|    Jan 18 Wed, 2017 11:26 am
FLASH NEWS

നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗം

Published : 18th August 2016 | Posted By: SMR

സ്വാതന്ത്ര്യപ്പുലരിയില്‍ രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ പ്രഭാഷണം സാര്‍വദേശീയതലത്തില്‍ തന്നെ പൊതുവില്‍ ശ്രദ്ധിക്കപ്പെടുന്നതാണ്. 1947 ആഗസ്ത് 15ന് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു നടത്തിയ പ്രഭാഷണം മുതല്‍ ഇന്നുവരെ ഈ പാരമ്പര്യത്തിനു മാറ്റമില്ല. രാജ്യത്തിന്റെ മുന്നോട്ടുള്ള ദിശയെ സംബന്ധിച്ച സൂചനകളും സമൂഹവും ലോകവും നേരിടുന്ന പ്രശ്‌നങ്ങളും ഇന്ത്യ ലോകത്തിനു നല്‍കുന്ന സംഭാവനകളും എല്ലാം അതിന്റെ ഭാഗമായി വരുന്നതാണ്.
ഇക്കാലമത്രയും വിദേശനയസംബന്ധമായ സൂചനകളും പ്രഭാഷണത്തില്‍ ഉണ്ടാകാറുണ്ട്. കശ്മീര്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്താനുമായി നിലനില്‍ക്കുന്ന തര്‍ക്കങ്ങളും അസ്വസ്ഥതകളും മുന്‍കാലങ്ങളിലും പ്രധാനമന്ത്രിമാരുടെ പ്രഭാഷണങ്ങളില്‍ സ്ഥാനം നേടാറുണ്ട്. 1999ല്‍ ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തില്‍, കാര്‍ഗില്‍ പോലുള്ള അതിക്രമങ്ങള്‍ എങ്ങനെയാണ് ദക്ഷിണേഷ്യയുടെയും ലോകത്തിന്റെയും സമാധാനം കെടുത്തുന്ന അസംബന്ധ നടപടികളായി മാറുന്നതെന്ന് പാക് ജനത പരിശോധിക്കണമെന്ന് അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി പ്രസ്താവിക്കുകയുണ്ടായി. പാകിസ്താനുമായുള്ള പ്രശ്‌നങ്ങള്‍ ഡോ. മന്‍മോഹന്‍ സിങിന്റെ സ്വാതന്ത്ര്യദിന പ്രസംഗങ്ങളിലും ഒന്നിലധികം തവണ വിഷയമാവുകയുണ്ടായി.
അതിനാല്‍, ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഭാഷണത്തിലും കശ്മീരും പാകിസ്താനും വിഷയമായതില്‍ അദ്ഭുതമില്ല. എന്നാല്‍, ഇക്കാലമത്രയും നമ്മുടെ രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ അയല്‍പക്കം കൈകടത്തുന്നതിലുള്ള പ്രതിഷേധമായിരുന്നു പ്രധാനമായും ഉന്നയിക്കപ്പെട്ടിരുന്നത്. എന്നാല്‍, ഇത്തവണ ബലൂചിസ്താനിലെ സ്വാതന്ത്ര്യപ്രസ്ഥാനത്തിനു പിന്തുണ നല്‍കുന്ന തരത്തിലുള്ള പ്രഖ്യാപനത്തിലൂടെ അയല്‍രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇന്ത്യ നേരിട്ടു കൈയിടുന്ന പ്രതീതിയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. പൊതുവില്‍ ഇക്കാലമത്രയും ഇന്ത്യ അനുവര്‍ത്തിച്ചുവന്ന വിദേശകാര്യ നയത്തില്‍ നിന്നുള്ള ഒരു വ്യതിചലനമായി പല വിദഗ്ധരും ആ പ്രഭാഷണത്തെ വ്യാഖ്യാനിക്കുകയുമുണ്ടായി.
പാകിസ്താന്‍ പലപ്പോഴും ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നുെണ്ടന്നത് വസ്തുതയാണ്. അക്കാര്യം ഇന്ത്യ നിരന്തരം അന്താരാഷ്ട്ര വേദികളില്‍ ഉന്നയിക്കുന്നതുമാണ്. എന്നാല്‍, ഇന്ത്യക്കെതിരേ പാകിസ്താന്‍ ഉന്നയിച്ചുവരുന്ന ആരോപണങ്ങള്‍ക്ക് സാധൂകരണം നല്‍കുന്ന തരത്തിലുള്ള ചില പ്രഖ്യാപനങ്ങളാണ് പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ഉണ്ടായിരിക്കുന്നത്. അത് ആഭ്യന്തരരംഗത്ത് കൈയടി നേടാനും വരുന്ന തിരഞ്ഞെടുപ്പുകളില്‍ അമിത ദേശാഭിമാന പ്രകടന പരമ്പരയിലൂടെ നേട്ടം കൊയ്യാനും ഒരുപക്ഷേ ഭരണകക്ഷിയെ പ്രാപ്തമാക്കിയേക്കാം. വികസനരംഗത്ത് കാര്യമായ നേട്ടമൊന്നും പറയാനില്ലാത്ത സാഹചര്യത്തില്‍ ഇത്തരത്തിലുള്ള പൊടിക്കൈകള്‍ ഭരണകൂടം പ്രയോഗിക്കുന്നതില്‍ അദ്ഭുതവുമില്ല.
എന്നാല്‍, ഇത് ദക്ഷിണേഷ്യയില്‍ വീണ്ടും ഒരു സംഘര്‍ഷത്തിന്റെ സൂചനയാണ് നല്‍കുന്നതെങ്കില്‍ അത് ഒട്ടും ആശാസ്യമല്ല. സംഘര്‍ഷവും ഏറ്റുമുട്ടലും ഒരു തര്‍ക്കത്തിനും പരിഹാരമാവുകയുമില്ല. അതിനാല്‍, പ്രകോപനം ഒരിക്കലും ഇന്ത്യയുടെ നയമായി അംഗീകരിക്കാവുന്നതുമല്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 126 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക