|    May 1 Mon, 2017 12:18 am
FLASH NEWS

നരേന്ദ്രമോദി പടിയിറങ്ങുംവരെ മുടി വളര്‍ത്തില്ലെന്ന് ചായക്കടക്കാരന്റെ ശപഥം

Published : 29th November 2016 | Posted By: SMR

last-modi

സുധീര്‍ കെ ചന്ദനത്തോപ്പ്

കൊല്ലം: കടയ്ക്കല്‍ സ്വദേശിയായ ചായക്കടക്കാരന്റെ തലയില്‍ ഇനി പകുതി മുടി മാത്രമേ കാണൂ. മുടി വളര്‍ത്തണമെങ്കില്‍ മുന്‍ ചായക്കടക്കാരന്‍കൂടിയായ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധികാരത്തില്‍നിന്നു പുറത്താക്കണം. പ്രധാനമന്ത്രിയുടെ നോട്ട് നിരോധന പ്രഖ്യാപനത്തെ തുടര്‍ന്ന് സമ്പാദ്യം നഷ്ടപ്പെട്ട യഹ്‌യ എന്ന 70 കാരനാണ് ഇത്തരത്തില്‍ ശപഥമെടുത്തിരിക്കുന്നത്.
കടയ്ക്കല്‍ മുക്കുന്നം സ്വദേശിയായ യഹ്‌യക്ക് ഭാര്യയും രണ്ടു പെണ്‍മക്കളുമുണ്ട്. തെങ്ങുകയറ്റവും പാടത്തെ പണിയുംകൊണ്ട് മക്കളെ കെട്ടിച്ചയക്കാനാവാതെ വന്നപ്പോള്‍ ഉള്ളതെല്ലാം വിറ്റുപെറുക്കി ഗള്‍ഫില്‍ പോയി. ഗതിപിടിക്കാതെ വന്നപ്പോള്‍ നാട്ടിലേക്കു തന്നെ മടങ്ങി. കൈയിലുള്ള സമ്പാദ്യവും കടയ്ക്കല്‍ സഹകരണ ബാങ്കിന്റെ വായ്പയുംകൊണ്ട് മക്കളെ കെട്ടിച്ചയച്ചു. തുടര്‍ന്ന് മുക്കുന്നത്ത് തട്ടുകട ആരംഭിച്ചു. ഇങ്ങനെ ജീവിതം ഒരുവിധം തള്ളിനീക്കുമ്പോഴാണ് മോദിയുടെ നോട്ട് നിരോധനം വന്നത്. കൈവശം സമ്പാദ്യമായി ഉണ്ടായിരുന്നത് 1000ന്റെയും 500ന്റെയുമായി 23,000 രൂപ.
നോട്ടുകള്‍ മാറ്റിയെടുക്കാന്‍ രണ്ടുദിവസം ബാങ്കില്‍ വരിനിന്നു. രണ്ടാംനാള്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞ് കുഴഞ്ഞുവീഴാറായപ്പോള്‍ കണ്ടുനിന്നവര്‍ സര്‍ക്കാര്‍ ആശുപത്രിയിലാക്കി. സഹകരണ ബാങ്കിലെ പഴയ വായ്പാ അക്കൗണ്ട് മാത്രമുണ്ടായിരുന്ന അദ്ദേഹത്തിന് അവിടെ നോട്ടിടപാട് നിരോധിച്ചതിനാല്‍ പണം നിക്ഷേപിക്കാനുമായില്ല. തുടര്‍ന്ന് നോട്ടുകളെല്ലാം കത്തിച്ചു ചാരമാക്കി, മുടി പാതിവടിച്ചു. തന്റെ മുഴുവന്‍ അധ്വാനവും സമ്പാദ്യവും ചാരമാക്കിയ മോദിയെ ജനം എന്ന് താഴെയിറക്കുന്നുവോ അന്ന് മാത്രമേ തന്റെ കഷണ്ടിത്തലയിലെ പാതി മുടി വളര്‍ത്തുകയുള്ളൂവെന്ന് ശപഥവുമെടുത്തു.
കേരള സര്‍വകലാശാലയിലെ ചരിത്രാധ്യാപകനായ അഷ്‌റഫ് കടയ്ക്കലാണ് ഒരു തട്ടുകടക്കാരന്റെ മന്‍ കി ബാത്ത് എന്ന പേരില്‍ യഹ്‌യുടെ കഥ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.ഇതിനകം നിരവധി പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day