|    Sep 26 Wed, 2018 7:15 pm
FLASH NEWS
Home   >  Editpage  >  Editorial  >  

നമ്മുടെ പരിസ്ഥിതി നയം പുനപ്പരിശോധിച്ചേ മതിയാവൂ

Published : 27th August 2018 | Posted By: kasim kzm

പ്രളയം നക്കിത്തുടച്ച കേരളത്തെ വീണ്ടെടുക്കുന്നതിനുള്ള അശ്രാന്തപരിശ്രമത്തിലാണ് നാട് മുഴുവന്‍. രക്ഷാപ്രവര്‍ത്തനങ്ങളുടെയും ദുരിതാശ്വാസ യത്‌നങ്ങളുടെയും അടിയന്തരഘട്ടത്തെ തുടര്‍ന്ന് അതിജീവനത്തിന്റെയും പുനരധിവാസത്തിന്റെയും കര്‍മഭൂമിയിലേക്ക് നാം കാലെടുത്തുവച്ചുകഴിഞ്ഞു. വിവരണാതീതമായ വേദനയും നടുക്കവും ദുരിതവും സമ്മാനിച്ച ദുരന്തസ്മരണകള്‍ അന്തരീക്ഷമാകെ ചൂഴ്ന്നുനില്‍ക്കുമ്പോഴും പ്രളയത്തിന്റെ കാരണത്തെയും കൈകാര്യം ചെയ്ത രീതിയെയും കുറിച്ചുള്ള വിവാദങ്ങള്‍ ചൂടുപിടിക്കുകയാണ് രാഷ്ട്രീയമണ്ഡലത്തില്‍. എന്തായാലും ഇതിനെല്ലാം അപ്പുറമുള്ള ആഴമേറിയ ഒരു വീണ്ടുവിചാരം ഇനിയെങ്കിലും അനിവാര്യമാണെന്നതില്‍ തര്‍ക്കമില്ല. അത്തരമൊരു ആത്മവിചാരണയ്ക്കു നാം സന്നദ്ധരാവുന്നില്ലെങ്കില്‍ അതിഭയാനകമായ വിനാശമായിരിക്കും അന്തിമഫലം.കേന്ദ്ര പരിസ്ഥിതിമന്ത്രാലയം നിയമിച്ച മാധവ് ഗാഡ്ഗിലിന്റെ അധ്യക്ഷതയിലുള്ള പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതിയുടെ റിപോര്‍ട്ട് ഒരിക്കല്‍ കൂടി നമ്മുടെ സജീവ ചര്‍ച്ചയില്‍ ഇടംപിടിക്കുന്ന സന്ദര്‍ഭം കൂടിയാണിത്.കേരളം അടക്കമുള്ള പശ്ചിമഘട്ട പ്രദേശത്തിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രഫ. ഗാഡ്ഗില്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങളോട് മൊത്തത്തില്‍ നിഷേധാത്മക സമീപനമാണ് നമ്മള്‍ പുലര്‍ത്തിയതെന്നത് തള്ളിക്കളയാനാവില്ല. മുഖ്യധാരാ രാഷ്ട്രീയകക്ഷികളും കുടിയേറ്റ-മലയോര മേഖലയില്‍ മേല്‍ക്കൈയുള്ള ചില വിഭാഗങ്ങളും ഗാഡ്ഗില്‍ റിപോര്‍ട്ടിനെ മുന്‍പിന്‍ നോക്കാതെ എതിര്‍ക്കുന്നതില്‍ മുന്‍പന്തിയിലായിരുന്നു. വോട്ടുബാങ്ക് രാഷ്ട്രീയവും താല്‍ക്കാലിക സാമ്പത്തിക-സാമുദായിക താല്‍പര്യങ്ങളും കൈകോര്‍ത്തുനിന്ന് ഗാഡ്ഗില്‍ റിപോര്‍ട്ടിനെ കുഴിച്ചുമൂടാനുള്ള ശ്രമമായിരുന്നു. ഒത്തുതീര്‍പ്പെന്നോണം പിന്നീട് സമര്‍പ്പിക്കപ്പെട്ട കസ്തൂരിരംഗന്‍ റിപോര്‍ട്ട് പോലും അസഹ്യമായിരുന്നു ഇവര്‍ക്ക്. അത്ര പഴയതല്ലാത്ത ഈ ചരിത്രം ഓര്‍മിപ്പിച്ചത് ഇപ്പോഴുണ്ടായ മഹാദുരന്തത്തിന് ഗാഡ്ഗില്‍ ചൂണ്ടിക്കാണിച്ച വിപദ്‌സൂചനകളുമായി അടുത്ത ബന്ധമുണ്ട് എന്നതുകൊണ്ടാണ്.കേരളത്തിന്റെ പരിസ്ഥിതിലോല പ്രദേശങ്ങളെ കൃത്യമായി അടയാളപ്പെടുത്തിയും ജൈവവൈവിധ്യ സംരക്ഷണത്തിന്റെ പ്രാധാന്യം അടിവരയിട്ടും ഗാഡ്ഗില്‍ പറഞ്ഞതത്രയും സത്യമായിരുന്നു; നാടിന്റെയും ഭാവിതലമുറയുടെയും നന്മയ്ക്കുവേണ്ടിയായിരുന്നു. പക്ഷേ, ദുരമൂത്ത നാം അതൊക്കെ അവഗണിച്ചുതള്ളുകയായിരുന്നു. ഖനന മാഫിയകളും ക്വാറി ഉടമകളും നിയന്ത്രിക്കുന്ന രാഷ്ട്രീയസംഘടനകള്‍ നാടിന്റെ ദീര്‍ഘകാല താല്‍പര്യങ്ങള്‍ക്കല്ല മുന്‍ഗണന നല്‍കിയത്. പരിസ്ഥിതിലോല പ്രദേശങ്ങളെ പരിചരിക്കേണ്ടത് എങ്ങനെയെന്ന ഗാഡ്ഗിലിന്റെ നിര്‍ദേശങ്ങളെ തെറ്റിദ്ധരിപ്പിച്ച് ജനത്തെ വൈകാരികമായി ഇളക്കിവിടുകയായിരുന്നു. ഇതെല്ലാം വികസനത്തിന്റെ പേരിലായിരുന്നു എന്നതാണ് ഏറെ വിചിത്രം.കുന്നും മലയും ഇടിച്ചുനിരത്തിയും പാറമടകള്‍ തുരന്നും മണലൂറ്റി പുഴകള്‍ വറ്റിച്ചും നടത്തിയ വികസനം വിനാശത്തിന്റെ പടുകുഴിയിലേക്കാണ് നമ്മെ കൊണ്ടുപോവുന്നതെന്ന് ദുരന്തത്തിന്റെ ബാക്കിപത്രം തയ്യാറാക്കുന്ന ഈ വേളയിലെങ്കിലും നാം ഓര്‍ക്കേണ്ടതുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss