|    Dec 14 Fri, 2018 9:26 pm
FLASH NEWS

നരേന്ദ്രമോദി സര്‍ക്കാരിന് പഴയ ബ്രിട്ടിഷ് ഭരണകൂട പ്രേതബാധ: ടി എന്‍ പ്രതാപന്‍

Published : 31st May 2018 | Posted By: kasim kzm

തൃശൂര്‍: കഴിഞ്ഞ നൂറ്റാണ്ടില്‍ ഇന്ത്യ ഭരിച്ച ബ്രിട്ടീഷ് ഭരണാധികാരികളുടെ ഏകാധിപത്യ ജനവിരുദ്ധ ഫ്യൂഡല്‍ ഭരണ രീതികളുടെ പ്രേതം, കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിനെ ബാധിച്ചിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് ടി എന്‍ പ്രതാപന്‍ അഭിപ്രായപ്പെട്ടു. അന്യായവും അനിയന്ത്രിതവുമായ പെട്രോള്‍, ഡീസല്‍ വിലവര്‍ധനവിനെതിരെ കോണ്‍ഗ്രസ്സ് ആഹ്വാനം ചെയ്ത പെട്രോള്‍ പമ്പ് ഉപരോധസമരത്തിന്റെ ജില്ലാതല ഉദ്ഘാടനം തൃശൂര്‍ റൗണ്ടില്‍ നിര്‍വ്വഹിക്കുകയായിരുന്നു പ്രതാപന്‍.
സ്വതന്ത്രഭാരതത്തിന്റെ ചരിത്രത്തില്‍ ഇന്നേവരെ ഒരു ഭരണകൂടവും ഇത്രയും ഭീകരമായ നികുതി ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചിട്ടില്ല. പൊതുസമൂഹത്തിന്റെ വിമര്‍ശനങ്ങളും എതിര്‍പ്പും വ്യാപകമായിട്ടും എല്ലാ ദിവസവും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണ്. ഇതേനയം തന്നെയാണ് സംസ്ഥാന സര്‍ക്കാരും തുടരുന്നത്. കേന്ദ്രത്തിന്റെ നികുതിക്ക് തുല്ല്യമായ നികുതിയാണ് സംസ്ഥാന സര്‍ക്കാരും ജനങ്ങളില്‍ നിന്നും പിഴിഞ്ഞെടുക്കുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചെയ്ത മാതൃക പിന്‍തുടര്‍ന്ന് ഇടതുമുന്നണി സര്‍ക്കാര്‍ സംസ്ഥാനത്തിന് ലഭിക്കുന്ന അധിക നികുതി പൂര്‍ണ്ണമായും ഒഴിവാക്കണം. നാമമാത്രമായ നികുതി ഇളവ് നല്‍കുവാനുള്ള നീക്കം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തട്ടിപ്പ് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ സി.എം.എസ്. സ്‌കൂളിന് മുന്‍വശമുള്ള പെട്രോള്‍ പമ്പില്‍ നടത്തിയ ജില്ലാതല ഉദ്ഘാടന ചടങ്ങില്‍ ഡി.സി.സി വൈസ് പ്രസിഡന്റ് ഐ പി പോള്‍ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ എം. എ.രാമകൃഷ്ണന്‍, വിന്‍സെന്റ് കാട്ടൂക്കാരന്‍, കെ. ബി. ശശികുമാര്‍, ഫ്രാന്‍സിസ് ചാലിശ്ശേരി, സദാനന്ദന്‍ വാഴപ്പിള്ളി പ്രസംഗിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss