|    Oct 21 Sun, 2018 1:35 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

നര്‍മദ അണക്കെട്ട് രാജ്യത്തിന് സമര്‍പ്പിച്ചു

Published : 18th September 2017 | Posted By: fsq

 

അഹ്മദാബാദ്: ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ അണക്കെട്ടായ സര്‍ദാര്‍ സരോവര്‍ അണക്കെട്ട് പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിച്ചു. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ക്ക് പ്രയോജനം ലഭിക്കുമെന്നു കണക്കാക്കുന്ന പദ്ധതിക്ക് 56 വര്‍ഷം മുമ്പ് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണ് തറക്കല്ലിട്ടത്. പ്രധാനമന്ത്രി മോദിയുടെ 67ാമത് ജന്മദിനത്തിലാണ് പദ്ധതി ഉദ്ഘാടനം ചെയ്തതെന്ന പ്രത്യേകതയും ചടങ്ങിനുണ്ട്. അണക്കെട്ടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത് കടുത്ത വെല്ലുവിളികള്‍ അതിജീവിച്ചായിരുന്നുവെന്ന് മോദി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. പദ്ധതിക്കുള്ള സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത ലോകബാങ്ക് ഇതില്‍ നിന്നു പിന്‍മാറി. നിശ്ചയദാര്‍ഢ്യം ഒന്നുകൊണ്ടു മാത്രമാണ് ഇതുപോലൊരു വന്‍ പദ്ധതി സ്വന്തം നിലയില്‍ പൂര്‍ത്തിയാക്കാനായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിരവധി ആരോപണങ്ങള്‍ ഉയര്‍ത്തി പദ്ധതി തകര്‍ക്കാന്‍ വന്‍ ഗൂഢാലോചനകള്‍ നടന്നു. അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ തനിക്കറിയാം. പക്ഷേ, അവരുടെ പേരുകള്‍ ഇവിടെ പറയുന്നില്ലെന്നും മോദി ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തില്‍ വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ക്ക് പഠനവിഷയമാക്കാവുന്ന എന്‍ജിനീയറിങ് അദ്ഭുതമാണ് സര്‍ദാര്‍ സരോവര്‍ അണക്കെട്ട്. ഇന്ത്യ നേരിടുന്ന പ്രധാന വികസന തടസ്സം ജലദൗര്‍ലഭ്യമാണ്. ഗുജറാത്തില്‍ ഇന്ത്യ-പാക് അതിര്‍ത്തിയിലുള്ള ബിഎസ്എഫ് ജവാന്മാരുടെ ആവശ്യങ്ങള്‍ക്കു വരെ അണക്കെട്ടിലെ വെള്ളം ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ അണക്കെട്ടില്‍ നിന്നുള്ള വൈദ്യുതിയും വെള്ളവും പങ്കിടാവുന്ന രീതിയിലാണ് നിര്‍മാണം. വൈദ്യുതിയുടെ 57% മഹാരാഷ്ട്രയ്ക്കാണ്. മധ്യപ്രദേശിലെ 18 ലക്ഷം ഹെക്ടര്‍ ഭൂമിയില്‍ ജലസേചനം നടത്താം. ഗുജറാത്തിലെ പകുതിയോളം ഗ്രാമങ്ങളിലേക്കും നൂറിലധികം പട്ടണങ്ങളിലേക്കും കനാല്‍ വഴിയും പദ്ധതി പ്രകാരം ജലമെത്തും. 1961ല്‍ തറക്കല്ലിട്ട പദ്ധതി നിരവധി തവണയാണ് വിവിധ കാരണങ്ങളാല്‍ മുടങ്ങിയത്. 1996ല്‍ മേധ പട്കറുടെ നേതൃത്വത്തിലുള്ള നര്‍മദാ ബചാവോ ആന്ദോളന്‍ നേടിയ സ്റ്റേയാണ് ഇതില്‍ ആദ്യത്തേത്. പുനരധിവാസ-പരിസ്ഥിതി പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. 2000 ഒക്ടോബറില്‍ സുപ്രിംകോടതി വീണ്ടും നിര്‍മാണത്തിന് അനുമതി നല്‍കി. കഴിഞ്ഞ ജൂണ്‍ 16ന് അണക്കെട്ടിന്റെ 30 ഷട്ടറുകളും അടച്ച് ജലനിരപ്പുയര്‍ത്താന്‍ ആരംഭിച്ചു. ഇതോടെ മധ്യപ്രദേശിലെ ബര്‍വാനി, ധര്‍ ജില്ലകളിലെ നൂറുകണക്കിനു ഗ്രാമങ്ങള്‍ മുങ്ങി. ഇതിനെതിരേ ഛോട്ടാ ബര്‍ദ ഗ്രാമത്തില്‍ മേധ പട്കറുടെ നേതൃത്വത്തില്‍ സമരം തുടരുന്നതിനിടെയാണ് അണക്കെട്ട് രാജ്യത്തിനു സമര്‍പ്പിക്കുന്നത്. ഗ്രാമീണര്‍ക്കു പുനരധിവാസമോ നഷ്ടപരിഹാരമോ നല്‍കിയിട്ടില്ല. അണക്കെട്ടില്‍ പരമാവധി ജലനിരപ്പ് ആവുന്നതോടെ മധ്യപ്രദേശിലെ 192 ഗ്രാമങ്ങളില്‍ 40,000 കുടുംബങ്ങള്‍ ഭവനരഹിതരാവുമെന്നും സമരക്കാര്‍ പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss