|    Jul 20 Fri, 2018 12:39 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

നമ്മുടെ കുര, അവരുടെ കടി

Published : 28th October 2016 | Posted By: SMR

slug-a-bമോദി ഭരണകൂടം കൊട്ടിഘോഷിക്കുന്ന സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ മേനകാഗാന്ധി തള്ളിപ്പറയുമെന്നു തോന്നുന്നില്ല. അതിര്‍ത്തിക്കപ്പുറത്തുനിന്നു മാരകമായ ആക്രമണം വരുന്നു, പ്രതിരോധം അഥവാ പോംവഴി എന്ന നിലയ്ക്ക് പ്രത്യാക്രമണങ്ങള്‍ നടത്തുന്നതില്‍ തെറ്റില്ലെന്ന പക്ഷത്താണല്ലോ ശ്രീമതിയും. പരിഭാഷ: ആക്രമണം നടത്തുന്നവരെ ജീവരക്ഷയ്ക്കായി കൊല്ലാം. ഈ വകുപ്പു വച്ച് മനുഷ്യനു മനുഷ്യനെ കൊല്ലാമെന്നുണ്ടെങ്കില്‍ മൃഗങ്ങളുടെ കാര്യത്തില്‍ അതു പറ്റില്ലെന്ന് എങ്ങനെ പറയാനാവും?
പ്രഖ്യാപിത മൃഗസ്‌നേഹികളും ഒരുമാതിരിപ്പെട്ട ജന്തുക്കളുടെയൊക്കെ വക്കാലത്ത് എടുത്തിട്ടുള്ളവരുമാണ് ശ്രീമതിയും സമാന ഹൃദയരും. തെരുവുനായ്ക്കള്‍ സംഘടിതമായി ആക്രമിച്ച് ഒരു സ്ത്രീയെ കൊലപ്പെടുത്തിയ സംഭവമുണ്ടായപ്പോള്‍ അവര്‍ ആദ്യം ഉന്നയിച്ച വാദഗതി ശ്രദ്ധേയമായിരുന്നു: പട്ടിയെ മനുഷ്യര്‍ ആക്രമിക്കുന്നതുകൊണ്ടാണ് അത് തിരിച്ചു കടിക്കുന്നത്. ശിരുവമ്മ എന്ന സ്ത്രീയുടെ കാര്യത്തില്‍ പട്ടികള്‍ നടത്തിയത് സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആണെന്നു പട്ടിഭാഗം വക്കീലന്‍മാര്‍ പറയാതിരുന്നതു ഭാഗ്യം.
പേടി കൊണ്ടാണ് ഇത്തരം ആക്രമണങ്ങള്‍ എന്നതില്‍ സാമാന്യ യുക്തിയുണ്ട്. രാജവെമ്പാല പോലും കടിക്കുന്നത് ചുമ്മാ വിഷമിറക്കി വിനോദിക്കാനല്ല, സ്വന്തം ജീവഭയം മൂലമാണ്. ഇതേ പേടി കൊണ്ടാണ് മിക്കപ്പോഴും മനുഷ്യര്‍ പാമ്പിനെ കൊല്ലുന്നതും. കടിച്ചില്ലെങ്കിലും കടിക്കാനുള്ള സാധ്യത കല്‍പിച്ചുകൊണ്ടുള്ള കരുതല്‍ പ്രവൃത്തി. ഇത്തരം ഉന്‍മൂലനം ഭയത്തിന്റെ വിത്താണ്. അതിപ്പോ, രാഷ്ട്രീയത്തിലായാലും മര്‍മം മറ്റൊന്നല്ല. തങ്ങളുടെ രാഷ്ട്രീയത്തിന് ആപത്താണെന്നു തോന്നുന്നവരെ ഭൂമിയില്‍ നിന്നുതന്നെ തുടച്ചുമാറ്റി സ്വന്തം പേടി പരിഹരിക്കുന്നതിനല്ലേ ഉന്മൂലന സിദ്ധാന്തം എന്നു പറയുക?
ശ്രീമതിയും കൂട്ടരും അടുത്തതായി ചോദിച്ചത്, ആക്രമണകാരികളായ പട്ടികളെ എങ്ങനെ നിര്‍ണയിക്കാനാവും എന്നാണ്. ആദ്യ ഡയലോഗിന്റെ യുക്തിസഹമായ അനന്തര വിത്ത്. തെരുവില്‍ ഒരു ഭാഗത്ത് അടങ്ങിക്കിടക്കുന്ന നായ മര്യാദക്കാരനാണോ കുഴപ്പക്കാരനാണോ എന്ന് എങ്ങനെ നിശ്ചയിക്കും? അതിനുള്ള മാനദണ്ഡമൊന്നും ജീവശാസ്ത്രകാരന്‍മാരെന്നല്ല, ഹോരാശാസ്ത്രക്കാര്‍ പോലും കല്‍പിച്ചുതന്നിട്ടില്ല. എന്നാല്‍, ഇതേ ശൂന്യത മനുഷ്യരുടെ കാര്യത്തിലുമില്ലേ? ചാള്‍സ് ശോഭ്‌രാജിനെ കണ്ടാല്‍ കുഴപ്പക്കാരനാണെന്ന് ഒരു ഷെര്‍ലക് ഹോംസിനും പറയാനാവില്ല. ദാവൂദ് ഇബ്രാഹീമിനെ കണ്ടാല്‍ മാഫിയാ തലവനാണെന്ന് എങ്ങനെ തോന്നും?
അപ്പോള്‍, പ്രവൃത്തി കൊണ്ടാണ് ആളും തരവും നിര്‍ണയിക്കുക എന്നു വരുന്നു. സ്വന്തം പ്രവൃത്തിയെ ന്യായീകരിക്കാത്ത ഒരു കുഴപ്പക്കാരനും ഭൂജാതനായിട്ടില്ല. താന്‍ കടിച്ചത് തന്നെ ഉപദ്രവിക്കുമോ എന്ന പേടി കൊണ്ടാണെന്ന്, മേനകാഗാന്ധിയെ ഉദ്ധരിക്കാതെ തന്നെ ഏതു പട്ടിക്കും പറഞ്ഞുനില്‍ക്കാം. പട്ടിക്ക് മനുഷ്യരുടെ ഭാഷ പിടിയില്ലാത്തതുകൊണ്ട് പട്ടിപ്രേമികള്‍ അതിന്റെ പരിഭാഷ നിര്‍വഹിക്കുന്നു.
ഈ കുരുക്കിലേക്കാണ് സുപ്രിംകോടതിയുടെ സംഭാവന. രണ്ടു ചോദ്യങ്ങളാണ് പരമോന്നത നീതിപീഠത്തിന് ഇക്കാര്യത്തിലുള്ളത്. ഒന്ന്: കേരളം മാത്രമെന്താണ് തെരുവുനായ്ക്കളെ ഇങ്ങനെ കൂട്ടക്കൊല ചെയ്തു രസിക്കുന്നത്? രണ്ട്: ആക്രമണകാരികളായ നായ്ക്കളെ എങ്ങനെ തിരിച്ചറിയും? ആദ്യ ചോദ്യം എടുക്കാം:
2002 വരെ തദ്ദേശസ്ഥാപനങ്ങളാണ് തെരുവുനായ്ക്കളെ കൈകാര്യം ചെയ്തുവന്നത്. പട്ടിപിടിത്തങ്ങളും വന്ധ്യംകരണവും തട്ടിക്കളയലുമൊക്കെയായി അവര്‍ പ്രശ്‌നം പരിഹരിച്ചിരുന്നു. അന്നും മേനകാഗാന്ധി ഡല്‍ഹിയിലുണ്ട്; പട്ടിപ്രേമികള്‍ നാട്ടിലും. ആരും പ്രത്യേകിച്ചൊരു ക്രമപ്രശ്‌നം ഉന്നയിച്ചിരുന്നില്ല. എന്നാല്‍, തുടര്‍ന്നുള്ള ഒന്നര ദശകത്തിലാണ് തെരുവുനായ്ക്കള്‍ കേരളീയരുടെ പൊതുശത്രുവാകുന്നത്.
1991ല്‍ ഉദ്ഘാടനം ചെയ്ത തുറന്ന സാമ്പത്തിക നയത്തിന്റെ ഫലമായുള്ള കമ്പോളവല്‍ക്കരണം പത്തിവിരിച്ചത് ഇക്കാലയളവിലാണ്. ഏറക്കുറേ സമ്പൂര്‍ണ ഉപഭോഗ ദേശമായിത്തീര്‍ന്ന കേരളം, നീണ്ട ടൗണ്‍ഷിപ്പ് എന്ന നിലയില്‍ നിന്ന് ഒരു മുഴുനീള മാള്‍ എന്ന സ്ഥിതിയിലേക്കു പുരോഗമിച്ചു. ഉപഭോഗത്തിന്റെ സ്വാഭാവിക വിത്തായ മാലിന്യത്തിന്റെ തോത് കുത്തനെ ഉയര്‍ന്നു.
പ്രബുദ്ധ പൗരന്‍മാര്‍ സ്വന്തം പുരയിലെ ഉച്ചിഷ്ടമെടുത്ത് തെരുവിലും വെളിമ്പ്രദേശങ്ങളിലും നിക്ഷേപിച്ചു. മാറിവന്ന സര്‍ക്കാരുകള്‍ ഈ അജീര്‍ണം തദ്ദേശസ്ഥാപനങ്ങളുടെ തലയില്‍ വച്ചു കൈകഴുകി. തദ്ദേശസ്ഥാപനങ്ങളാകട്ടെ, ഏതെങ്കിലും വെളിമ്പ്രദേശത്ത് സംഗതി കൂട്ടിയിട്ട് മണ്ണിട്ടുമൂടി. ടി പ്രദേശവാസികള്‍ തെരുവിലിറങ്ങിയതോടെ ആ കലാപരിപാടിയും വെള്ളത്തിലായി. കൊടുങ്ങല്ലൂര്‍ നഗരസഭയ്ക്ക് ഒഴികെ ഒരു സ്ഥാപനത്തിനും ഈ നിത്യജീവിത യാഥാര്‍ഥ്യത്തോട് ക്രിയാത്മകമായി പ്രതികരിക്കാന്‍ കഴിഞ്ഞിട്ടില്ല.
അങ്ങനെ പൗരാവലി നടത്തിയ മാലിന്യനിക്ഷേപത്തിന്റെ പലിശവരുമാനമാണ് തെരുവുനായ്ക്കളുടെ പെരുക്കം. നിക്ഷേപം കുറയ്ക്കാനോ പലിശയ്ക്ക് വേറിട്ട മേച്ചിലിടം കാണാനോ ആരും തുനിഞ്ഞില്ല. തമാശ അതുമല്ല, 2.68 ലക്ഷം തെരുവുനായ്ക്കളാണ് കേരളത്തിലുള്ളതെന്ന് സര്‍ക്കാരിന്റെ കണക്കുപുസ്തകം പറയുന്നു. സംസ്ഥാനത്തെ മൃഗസ്‌നേഹികള്‍ അവകാശപ്പെടുന്നത് ലക്ഷം പേരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ്. എങ്കില്‍ ഒന്നോ രണ്ടോ തെരുവുനായ്ക്കളെ വീതം ഈ മൃഗസ്‌നേഹികള്‍ ഓരോരുത്തരായി ഏറ്റെടുത്താല്‍ ഒറ്റയടിക്കു തീരുന്ന പ്രശ്‌നമല്ലേ ഇത്? അതു ചെയ്യില്ല. കാരണം, മാലിന്യനിക്ഷേപം പോലെ ഇതും സര്‍ക്കാരിന്റെ മാത്രം ചുമതലയാണ്!
പ്രജനനം തടയാന്‍ കുത്തിവയ്പ് എടുക്കുക എന്നതാണ് ശ്രീമതി ഗാന്ധിയുടെ വിദഗ്‌ധോപദേശം. സ്വന്തം കെട്ട്യോന്‍ പണ്ട് അടിയന്തരാവസ്ഥക്കാലത്ത് ഇതേ പോംവഴി മനുഷ്യരില്‍ പ്രയോഗിച്ച് കീര്‍ത്തി നേടിയ വിദ്വാനാണ്. കുടുംബാസൂത്രണം നടത്തി സൗജന്യ ബക്കറ്റുമായി പോവുന്ന പട്ടികളെ ഭാവന ചെയ്യുന്നത് രസോദ്ദീപകം തന്നെ. അതിലും രസകരമായ ഒരു ഐറണി ഈ പോംവഴിയിലുണ്ട്: വന്ധ്യംകരണം നടത്തുമ്പോള്‍ പട്ടികളുടെ ‘ജനസംഖ്യ’ ഭാവിയില്‍ കുറച്ചെടുക്കുക മാത്രമല്ല, അവയുടെ വംശീയമായ പിന്തുടര്‍ച്ചാവകാശം നിഷേധിക്കുക കൂടിയല്ലേ?
കോടതിയും മേനകാഗാന്ധിയന്‍മാരും പറയുംപോലെ സങ്കീര്‍ണമൊന്നുമല്ല പ്രശ്‌നം. മൃഗങ്ങളും മനുഷ്യരുമൊക്കെ പ്രകൃതിയുടെ ഭാഗമാണ്. മൃഗത്തെ അന്യമായ ഒന്നായിട്ടല്ലാതെ കണ്ടിരുന്ന സംസ്‌കാരത്തിലൂടെയാണ് മനുഷ്യന്‍ പിച്ചവച്ചത്. ആ വഴിക്ക് പല മൃഗങ്ങളും അവന്റെ കൂട്ടാളികളും സഹപ്രവര്‍ത്തകരുമൊക്കെയായി.
പ്രകൃതിയുമായി വേറിട്ട് ‘സ്വന്തം’ ഇടമുണ്ടാക്കി കഴിയുന്ന ആധുനിക മനുഷ്യനെ സംബന്ധിച്ച് കാര്യങ്ങള്‍ വ്യക്തമാണ്: അവന്റെ തെരുവ് അവന്‍ ഉണ്ടാക്കിയതാണ്. അവനും അവന്റെ കൂട്ടര്‍ക്കും വേണ്ടിയുള്ളത്. അവിടെ ഒരു പട്ടിക്കും കാര്യമില്ല. എന്നിരിക്കെ തെരുവിന്റെ ഉടമയെ ആക്രമിക്കുക കൂടി ചെയ്താലോ?
തെരുവില്‍ എന്തുകൊണ്ട് പട്ടി പെരുകിയെന്നോ മനുഷ്യന്‍ എന്തുകൊണ്ട് പ്രകൃതിയില്‍ നിന്നു വേറിട്ടുപോയെന്നോ ഓടിയടുക്കുന്ന പട്ടിക്കു മുന്നില്‍ നിന്നു ചിന്തിച്ചു മെനക്കെടാന്‍ ഒരു മേനകയും തുനിയില്ല. താന്‍ അഖിലലോക നായ്ക്കളുടെ സംരക്ഷകയാണെന്ന വേദമോതിയാല്‍ ആ പട്ടി കടിക്കാതെ മടങ്ങിപ്പോവുകയുമില്ല. ഇവിടെ പ്രശ്‌നം ഔചിത്യബോധത്തിന്റേതാണ്. 2.68 ലക്ഷം നായ്ക്കള്‍ വിരാജിക്കുന്ന തെരുവുകളുള്ള ഒരു ദേശത്തെ എങ്ങനെ രക്ഷിക്കാം എന്നാണ് നോക്കേണ്ടത്.
പട്ടികളെ കൂട്ടംപിരിച്ച് വേറിട്ട ഇടങ്ങളില്‍ തളയ്ക്കുക, വരിയുടയ്ക്കുക ഇത്യാദിയാണ് അടിയന്തര മാര്‍ഗങ്ങള്‍. മാലിന്യ നിര്‍മാര്‍ജനത്തിനു യുക്തമായ സംവിധാനം ഉണ്ടാക്കുകയാണ് സുപ്രധാനം. രണ്ടിനുമിടയില്‍ പ്രകൃതിദത്തമായ ഒരു മൂന്നാംമുറയുമുണ്ട്. മൃഗസംഖ്യ ബാലന്‍സ് ചെയ്യാന്‍ പ്രകൃതി അവലംബിക്കുന്ന ഒരു ഭക്ഷ്യചക്രമുണ്ട്. വലിയ ജീവികള്‍ ചെറുജീവികളെ തിന്നുന്നു. ചെറിയവ അതിലും ചെറുതിനെയും. ഇവിടെ ശ്രദ്ധിക്കേണ്ടത്, ഒരു മൃഗവും മനുഷ്യന്റെ മാതിരി പ്രിയത്തിനു വേണ്ടി വാരിവലിച്ചു തിന്നാറില്ലെന്നതാണ്. വിശപ്പടക്കാന്‍ വേണ്ടതു മാത്രം, വേണ്ട സമയത്തു മാത്രം വേട്ടയാടിപ്പിടിക്കുക. ഈ ചക്രത്തില്‍പ്പെട്ട മനുഷ്യജീവിയും ഇതേ മുറ പാലിക്കുന്നവനായിരുന്നു, ഭക്ഷ്യസുരക്ഷയ്ക്കായി കൃത്രിമ ഫാമുകള്‍ നിര്‍മിക്കും വരെ.
മുതലകള്‍ പെറ്റുപെരുകുന്ന ആഫ്രിക്കയില്‍ തദ്ദേശീയര്‍ മുതലയിറച്ചി തിന്നുന്നു. മംഗോള്‍ വംശജര്‍ പാമ്പിനെ തിന്നുന്നു. വിയറ്റ്‌നാമികള്‍ ചിലന്തിയെ, കംബോഡിയക്കാര്‍ പഴുതാരയെ, എന്തിനേറെ അസമില്‍ പട്ടിയെ ശാപ്പിടുന്നു. കാള തൊട്ട് പന്നി വരെ, കോഴി തൊട്ട് കാട വരെ എന്തിനെയും ശാപ്പിടാന്‍ മടിയില്ലാത്ത മലയാളിക്ക് പട്ടിയിറച്ചി പഥ്യമാവാത്തത് ശീലമില്ലായ്മ ഒന്നുകൊണ്ടു മാത്രമല്ലേ? ഏതായാലും പന്നിക്കുള്ളത്ര ‘ഹൈജീന്‍’രാഹിത്യമൊന്നും ഒരു പട്ടിക്കുമില്ല. അസമിലെപ്പോലെ വെറ്ററിനറി ഡോക്ടര്‍ സര്‍ട്ടിഫൈ ചെയ്ത പട്ടിയെ അകത്താക്കുന്ന ശീലം മലയാളി തുടങ്ങിയാല്‍ തെരുവുനായ്ക്കള്‍ ഗോപി വരയ്ക്കും, മേനകാഗാന്ധിയും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss