|    Oct 18 Wed, 2017 8:35 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

നയതന്ത്ര പാസ്‌പോര്‍ട്ട് നിഷേധം: ലോക്‌സഭയില്‍ പ്രതിഷേധം

Published : 6th August 2016 | Posted By: SMR

ന്യൂഡല്‍ഹി: മന്ത്രി കെ ടി ജലീലിന് കേന്ദ്രസര്‍ക്കാര്‍ നയതന്ത്ര പാസ്‌പോര്‍ട്ട് അനുവദിക്കാതിരുന്നതില്‍ ലോക്‌സഭയില്‍ പ്രതിഷേധം. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ വിഷയം ഉന്നയിച്ച് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും സ്പീക്കര്‍ അനുമതി നല്‍കിയില്ല. തുടര്‍ന്നാണ് കേരള എംപിമാര്‍ കക്ഷി രാഷ്ട്രീയ ഭേദമെന്യേ ബഹളം വച്ചത്. പിന്നീട് ശൂന്യവേളയില്‍ വിഷയം ഉന്നയിക്കാന്‍ സ്പീക്കര്‍ അനുവാദം നല്‍കി. അനുമതി നിഷേധിച്ചതിന്റെ സാഹചര്യം എന്താണെന്ന് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് എംപി കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.
തൊഴില്‍ നഷ്ടപ്പെട്ട് സൗദിയില്‍ ദുരിതത്തിലായവരില്‍ നിരവധി പേര്‍ മലയാളികളാണ്. ഇവരുടെ കുടുംബങ്ങളില്‍ ആശങ്കയും ഭീതിയുമുണ്ട്. ദുരിതത്തിലായവരെ സഹായിക്കാനും കുടുംബങ്ങളുടെ ആശങ്ക അകറ്റാനുമാണ് സംസ്ഥാനത്തിന്റെ പ്രതിനിധിയായി മന്ത്രി സൗദിയിലേക്ക് പുറപ്പെടാന്‍ തീരുമാനിച്ചത്. അതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചത് ശരിയായ നടപടിയല്ല. ഇത്തരം കാര്യങ്ങളില്‍ രാഷ്ട്രീയം പാടില്ലെന്നും കെ സി വേണുഗേപാല്‍ ചൂണ്ടിക്കാട്ടി. ഈ സമയത്ത് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ലോക്‌സഭയില്‍ ഹാജരുണ്ടായിരുന്നില്ല. ഇതെത്തുടര്‍ന്ന് ഇതു സംബന്ധിച്ച് സുഷമ സ്വരാജ് തിങ്കളാഴ്ച ലോക്‌സഭയില്‍ വിശദീകരണം നടത്തുമെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത് കുമാര്‍ ഉറപ്പു നല്‍കി.
കേന്ദ്ര നടപടി തെറ്റാണെന്ന് മുന്‍ കേന്ദ്ര മന്ത്രി ശശി തരൂര്‍ പറഞ്ഞു.   അതിനിടെ സൗദി അറേബ്യയില്‍ തൊഴില്‍ നഷ്ടപ്പെട്ട് കുടുങ്ങിയ ഇന്ത്യന്‍ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനുള്ള എല്ലാ നടപടികളും സൗദി സര്‍ക്കാര്‍ സ്വീകരിച്ചതായി ഇന്ത്യയിലെ സൗദി എംബസി അറിയിച്ചു. 2,500 ഇന്ത്യന്‍ തൊഴിലാളികളുടെ സംരക്ഷണം ഉറപ്പു വരുത്തണമെന്ന് സൗദി രാജാവ് തൊഴില്‍ മന്ത്രിക്കു  നിര്‍ദേശം നല്‍കിയതായും സൗദി എംബസി പത്രക്കുറിപ്പില്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക