|    Mar 23 Thu, 2017 8:00 am
FLASH NEWS

നയതന്ത്ര പാസ്‌പോര്‍ട്ട് നിഷേധിച്ചത് ദുരൂഹം: മുഖ്യമന്ത്രി; മന്ത്രി കെടി ജലീലിന്റെ സൗദി സന്ദര്‍ശനം മാറ്റി

Published : 6th August 2016 | Posted By: SMR

തിരുവനന്തപുരം: ജോലി നഷ്ടപ്പെട്ട് സൗദിയില്‍ കുടുങ്ങിയ തൊഴിലാളികളെ സന്ദര്‍ശിക്കാന്‍ പോവാനൊരുങ്ങിയ മന്ത്രി കെ ടി ജലീലിനു നയതന്ത്ര പാസ്‌പോര്‍ട്ട് നിഷേധിച്ചതിനെതിരേ സംസ്ഥാനസര്‍ക്കാര്‍. കേന്ദ്രസര്‍ക്കാര്‍ നടപടി ദുരൂഹമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു.
എന്നാല്‍ ഇക്കാര്യത്തില്‍ എതെങ്കിലും തരത്തിലുള്ള രാഷ്ട്രീയതാല്‍പ്പര്യമുണ്ടെന്നു കരുതുന്നില്ല. തൊഴില്‍ നഷ്ടപ്പെടുന്നതുമായി ബന്ധപ്പെട്ടു പ്രവാസികളുടെ കുടുംബങ്ങള്‍ ആശങ്കയിലാണ്. അതിനാലാണു കേരളത്തിലെ ഒരു മന്ത്രി നേരിട്ടുപോയി അവര്‍ക്കു പറയാനുള്ള പരാതികള്‍ കേള്‍ക്കാനും മനസ്സിലാക്കാനും തീരുമാനിച്ചത്. സൗദി സര്‍ക്കാരും അധികൃതരും പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ കാട്ടിയ താല്‍പര്യത്തിനു നന്ദിയുണ്ട്. നിയമനടപടികള്‍ ത്വരിതപ്പെടുത്തുന്നതിനു ചില സഹായങ്ങള്‍ ഇരകള്‍ക്കു ചെയ്തുകൊടുക്കേണ്ടതുണ്ട്. എന്നാല്‍, മന്ത്രിയുടെ സൗദി സന്ദര്‍ശനം വിലക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ദൗര്‍ഭാഗ്യകരവും ചെയ്യാന്‍ പാടില്ലാത്തതുമാണ്. എന്തുകൊണ്ടാണ് അങ്ങനെയൊരു നിലപാട് കേന്ദ്രം സ്വീകരിച്ചതെന്നു മനസ്സിലാവുന്നില്ല. കേന്ദ്രത്തില്‍നിന്നുള്ള ഒരു മന്ത്രി അവിടെ പോയതിനു ശേഷം സംസ്ഥാനത്തുനിന്നുള്ള ഒരു മന്ത്രി പോവുന്നതിനെ എന്തിനു തടഞ്ഞുവെന്നറിയില്ല. സൗദി വിഷയത്തില്‍ കേന്ദ്രം ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്ന പരാതി സംസ്ഥാനസര്‍ക്കാരിനില്ല. ഈ വിഷയത്തില്‍ എന്തു രാഷ്ട്രീയനേട്ടമാണു കേന്ദ്രസര്‍ക്കാരിനുണ്ടാവുന്നതെന്നു മനസ്സിലാവുന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അതിനിടെ, നയതന്ത്ര പാസ്‌പോര്‍ട്ട് നിഷേധിച്ചതിനെത്തുടര്‍ന്നു മന്ത്രി കെ ടി ജലീല്‍ സൗദി സന്ദര്‍ശനം മാറ്റിവച്ചു. അനുമതി ലഭിക്കുന്ന മുറയ്ക്കു സൗദിയിലേക്കു പോവാനാണു തീരുമാനം. കേന്ദ്രസര്‍ക്കാരിന്റെ സമീപനം വേദനിപ്പിച്ചെന്നു കെടി ജലീല്‍ പ്രതികരിച്ചു. സംസ്ഥാനസര്‍ക്കാരിന്റെ ഉത്തരവാദിത്തം നിറവേറ്റാനാണു ശ്രമിച്ചത്. ഇക്കാര്യത്തില്‍ രാഷ്ട്രീയം കാണേണ്ട. കേന്ദ്രസര്‍ക്കാരിനെ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മന്ത്രി കെ ടി ജലീലിന് നയതന്ത്ര പാസ്‌പോര്‍ട്ട് നല്‍കിയില്ലെന്ന പ്രചാരണം വില കുറഞ്ഞതാണെന്നും സംസ്ഥാനസര്‍ക്കാരിന് ഇക്കാര്യത്തില്‍ ക്ഷീണമുണ്ടായെങ്കില്‍ അതു ചോദിച്ചുവാങ്ങിയതാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. നയതന്ത്ര പാസ്‌പോര്‍ട്ട് ചോദിച്ചുവാങ്ങാന്‍ കഴിയുന്നതല്ല. കേന്ദ്രം ഏല്‍പ്പിക്കുന്ന ദൗത്യനിര്‍വഹണത്തിനു വിദേശത്തു പോവാന്‍ നല്‍കുന്ന പാസ്‌പോര്‍ട്ടാണിത്. കെ ടി ജലീലിനെ കേന്ദ്രസര്‍ക്കാര്‍ ഒരു ദൗത്യനിര്‍വഹണവും ഏല്‍പിച്ചിട്ടില്ലെന്നും കുമ്മനം പറഞ്ഞു.
മന്ത്രി  ജലീലിന് നയതന്ത്ര പാസ്‌പോര്‍ട്ട് അനുവദിക്കാത്ത നടപടി ഗുരുതര വീഴ്ചയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.   കേന്ദ്ര സര്‍ക്കാര്‍ തെറ്റുതിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സൗദി പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്നും മന്ത്രി കെ ടി ജലീല്‍ സൗദിയിലേക്കു പോവേണ്ടതില്ലെന്നും വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. വിവാദങ്ങള്‍ തെറ്റിദ്ധാരണമൂലമാണ്. നയതന്ത്ര പാസ്‌പോര്‍ട്ട് അനുവദിക്കുന്നതില്‍ തടസ്സമില്ല. എന്നാല്‍ അപേക്ഷ നല്‍കിയത് അനവസരത്തിലാണ്. വിദേശ സന്ദര്‍ശനങ്ങളുടെ കാര്യത്തില്‍ സമയക്രമം പാലിക്കേണ്ടതുണ്ട്. നിലവില്‍ വിദേശകാര്യ സഹമന്ത്രി വി കെ സിങ് സൗദിയില്‍ ക്യാംപ് ചെയ്യുന്നുണ്ടെന്നും വികാസ് സ്വരൂപ് ചൂണ്ടിക്കാട്ടി.

(Visited 230 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക