|    Nov 21 Wed, 2018 3:51 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

നമ്മളെങ്ങനെ നമ്മളായെന്ന് ഓര്‍ക്കണം: പിണറായി വിജയന്‍

Published : 7th November 2018 | Posted By: kasim kzm

കോഴിക്കോട്: ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച സുപ്രിംകോടതി വിധിയുടെ മറപിടിച്ചു കേരളത്തെ പിറകോട്ടു നടത്താനുള്ള ആര്‍എസ്എസ് നീക്കത്തിന്റെ പാശ്ചാത്തലത്തില്‍ നമ്മളെങ്ങനെ നമ്മളായെന്ന് നാം ഓര്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
പട്ടി നടന്നിരുന്ന വഴികളില്‍ മനുഷ്യനു വഴിനടക്കാന്‍ സ്വാതന്ത്ര്യമില്ലാതിരുന്ന നാടായിരുന്നു കേരളം. അത്തരം ഉച്ചനീചത്വങ്ങള്‍ക്കെതിരേ നടത്തിയ നീണ്ട പ്രക്ഷോഭങ്ങളിലൂടെയാണ് ഇന്നത്തെ കേരളം രൂപപ്പെട്ടതെന്നും പിണറായി പറഞ്ഞു. എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി മുതലക്കുളം മൈതാനിയില്‍ സംഘടിപ്പിച്ച റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ വലിയ വിഭാഗം ജനങ്ങള്‍ക്ക് മുട്ടിന് താഴെ മുണ്ടുടുക്കാനും അരയ്ക്കു മേലെ വസ്ത്രം ധരിക്കാനും ഇവിടെ വിലക്കുണ്ടായിരുന്നു.
സ്ത്രീകള്‍ക്കു മാറു മറയ്ക്കാന്‍ അവകാശമുണ്ടായിരുന്നില്ല. സവര്‍ണരെ തൊടുന്നതിനും കാണുന്നതിനും വിലക്കുണ്ടായിരുന്നു. അവയവങ്ങള്‍ക്കു കരം കൊടുത്തായിരുന്നു മനുഷ്യര്‍ കഴിഞ്ഞിരുന്നത്. ഈ കേരളത്തെയാണു സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമെന്നു വിളിച്ചത്. അയ്യങ്കാളിയുടെയും ചട്ടമ്പിസ്വാമികളുടെയും ശ്രീനാരായണ ഗുരുവിന്റെയുമൊക്കെ നേതൃത്വത്തില്‍ നടന്ന നിരന്തര നവോത്ഥാന മുന്നേറ്റങ്ങളിലൂടെയാണ് ഇവിടെ മനുഷ്യന് അന്തസ്സായി ജീവിക്കാന്‍ സാഹചര്യം ഒരുങ്ങിയത്. ഈ നവോത്ഥാന മുന്നേറ്റങ്ങളില്‍ ഏറക്കുറെ എല്ലാ പ്രസ്ഥാനങ്ങളും പങ്കെടുത്തിരുന്നു. എന്നാല്‍ ആര്‍എസ്എസ് അന്നും നവോത്ഥാന പ്രവര്‍ത്തനങ്ങളോട് മുഖംതിരിഞ്ഞു നിന്നു. ചാതുര്‍വര്‍ണ്യത്തിനൊപ്പമായിരുന്നു ആര്‍എസ്എസ്. അടുത്ത ലോക്‌സഭാ ഇലക്ഷന്‍ മുന്നില്‍ ക്കണ്ട്് ശബരിമലയെ കലാപഭൂമിയാക്കാനാണ് ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നത്. 52 വയസ്സുള്ള അമ്മൂമ്മയെ സന്നിധാനത്ത് തടഞ്ഞ് ഇന്നലെ അക്രമിക്കാന്‍ ശ്രമിച്ചു. അവരുടെ കൂടെ വന്ന യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കി. അചാരലംഘനം നടത്താന്‍ അനുവദിക്കില്ലെന്നു പറഞ്ഞ് സമരം തുടങ്ങിയവര്‍ എന്തുകൊണ്ടാണ് ഇരുമുടിക്കെട്ടില്ലാതെ 18ാംപടികയറി ആചാരലംഘനം നടത്തിയതെന്നു വ്യക്തമാക്കണം. യുവതീപ്രവേശനം അനുവദിക്കണമെന്ന സുപ്രിംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. ശബരിമല വിഷയത്തില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുന്ന പ്രവൃത്തികളാണു കോണ്‍ഗ്രസ് കൈക്കൊള്ളുന്നതെന്നും പിണറായി പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss