയും അറസ്റ്റ് ചെയ്ത് നീക്കുമ്പോള്‍ അവരുടെ പ്രതികരണമിങ്ങനെ:”””ന്യായത്തിനായി, സമാധാനപരമായി സമരം ചെയ്തവരോട് സര്‍ക്കാരിന്റെ മറുപടി ഞങ്ങളെ അറസ്റ്റ് ചെയ്തുകൊണ്ടുള്ളതാണ്. അങ്ങനെ അംബേദ്കറുടെ ഭരണഘടനയും ഗാന്ധിജി സ്വപ്‌നം കണ്ട ഇന്ത്യയും കൊല ചെയ്യപ്പെടുകയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss