|    Dec 10 Mon, 2018 2:55 pm
FLASH NEWS
Home   >  Editpage  >  Middlepiece  >  

നരകാസുരവധം മോദിഭരണത്തില്‍

Published : 28th August 2016 | Posted By: SMR

slug-indraprasthamപാകിസ്താനില്‍ പോകുന്നത് നരകത്തില്‍ പോകുന്നതിനു തുല്യമെന്നാണ് പ്രതിരോധമന്ത്രിയായ മനോഹര്‍ പരീക്കര്‍ കണ്ടെത്തിയത്. പണ്ടുകാലത്ത് മടിയന്‍മാരായ കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത് ഒഴിവാക്കാന്‍ പലവിധ വേലത്തരങ്ങള്‍ പ്രയോഗിച്ചിരുന്നു. ഏതാണ്ട് അതേപോലെയാണ് നമ്മുടെ പ്രതിരോധമന്ത്രിയുടെ കാര്യവും.
ഇത്തവണ ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ സംഘടനയായ സാര്‍കിന്റെ മന്ത്രിതല സമ്മേളനം പാകിസ്താനിലാണ് നടന്നത്. സാര്‍ക് പ്രദേശത്തെ രാജ്യങ്ങളുടെ കൂട്ടായ്മയാണ്. പാകിസ്താന്‍ പ്രദേശത്തെ ഒരു രാജ്യവുമാണ്. സമ്മേളനങ്ങള്‍ വരും, പോകും. ഓരോ തവണയും ഓരോ രാജ്യം ആതിഥേയത്വം വഹിക്കും. വിദേശ രാജ്യത്തു നിന്ന് അതിഥികള്‍ വരും. അവര്‍ തമ്മില്‍ പലതരം ഭിന്നതകളും കലഹങ്ങളും ഉണ്ടെന്നതു പുതിയ കാര്യമല്ല. പക്ഷേ, നയതന്ത്രം എന്നു പറഞ്ഞാല്‍ അങ്ങനെയാണ്. ഭിന്നതകള്‍ ഒരു വശത്ത്; യോജിപ്പിനുള്ള വഴികള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ മറുവശത്ത്.
എന്നുവച്ചാല്‍, നയതന്ത്രം എളുപ്പമുള്ള പണിയല്ല. ബുദ്ധിശക്തിയും കഴിവും പ്രതിഭയും ക്ഷമയുമുള്ള കൂട്ടര്‍ക്കാണ് നയതന്ത്രം പറഞ്ഞിരിക്കുന്നത്. അതിനു കഴിവില്ലാത്തവര്‍ സ്‌കൂളില്‍ പോകാന്‍ മടിയുള്ള കുട്ടിയെപ്പോലെ, പോകുന്ന വഴിയില്‍ കടിക്കുന്ന പട്ടിയുണ്ടെന്നോ ഇടവഴിയില്‍ മൂര്‍ഖന്‍ പാമ്പുണ്ടെന്നോ വയലില്‍ മേയുന്ന പശു കുത്തുമെന്നോ ഒക്കെപ്പറഞ്ഞു തടി രക്ഷപ്പെടുത്താന്‍ നോക്കും.
അതുതന്നെയാണ് പ്രതിരോധമന്ത്രിയും പയറ്റിയത്. പാകിസ്താനുമായി നാടിനു തര്‍ക്കങ്ങളുണ്ട്. അത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. 1947ല്‍ രാജ്യത്തിന്റെ വിഭജനം മുതല്‍ തുടങ്ങിയ പ്രശ്‌നങ്ങളാണ്. യുദ്ധങ്ങളും പലതു കഴിഞ്ഞു. ഇടയ്ക്ക് ബന്ധങ്ങള്‍ മെച്ചമാവും; ഇടയ്ക്കു കുഴഞ്ഞുമറിയും. അതൊക്കെ രാഷ്ട്രീയത്തിലും അന്താരാഷ്ട്ര ബന്ധങ്ങളിലും പതിവുള്ളതാണ്. എന്നുവച്ച് ചര്‍ച്ചകളില്‍ നിന്നു തലയൂരാന്‍ ആരും ഇത്തരം തൊടുന്യായങ്ങള്‍ പറയാറില്ല.
പരീക്കറുടെ മുന്‍ഗാമികളായി ബിജെപി ഭരണത്തില്‍ തന്നെ കൊള്ളാവുന്ന മന്ത്രിമാരുണ്ടായിരുന്നു. വാജ്‌പേയിയുടെ ഭരണകാലത്ത് അദ്ദേഹത്തിന്റെ ഉപദേശകന്‍ ബ്രജേഷ് മിശ്രയായിരുന്നു പാകിസ്താനുമായുള്ള ബന്ധങ്ങളുടെ ചരടുവലി നടത്തിയിരുന്നത്. പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് ആയിരുന്നുവെങ്കിലും വിദേശബന്ധങ്ങളിലെ നിര്‍ണായക നീക്കങ്ങള്‍ നടത്തിയത് പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നുതന്നെയായിരുന്നു. പാകിസ്താന്‍ നരകമാണെന്നും നരകത്തില്‍ പോകാന്‍ പേടിയാണെന്നും പറഞ്ഞ് അന്നൊന്നും ആരും ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിയതായി കേട്ടുകേള്‍വി പോലുമില്ല.
എന്നാല്‍, ഇപ്പോഴത്തെ ഭരണത്തില്‍ അങ്ങനെയുള്ള പൊടിക്കൈകള്‍ മാത്രമാണ് നടക്കുന്നത്. ഭരണകൂടത്തിന്റെ കഴിവുകേടും ആത്മവിശ്വാസക്കുറവും അമ്പരപ്പിക്കുന്നതാണ്. ഭരണകക്ഷിയായ ബിജെപി ശരിക്കും എന്തു ചെയ്യണമെന്നറിയാതെ മൊത്തത്തില്‍ ഇരുട്ടില്‍ തപ്പുന്ന അവസ്ഥയാണ് നിത്യേന വെളിവായിക്കൊണ്ടിരിക്കുന്നത്. വാജ്‌പേയിയുടെ കാലത്തെ ശക്തമായ നയതന്ത്ര മുന്നേറ്റങ്ങളെ ഓര്‍മിപ്പിക്കുന്ന ഒരൊറ്റ നടപടി പോലും കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ മോദിയുടെ ഭരണത്തില്‍ ഉണ്ടായിട്ടില്ല. വാജ്‌പേയി ലാഹോറിലേക്ക് ബസ്സിലേറി നടത്തിയ യാത്ര രാജ്യചരിത്രത്തിലെ ഇതിഹാസസമാനമായ ഒരു നയതന്ത്രനീക്കമായാണ് അറിയപ്പെടുന്നത്. അതിനെത്തുടര്‍ന്ന് നവാസ് ശരീഫുമായി ആഗ്രയില്‍ താജ്മഹലിന്റെ പശ്ചാത്തലത്തില്‍ നടത്തിയ ചര്‍ച്ചകളും അദ്ദേഹത്തിന്റെ ധൈര്യവും പ്രശ്‌നപരിഹാരത്തിനു വേണ്ടി ശക്തമായ നീക്കങ്ങള്‍ നടത്താനുള്ള ആത്മധൈര്യവും പ്രകടിപ്പിക്കുന്നതായിരുന്നു.
അതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്നത്തെ ഭരണാധികാരികള്‍ ആശയദാരിദ്ര്യവും ചിന്താശൂന്യതയുമാണ് പ്രകടിപ്പിക്കുന്നത്. അന്താരാഷ്ട്രതലത്തില്‍ തന്നെ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്താന്‍ സഹായകമാവുന്ന നീക്കങ്ങള്‍ക്കു പകരം പല്ലിനു പല്ല്, ചോരയ്ക്കു ചോര എന്ന മട്ടിലുള്ള രാഷ്ട്രീയക്കസര്‍ത്തു മാത്രമാണ് നടക്കുന്നത്. കശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിനു പകരം ബലൂചിസ്താനില്‍ പ്രശ്‌നം കുത്തിയിളക്കിയാല്‍ ആര്‍ക്കാണ് നേട്ടം? ലോകത്തെ ആയുധക്കച്ചവടക്കാര്‍ ഇതൊക്കെ കണ്ട് ആര്‍ത്തുചിരിക്കുന്നുണ്ടാവും.
ഏതായാലും സിനിമാ നടിമാര്‍ പോലും നമ്മുടെ നേതാക്കളേക്കാള്‍ മെച്ചമാെണന്ന് നടി രമ്യ വ്യക്തമാക്കുന്നു. അവര്‍ പാകിസ്താനില്‍ ഈയിടെ പോയിനോക്കിയതാണ്. അവിടെങ്ങും നമ്മുടെ നാട്ടിലെ മാതിരി സാധാരണ മനുഷ്യരെയാണ് കണ്ടതെന്നും നരകത്തിന്റെ ലക്ഷണങ്ങളൊന്നും കണ്ടില്ലെന്നും അവര്‍ പറയുന്നു. അതിന് അവര്‍ക്കു കിട്ടിയത് ചീമുട്ടയേറും ചെരിപ്പേറും.
ഒരു നാട് നേരെച്ചൊവ്വേ ഭരിക്കാനറിയാത്തവര്‍ ഇങ്ങനെ എന്തെല്ലാം വേലത്തരങ്ങള്‍ ഒപ്പിക്കുമോ ആവോ…!

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss