|    Jan 21 Sat, 2017 5:44 am
FLASH NEWS

നമ്മുടെ ആലസ്യങ്ങള്‍ക്ക് 14 വയസ്സ്

Published : 28th February 2016 | Posted By: SMR

slug-avkshngl-nishdnglബാബുരാജ് ബി എസ്

ആ രാത്രി ഞാന്‍ മറക്കില്ല. കര്‍ണാടകയിലെ ദലിത് സംഘടനയുടെ നേതാവ് എത്തുമെന്ന് ആന്ധ്രയിലെ ഡഫോഡം നേതാവായ അംബേദ്ക്കറാണ് അറിയിച്ചത്. മുത്തങ്ങയില്‍ കത്തിക്കയറുന്ന ആദിവാസി ഭൂസമരനേതാക്കളെയും പ്രവര്‍ത്തകരെയും സന്ദര്‍ശിക്കുകയാണ് ഉദ്ദേശ്യം.
രാത്രി ഒമ്പതു മണിക്കു തന്നെ ഞങ്ങള്‍ തൃശൂരില്‍നിന്ന് പുറപ്പെട്ടു. ലക്ഷ്മണനും ഞാനും. ലക്ഷ്മണനാണ് മുത്തങ്ങ തൃശൂര്‍ ജില്ലാ സമരസഹായസമിതിയുടെ കണ്‍വീനര്‍. വണ്ടി ഇഴഞ്ഞിഴഞ്ഞ് കോഴിക്കോട്ടെത്തിയപ്പോള്‍ അര്‍ധരാത്രിയായി. വണ്ടിയിറങ്ങിയപ്പോള്‍ എന്തോ പന്തികേട്. ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നു. പലരും ഗൗരവത്തിലാണ്. ചിലര്‍ പത്രം വായിക്കുന്നു. ഞങ്ങളും പത്രം വാങ്ങി. മുത്തങ്ങയില്‍ വെടിവയ്പ്. നിരവധി മരണം. ഞങ്ങളുടെ ചങ്കിടിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി കിട്ടാവുന്ന പത്രങ്ങളൊക്കെ വാങ്ങി. മരണസംഖ്യ പലര്‍ക്കും പലതാണ്. ഒരു പത്രം ഒമ്പതു മരണം റിപോര്‍ട്ട് ചെയ്തിരുന്നു. മരിച്ചവരില്‍ പോലിസുകാരനുമുണ്ട്. ജാനുവും ഗീതാനന്ദനും എവിടെയെന്നുപോലും അറിയില്ല.
ആ രാത്രി കഴിഞ്ഞിട്ട് ഇപ്പോള്‍ 14 കൊല്ലമായി. 14 കൊല്ലം നീണ്ട കാലയളവാണ്. ഒരു സംഘടനയുടെ ചരിത്രത്തിലും വ്യത്യസ്തമല്ല. മുത്തങ്ങയുടെ വാര്‍ഷികമായിരുന്നു ഈ മാസം 19ാം തിയ്യതി. അതോടനുബന്ധിച്ച് തിരുവനന്തപുരത്ത് മുത്തങ്ങാ വാര്‍ഷികം സമുചിതമായി തന്നെ ആചരിച്ചു. ഗോത്രമഹാസഭയുടെ മുന്‍കൈയില്‍.
തൃശൂരിലെ ഹാരിസണ്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ തോട്ടമുടമകള്‍ നിയമവിരുദ്ധമായി കൈവശം വയ്ക്കുന്ന അഞ്ചു ലക്ഷത്തോളം ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുക, സമഗ്ര ഭൂപരിഷ്‌കരണം നടപ്പാക്കുക, 2006ലെ കേന്ദ്ര വനാവകാശ നിയമം നടപ്പാക്കുക, ആദിവാസി കരാറും നില്‍പ്പുസമര തീരുമാനവും കണക്കിലെടുത്ത് ഭൂമി പതിച്ചുനല്‍കുക, ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുനല്‍കുക, ആദിവാസി സ്വയംഭരണം നടപ്പാക്കുക, നെല്‍വയല്‍-നീര്‍ത്തട സംരക്ഷണ നിയമം നടപ്പാക്കുക എന്നിവയൊക്കെയായിരുന്നു ഉന്നയിക്കപ്പെട്ടത്.
14 കൊല്ലം മുമ്പ് രക്തവും ജീവനും കൊടുത്ത് സമരം ചെയ്ത ഗോത്രമഹാസഭ ഇന്നും ഉന്നയിക്കുന്നത് ഒരേ ആവശ്യം തന്നെ. കാരണം, 14 കൊല്ലത്തിനു ശേഷം പലതും ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. മുത്തങ്ങയ്ക്കു ശേഷം അച്യുതാനന്ദനും ഉമ്മന്‍ചാണ്ടിയും സംസ്ഥാനം ഭരിച്ചു. സമരത്തെ മുഖവിലയ്‌ക്കെടുത്ത് ഭൂമി കൊടുക്കാനുള്ള ചില നീക്കങ്ങള്‍ അവര്‍ നടത്തിയില്ലെന്ന് കുറ്റപ്പെടുത്താനാവില്ല. സമ്മര്‍ദ്ദം കൂടിയപ്പോള്‍ പാറക്കെട്ടുകള്‍ നിറഞ്ഞ പാഴ്ഭൂമിയിലേക്ക് ഏതാനും കുടുംബങ്ങളെ സര്‍ക്കാര്‍ പുനരധിവസിപ്പിച്ചു.
2014ലെ കണക്കനുസരിച്ച് സംസ്ഥാനത്ത് 10,517 ആദിവാസി കുടുംബങ്ങള്‍ ഭൂരഹിതരാണ്. വയനാട്ടിലെ 4913ഉം പാലക്കാട്ടെ 1826ഉം കാസര്‍കോട്ടെ 1215ഉം കുടുംബങ്ങള്‍ ഇതില്‍പ്പെടുന്നു. 2011-12ല്‍ 30,100 കുടുംബങ്ങള്‍ക്ക് വീടുനല്‍കാനുള്ള തീരുമാനം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇപ്പോഴും നടപ്പായിട്ടില്ല. ആദിവാസികള്‍ക്ക് അനുവദിക്കപ്പെട്ട 7,693 ഏക്കര്‍ വനഭൂമിയുടെ കാര്യത്തില്‍ കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള തര്‍ക്കം എവിടെവരെയായെന്നു പോലും ആര്‍ക്കുമറിയില്ല. വഞ്ചിക്കപ്പെട്ട ഒരു ജനതയായി ആദിവാസികള്‍ മാറിയിരിക്കുന്നു എന്നതാണു പ്രധാനം.
നമുക്ക് മുത്തങ്ങയിലെ വെടിവയ്പിലേക്കു തന്നെ തിരിച്ചുപോവാം. വെടിവയ്പ് കഴിഞ്ഞ തൊട്ടടുത്ത ദിവസങ്ങളില്‍ കേരളത്തിലൊന്നും സംഭവിച്ചില്ല. കോട്ടയത്തോ തൃശൂരിലോ തിരുവനന്തപുരത്തോ മറ്റോ ഏതാനും പ്രതിഷേധ പ്രകടനങ്ങള്‍. ചില അറസ്റ്റുകള്‍. ബിഎസ്പിയെപ്പോലുള്ള ചില സംഘടനകളൊഴിച്ച് രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രസ്താവനകളൊന്നും പുറത്തുവന്നില്ല. സാംസ്‌കാരികനായകരും മൗനമാചരിച്ചു. യഥാര്‍ഥത്തില്‍ ഒരാളേ മരിച്ചുള്ളൂവെങ്കിലും നിരവധിപേര്‍ മരിച്ചെന്ന വാര്‍ത്ത പരന്ന സാഹചര്യത്തിലാണ് നാം അങ്ങനെ പ്രതികരിച്ചത്.
അഞ്ചാം ദിവസം അരുന്ധതി റോയി കേരളത്തിലെത്തി. മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു. ആന്റണി നിങ്ങളുടെ കൈയില്‍ രക്തംപുരണ്ടിരിക്കുന്നുവെന്ന് അവര്‍ തുറന്നടിച്ചു. അതിനുശേഷമാണ് പല പ്രമുഖരും മുത്തങ്ങയിലെ നിഷ്ഠുരതകളെ തുറന്നെതിര്‍ക്കാന്‍ ധൈര്യപ്പെട്ടത്.
ആദിവാസികളെപ്പോലെ അരികുവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളെ വീണ്ടും വീണ്ടും അരികുകളിലേക്ക് തള്ളിനീക്കുമ്പോള്‍ നാം അതിനു കാരണമന്വേഷിക്കേണ്ടത് സര്‍ക്കാര്‍ സംവിധാനങ്ങളില്‍ മാത്രമല്ലെന്നാണു തോന്നുന്നത്. ഇത്രയും അപകടകരമായ ഒരു നിമിഷത്തില്‍ മൗനംപാലിച്ച ചരിത്രമുള്ള നാമോരോരുത്തരും ഇതിന് ഉത്തരവാദികളാണെന്നു തിരിച്ചറിയണം. മുത്തങ്ങാ ദിനത്തിന്റെ 14ാം വാര്‍ഷികം ആചരിക്കുന്ന ഈ വേളയില്‍ ഇത്രയെങ്കിലും നാം ചെയ്‌തേ തീരൂ. വംശീയത അതിന്റെ പാരമ്യത്തിലെത്തിയ ഈ ഘട്ടത്തില്‍ ഈ തീരുമാനമെടുക്കേണ്ടത് പ്രധാനമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 214 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക