|    Jan 17 Tue, 2017 3:26 am
FLASH NEWS

നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗവും പാകിസ്താന്റെ പ്രതികരണവും; ബന്ധം വഷളാവുന്നു

Published : 17th August 2016 | Posted By: SMR

സിദ്ദീഖ്  കാപ്പന്‍

ന്യൂഡല്‍ഹി: രാജ്യത്തിന്റെ 70ാം സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കി. പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയിലുള്ള സ്വാതന്ത്ര്യവാദ പ്രവര്‍ത്തനങ്ങളെ മോദി പ്രസംഗത്തിനിടെ പരാമര്‍ശിച്ചതാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണം. ബലൂചിസ്താനിലെ സ്വാതന്ത്ര്യപ്പോരാട്ടങ്ങളെ പിന്തുണച്ച മോദി, ബലൂചിസ്താനിലെയും ഗില്‍ഗിത്തിലെയും പാക് അധീന കശ്മീരിലെയും ജനങ്ങള്‍ തനിക്ക് നന്ദി അറിയിച്ചെന്നും  തന്നെ അംഗീകരിച്ചെന്നും  പറഞ്ഞു.
ബലൂചിസ്താനിലെ പ്രശ്‌നങ്ങള്‍ക്കു കാരണം ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമായ റോയുടെ ഇടപെടലാണെന്ന തങ്ങളുടെ വാദം ശരിവയ്ക്കുന്നതാണ് മോദിയുടെ പ്രസംഗമെന്ന് പാകിസ്താന്‍ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് പ്രതികരിച്ചു. കശ്മീര്‍  പ്രക്ഷോഭത്തില്‍ നിന്നു ശ്രദ്ധ തിരിക്കാനാണ് മോദിയുടെ ശ്രമം. അഞ്ചാഴ്ചയായി കശ്മീരില്‍ ആളുകള്‍ കൊല്ലപ്പെടുകയാണ്. സ്വാതന്ത്ര്യത്തിനു വേണ്ടി  ആയിരക്കണക്കിനു യുവാക്കളാണ് അവിടെ സമരത്തിലുള്ളത്. കശ്മീരിലെയും പാക് അധീന കശ്മീരിലെയും പ്രശ്‌നങ്ങള്‍ ഒരുപോലെയല്ലെന്നും അസീസ് കൂട്ടിച്ചേര്‍ത്തു.
ബലൂചിസ്താനിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ശബ്ദിക്കണമെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ സൂചിപ്പിച്ച നരേന്ദ്ര മോദി, അവിടത്തെ പ്രക്ഷോഭത്തെ ഇന്ത്യ പിന്തുണയ്ക്കുമെന്നും വ്യക്തമാക്കിയിരുന്നു. ബലൂചിസ്താനിലെയും പാക് അധീന കശ്മീരിലെയും ജനങ്ങളുടെ ദുരിതങ്ങള്‍ ഇന്ത്യ വിലയിരുത്തുന്നുണ്ട് എന്നും ഇവരുടെ പിന്തുണ ഇന്ത്യക്കാണെന്നും മോദി പറഞ്ഞതാണ് പാകിസ്താനെ പ്രകോപിപ്പിച്ചത്.
ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ സൈന്യം കൊലപ്പെടുത്തിയതിനെ തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തെ പിന്തുണച്ചും സമരക്കാരെ കൊലപ്പെടുത്തിയ സൈനിക നടപടിയെ വിമര്‍ശിച്ചും പാകിസ്താന്‍ രംഗത്തെത്തിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഉരസലുണ്ടായത്. പിന്നീട് സാര്‍ക് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇസ്‌ലാമാബാദിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിനോട് മോശമായി പെരുമാറിയതില്‍ പ്രതിഷേധിച്ച് അദ്ദേഹം സന്ദര്‍ശനം വെട്ടിച്ചുരുക്കി ഇന്ത്യയിലേക്ക് തിരിച്ചു. തൊട്ടുപിന്നാലെ പാകിസ്താന്റെ സ്വാതന്ത്ര്യദിനാഘോഷം കശ്മീരികള്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് ഇന്ത്യയിലെ പാക് ഹൈ കമ്മീഷണര്‍ അബ്ദുല്‍ ബാസിത് പറഞ്ഞത് സ്ഥിതിഗതികള്‍ വഷളാക്കിയിരിക്കെയാണ് മോദിയുടെ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍.
അതേസമയം, പാകിസ്താനെതിരേ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ രംഗത്തെത്തി. പാകിസ്താനിലേക്ക് പോവുന്നത് നരകത്തിലേക്കു പോവുന്നതിനു തുല്യമാണെന്നും ബലൂചിസ്താനിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കണമെന്നും പരീക്കര്‍ ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളും വാക്‌പോര് തുടരുന്ന പശ്ചാത്തലത്തില്‍ പാകിസ്താനില്‍ അടുത്തയാഴ്ച നടക്കുന്ന സാര്‍ക് യോഗത്തില്‍ നിന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വിട്ടുനില്‍ക്കുമെന്നാണ് റിപോര്‍ട്ടുകള്‍.
അയല്‍രാജ്യങ്ങളിലെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ അഭിപ്രായം പറയുന്നതു ഇന്ത്യയുടെ രീതിയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. ബലൂച് വിഷയം ഉയര്‍ത്തുന്നത് കശ്മീരിന്‍മേലുള്ള നമ്മുടെ അവകാശവാദത്തെ അസ്ഥിരപ്പെടുത്താനേ സഹായിക്കൂ. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ പാകിസ്താന് ഇതു ധൈര്യം നല്‍കും. പാകിസ്താനു മേല്‍ക്കൈ ലഭിക്കുന്ന വിധത്തിലുള്ളതാണ് മോദിയുടെ പ്രസംഗമെന്നും രാഷ്ട്രനേതാവിനു ചേര്‍ന്ന പ്രഭാഷണമല്ല മോദി നടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മോദിയുടെ പ്രസംഗത്തെ ബലൂച് റിപബ്ലിക് പാര്‍ട്ടി നേതാവ് ബ്രഹുംദാ ബഗ്തി സ്വാഗതം ചെയ്തു.
അതിനിടെ, ഇന്ത്യയെ പാഠം പഠിപ്പിക്കാന്‍ കശ്മീരിലേക്ക് സൈന്യത്തെ അയക്കണമെന്ന് ജമാഅത്തുദ്ദഅ്‌വ നേതാവ് ഹാഫിസ് സഈദ് സൈനിക മേധാവി ജനറല്‍ റഹീല്‍ ശരീഫിനോട് ആവശ്യപ്പെട്ടതായി പാക് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക