|    Jan 19 Fri, 2018 11:19 am
FLASH NEWS
Home   >  Editpage  >  Middlepiece  >  

നമ്മുടെ മക്കള്‍ കുറ്റവാളികളാവാതിരിക്കാന്‍

Published : 4th October 2017 | Posted By: fsq

 

സാജിദ് മുഹമ്മദ് മൂര്‍ക്കനാട്

സല്‍മാനെ വളര്‍ത്തിയത് വളരെ ലാളനയോടെയും വാല്‍സല്യത്തോടെയുമായിരുന്നു. മൂന്നു വയസ്സായപ്പോള്‍ അവനൊരു കുഞ്ഞനിയത്തി ജനിച്ചു. അന്നു മുതല്‍ സല്‍മാന്‍ മറ്റൊരു കുഞ്ഞായി മാറി. ഉമ്മയുടെ സ്‌നേഹം മുഴുവനും ഇപ്പോള്‍ കുഞ്ഞനിയത്തിക്കു മാത്രം. സല്‍മാന്റെ ചിന്തകള്‍ ഗതിമാറി സഞ്ചരിക്കാന്‍ തുടങ്ങി. അവന്‍ ധിക്കാരിയായി മാറി. ഇതിന്റെ ഉത്തരവാദി ആരായിരിക്കും? മാതാപിതാക്കള്‍ എന്നാണുത്തരം. എല്ലാ മക്കളെയും ഒരുപോലെ ശ്രദ്ധിക്കുകയും പരിപാലിക്കുകയും ചെയ്യാതിരിക്കുമ്പോള്‍ അതു കുട്ടിയുടെ വൈകാരിക വളര്‍ച്ചയെ സാരമായി ബാധിക്കുന്നു. ചിലപ്പോള്‍ അത് മാനസികമായ ദൂഷ്യഫലങ്ങള്‍ക്ക് വഴിതെളിക്കുകയും ചെയ്യുന്നു. ചെറുപ്രായക്കാരായ 44 കുറ്റവാളികളില്‍ നടത്തിയ ഒരു ഗവേഷണത്തില്‍ നിന്നു തെളിഞ്ഞത് അവര്‍ ശൈശവകാലത്ത് മാതൃവാല്‍സല്യം ലഭിക്കാതെ വളര്‍ന്നവരായിരുന്നുവെന്നാണ്.മാതാപിതാക്കള്‍ തങ്ങളെ അവഗണിക്കുന്നുവെന്ന തോന്നല്‍ മാത്രമല്ല കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നത്. അനിയനെയോ ജ്യേഷ്ഠനെയോ അയല്‍പക്കത്തെ കുട്ടികളെയോ മാതൃകയാക്കൂ എന്നു പറയുന്നതുപോലും അവരെ തളര്‍ത്തും. ചില കുട്ടികള്‍ എല്ലാം മനസ്സിലൊതുക്കി കഴിയുന്നു. ഈ ഒതുങ്ങിക്കൂടലിന്റെ ഫലം ആശാസ്യകരമായിരിക്കില്ല.മക്കള്‍ കുറ്റവാളികളാവുന്നതില്‍ വീഡിയോ ഗെയിമുകള്‍ വലിയ പങ്ക് വഹിക്കുന്നു. മക്കള്‍ കളിക്കട്ടെ എന്നു കരുതി വാങ്ങിക്കൊടുക്കുന്ന കംപ്യൂട്ടര്‍ ഗെയിമുകള്‍ കുട്ടികളെ സാരമായി സ്വാധീനിക്കുന്നു. എട്ടുംപൊട്ടും തിരിയാത്ത കാലത്തു തന്നെ കുഞ്ഞുങ്ങള്‍ക്ക് ചിലര്‍ മൊബൈല്‍ ഫോണ്‍ നല്‍കുന്നു. എന്നിട്ട് അവര്‍ പറയും, എനിക്ക് ഫോണിന്റെ യാതൊരു സെറ്റിങ്‌സും അറിയില്ല. പക്ഷേ, എന്റെ ഇളയ മകന്/മകള്‍ക്ക് എല്ലാം അറിയാം. ഫോട്ടോ എടുക്കാന്‍, ഗെയിം കളിക്കാന്‍, പാട്ടുവയ്ക്കാന്‍, ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ മുതലായവ… അങ്ങനെ ഗെയിം കളിച്ച കുട്ടികളില്‍ ചിലര്‍ കാരുണ്യവും ദയയുമില്ലാത്ത അക്രമവുമായി മാനസികമായി പൊരുത്തപ്പെടുന്നു. കേരളത്തില്‍ ചില കുട്ടികള്‍ ഗെയിമില്‍ കണ്ടപോലെ കഴുത്തില്‍ കയര്‍ മുറുക്കിയതു കാരണം മരണപ്പെട്ടു. ഈയടുത്ത് ലോകം മുഴുവന്‍ പരന്നുപിടിച്ച മാരക വീഡിയോ ഗെയിമാണ് നീലത്തിമിംഗലം  എന്ന ഓണ്‍ലൈന്‍ ഗെയിം. ഫിലിപ്പ് ബുദൈക്കിന്‍ എന്ന 21 വയസ്സുകാരനായ മനശ്ശാസ്ത്ര വിദ്യാര്‍ഥിയെ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് പുറത്താക്കിയതോടെ ഇദ്ദേഹം മൂല്യമില്ലാത്തവരെ ലോകത്തില്‍ നിന്ന് തുടച്ചുനീക്കുക എന്നത് തന്റെ ജീവിതലക്ഷ്യമായി സ്വീകരിക്കുകയും 2013ല്‍ ബ്ലൂ വെയ്ല്‍ നിര്‍മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. അഡ്മിന്‍ പറയുന്ന ഒാരോ സാഹസിക കാര്യങ്ങളും ഏറ്റെടുത്ത് നടപ്പാക്കിയെങ്കിലേ ഗെയിം മുന്നോട്ടു കൊണ്ടുപോവാന്‍ കഴിയൂ. ഓരോ ചലഞ്ചിലും കൈകളും കാലുകളും ശരീരത്തിലെ രഹസ്യഭാഗങ്ങളും മുറിവേല്‍പ്പിച്ച് അവസാനം ഉയരമേറിയ കെട്ടിടങ്ങളില്‍ നിന്ന് ചിലര്‍ താഴേക്കു ചാടി മരണമടയുന്നു.ഇതിനകം 20,000 പേര്‍ ബ്ലൂ വെയ്ല്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും ഇതില്‍ 500ഓളം പേര്‍ മരണമടയുകയും ചെയ്തിട്ടുണ്ട്. അന്യരാജ്യങ്ങളില്‍ മാത്രം കണ്ടുവന്നിരുന്ന ഇത്തരം ബ്ലൂ വെയ്ല്‍ മരണങ്ങള്‍ കേരളത്തിലും എത്തിയിട്ടുണ്ട് എന്നാണു ചില സംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്.ദൂരെ സ്ഥലങ്ങളിലേക്ക് മറ്റാരുടെയും സഹായം കൂടാതെ യാത്രചെയ്യുകയും നീന്തല്‍ അറിയില്ലെങ്കിലും പുഴകളിലും തോടുകളിലും ചാടുകയും അര്‍ധരാത്രി സെമിത്തേരിയില്‍ പോയി ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ബന്ധുക്കള്‍ സാക്ഷ്യപ്പെടുത്തിയത്, അവന്‍ ബ്ലൂ വെയ്ല്‍ കളിച്ചിരുന്നുവെന്നാണ്. മാത്രമല്ല, കണ്ണൂരില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിയും ബ്ലൂ വെയ്‌ലിന്റെ ഇരയായിരുന്നു. പലപ്പോഴും ഒറ്റപ്പെടല്‍ അനുഭവിക്കുന്നവരും സൗഹൃദങ്ങള്‍ കുറഞ്ഞവരുമാണ് ബ്ലൂ വെയ്ല്‍ പോലുള്ള കെണികളില്‍ വീഴുന്നത്. ഒരുതരം പലായനമാണത്. എന്നാല്‍, അത്തരം കളികള്‍ നിരോധിച്ചതുകൊണ്ടുമാത്രം തീരുന്ന പ്രശ്‌നമല്ലിത്. ബ്ലൂ വെയ്ല്‍ അല്ലെങ്കില്‍ മറ്റൊരു ഗെയിം ഇങ്ങനെ ദുരന്തങ്ങള്‍ അനുഭവിക്കുന്നവരെ പിടികൂടും. കുടുംബത്തിലെ സന്തോഷവും വിദ്യാലയം, സമൂഹം എന്നിവിടങ്ങളിലുള്ള ഇടപെടലുകളും നന്മയിലേക്കു നയിക്കുന്ന പഠനാന്തരീക്ഷവും കുട്ടികള്‍ക്കു ലഭിച്ചാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് അറുതിയാവും. കുഞ്ഞുങ്ങള്‍ വിഭിന്നമായി പെരുമാറുകയും ക്ഷീണം, ശരീരത്തിലെ മുറിവുകള്‍, ഭയം, പഠനക്കുറവ്, വിശപ്പില്ലായ്മ തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്താല്‍ പ്രശ്‌നം ചോദിച്ചറിഞ്ഞ് അവരുടെ കൂടെ സമയം ചെലവഴിച്ച് ഒറ്റപ്പെടല്‍ ഒഴിവാക്കാന്‍ മാതാപിതാക്കളും സുഹൃത്തുക്കളും ശ്രദ്ധിക്കേണ്ടതാണ്.    ഓരോ കുഞ്ഞും ജനിക്കുന്നത് വിശുദ്ധനായിട്ടാണ്. അവനെ തിന്മയിലേക്കും നന്മയിലേക്കും വഴിതെളിക്കുന്നത് മാതാപിതാക്കളാണെന്ന നബിവചനം എത്ര അര്‍ഥവത്താണ്!

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day