|    Jul 20 Fri, 2018 2:04 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

നരോദപാട്യ കൂട്ടക്കൊല കേസ്‌ : കോഡ്‌നാനിക്ക് അനുകൂലമായി അമിത് ഷാ കോടതിയില്‍

Published : 19th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് വംശഹത്യയുടെ ഭാഗമായി നടന്ന നരോദപാട്യ കൂട്ടക്കൊലക്കേസില്‍ പ്രതിയായ ബിജെപി നേതാവും ഗുജറാത്ത് മന്ത്രിയുമായിരുന്ന മായാ കോഡ്‌നാനിക്ക് അനുകൂലമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കോടതിയില്‍ സാക്ഷിമൊഴി നല്‍കി. 2002 ഫെബ്രുവരി 28നു നടന്ന കൂട്ടക്കൊലക്കേസിന്റെ വാദംകേള്‍ക്കുന്ന അഹ്മദാബാദിലെ പ്രത്യേക കോടതിയില്‍ ഇന്നലെ 11ഓടെയാണു മൊഴിനല്‍കാനായി അമിത് ഷാ എത്തിയത്. 40 മിനിറ്റോളം നീണ്ട മൊഴി രേഖപ്പെടുത്തലിന് ശേഷമാണ് അമിത് ഷാ മടങ്ങിയത്. കൂട്ടക്കൊല നടന്ന ദിവസം എട്ടരയോടെ താന്‍ കോഡ്‌നാനിയെ ഗുജറാത്ത് അസംബ്ലിയില്‍ കണ്ടിരുന്നുവെന്നും ഏകദേശം 11.30ഓടെ സോല സിവില്‍ ആശുപത്രിയില്‍ വച്ചും കണ്ടെന്നാണ് അമിത് ഷാ മൊഴി നല്‍കിയിരിക്കുന്നത്. അതേസമയം, മായാ കോഡ്‌നാനി 8.40ഓടെ ഗുജറാത്ത് അസംബ്ലിയില്‍ നിന്ന് ഇറങ്ങി സംഭവം നടന്ന നരോദ പാട്യയില്‍ 9.30ഓടെ എത്തിയെന്നാണ് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ കുറ്റപത്രത്തില്‍ പറയുന്നത്.  അസംബ്ലിയില്‍ വച്ച് അമിത്ഷായെ കണ്ടിരുന്നുവെന്നു കോഡ്‌നാനി കോടതിയില്‍ പറഞ്ഞിരുന്നില്ല. എന്നാല്‍, ആശുപത്രിയില്‍ നിന്നു കോഡ്‌നാനി എവിടേക്കാണു പോയതെന്നു തനിക്കറിയില്ലെന്നാണ് അമിത് ഷാ, ജസ്റ്റിസ് പി ബി ദേശായി മുമ്പാകെ വ്യക്തമാക്കിയത്. നരോദപാട്യയിലേക്ക് അക്രമിസംഘത്തെയും നയിച്ചുകൊണ്ട് 10ഓടെ മായാ കോട്‌നാനി എത്തിയെന്നാണു ദൃക്‌സാക്ഷികളുടെ മൊഴി. 10.30 വരെ മായാ കോഡ്‌നാനി സംഭവസ്ഥലത്തുണ്ടായിരുന്നുവെന്ന് അവരുടെ മൊബൈല്‍ ടവര്‍ രേഖകള്‍ സഹിതം  അന്വേഷണ സംഘം കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. കേസില്‍  82 പേരാണു വിചാരണ നേരിടുന്നത്. കേസില്‍ 28 വര്‍ഷത്തേക്ക് ഇവരെ കോടതി ശിക്ഷിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss