|    Mar 28 Tue, 2017 11:51 am
FLASH NEWS

നയതന്ത്രരംഗത്ത് വന്‍ മുന്നേറ്റം

Published : 18th October 2016 | Posted By: SMR

ഗോവയില്‍ കഴിഞ്ഞ ദിവസം സമാപിച്ച എട്ടാമത് ബ്രിക്‌സ് ഉച്ചകോടിയും ഏഷ്യയിലെ വിവിധ രാജ്യങ്ങളുടെ കൂട്ടായ്മയായ ബിംസ്റ്റെകിന്റെ സമ്മേളനവും നയതന്ത്രരംഗത്ത് ഇന്ത്യയുടെ വന്‍ നേട്ടമായി തന്നെ വിലയിരുത്തപ്പെടും. ഉറി സംഭവത്തിനുശേഷം പാകിസ്താനില്‍ നടക്കാനിരുന്ന സാര്‍ക് സമ്മേളനം ബഹിഷ്‌കരിക്കാന്‍ ഇന്ത്യ തീരുമാനിക്കുകയായിരുന്നു. ദക്ഷിണേഷ്യയിലെ മറ്റു പ്രമുഖ രാജ്യങ്ങളും സമ്മേളനം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതോടെ സാര്‍ക് സമ്മേളനം ഉപേക്ഷിക്കാന്‍  ആതിഥേയ രാജ്യമായ പാകിസ്താന്‍ നിര്‍ബന്ധിതമായി. അന്താരാഷ്ട്ര നയതന്ത്രരംഗത്ത് ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് പ്രോല്‍സാഹനം നല്‍കുന്നുവെന്ന പേരില്‍ ആ രാജ്യം കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്ന കാര്യം തീര്‍ച്ചയാണ്. സാര്‍ക് സമ്മേളനത്തിന്റെ പരാജയവും വിവിധ രാജ്യങ്ങളുടെ പ്രതികരണവും ആ വസ്തുത വ്യക്തമായിത്തന്നെ ചൂണ്ടിക്കാണിക്കുന്നുണ്ട്.
തൊട്ടുപിന്നാലെ ലോകത്തെ പ്രമുഖ രാജ്യങ്ങളുടെ നേതാക്കളാണ് ഇന്ത്യയില്‍ ഒന്നിച്ചുകൂടിയത്. ബ്രസീല്‍, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക, ഇന്ത്യ എന്നിവയാണ് ബ്രിക്‌സ് അംഗങ്ങള്‍. മുഴുവന്‍ രാഷ്ട്രത്തലവന്‍മാരും ഗോവ ഉച്ചകോടിയില്‍ പങ്കെടുക്കുക മാത്രമല്ല, ഭീകരവാദവും അത് ഉയര്‍ത്തുന്ന ഭീഷണികളും സംബന്ധിച്ച ശക്തമായ ഒരു പ്രമേയം അംഗീകരിക്കുകയുമുണ്ടായി. ഭീകരവാദപ്രവണതകളെ ചെറുക്കുന്നതിന് ആഗോളരംഗത്ത് ഐക്യമുണ്ടാവണമെന്നും വികസനത്തിന് ഊന്നല്‍ നല്‍കുന്നതിലൂടെ മാത്രമേ നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സാധ്യമാവുകയുള്ളൂവെന്നും ബ്രിക്‌സ് ഉച്ചകോടി പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്.
ബിംസ്റ്റെക് സമ്മേളനത്തിന് എത്തിയത് ഏഷ്യയിലെ പ്രധാന ശക്തികളാണ്. മ്യാന്‍മറിന്റെ പുതിയ നേതാവ് ഓങ്‌സാന്‍ സൂച്ചിയും ശ്രീലങ്കയുടെ പ്രസിഡന്റ് മൈത്രിപാല സിരിസേനയും നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളുടെ തലവന്‍മാരുമാണ് ഈ സമ്മേളനത്തില്‍ പങ്കെടുത്തത്.
ഏഷ്യന്‍ നേതാക്കളുടെ സമ്മേളനത്തിലും സമീപകാലത്ത് പാകിസ്താന്‍ സ്വീകരിച്ചുവരുന്ന നയസമീപനങ്ങളോടുള്ള എതിര്‍പ്പും വിയോജിപ്പും പ്രകടമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തില്‍ ഇന്ത്യയുടെ അയല്‍പക്കത്ത് ഭീകരതയുടെ മാതാവായി നിലകൊള്ളുന്ന രാജ്യത്തിന്റെ ഭീഷണിയെപ്പറ്റി പറയുകയുണ്ടായി. പാകിസ്താനെ പേരെടുത്ത് പറയാതെ കടുത്തഭാഷയില്‍ വിമര്‍ശിക്കുകയായിരുന്നു മോദി.
പൊതുവില്‍ ഇന്ത്യ നേരിട്ടുവരുന്ന ഭീഷണികളുടെ ഗൗരവത്തെപ്പറ്റി മറ്റു രാജ്യങ്ങള്‍ ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്ന പ്രതീതിയാണ് സമ്മേളനത്തില്‍നിന്ന് ഉയര്‍ന്നുവരുന്നത്. തങ്ങള്‍ അന്താരാഷ്ട്ര രംഗത്ത് ഒറ്റപ്പെടുന്നു എന്ന് പാക് നേതൃത്വം തിരിച്ചറിയുന്നതായി സമീപകാല വാര്‍ത്തകളില്‍നിന്നു മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. ആ ബോധ്യം കൂടുതല്‍ ശക്തമാക്കാന്‍ സഹായകമാണ് ഗോവയില്‍ നടന്ന ചര്‍ച്ചകള്‍ എന്ന് തീര്‍ച്ചയാണ്. പ്രദേശത്ത് സമാധാനം പുനസ്ഥാപിക്കാനുള്ള നീക്കങ്ങള്‍ക്ക് എല്ലാ രാജ്യങ്ങളും ഒന്നിച്ചുനില്‍ക്കേണ്ടത് പ്രധാനമാണ്. അതിനു സഹായകമായ നയതന്ത്രനീക്കങ്ങള്‍ക്ക് സമ്മേളനം തുടക്കംകുറിക്കുമെന്നാണ് പ്രതീക്ഷിക്കേണ്ടത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day