|    Oct 21 Sun, 2018 4:46 am
FLASH NEWS

നമ്പര്‍ പ്ലേറ്റില്ലാത്ത ടോറസ് ലോറി പിടികൂടി

Published : 21st September 2017 | Posted By: fsq

 

കാക്കനാട്: നമ്പര്‍ പ്ലേറ്റില്ലാതെ കൊച്ചിയിലെത്തിയ ടോറസ് ലോറി(റെഫ്രിജേറ്റര്‍ വാന്‍)യെ മൊബൈല്‍ എന്‍ഫോഴ്‌സുമെന്റ് സ്‌ക്വാഡ് കയ്യോടെ പിടികൂടി. മുംബൈയില്‍ നിന്നും വന്ന ലോറിയാണു വാഹന വകുപ്പ് ഉദ്ദ്യോഗസ്ഥരുടെ പിടിയിലായത്.  പരിശോധനയില്‍ വണ്ടിയുടെ രജിസ്‌ട്രേഷന്‍ നമ്പര്‍, നാഷണല്‍ പെര്‍മിറ്റ് ലോറിയാണെന്ന ചിഹ്നം, മറ്റ് നിയമപരമായ എംബ്ലങ്ങള്‍ ഇവയൊന്നും പതിക്കുകയും ചെയ്തിട്ടില്ലെന്ന് കണ്ടെത്തി.   മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ ചോക്ലേറ്റുമായി എറണാകുളം രവിപുരത്തുള്ള ഗോഡണിലേക്ക് വന്ന നാഷണല്‍ പെര്‍മിറ്റ് ടോറസാണ് മോട്ടോര്‍ വെഹിക്കള്‍ ഇന്‍സ്‌പെക്ടര്‍ ജോര്‍ജ് തോമസും അസി. വെഹ്ക്കിള്‍ ഇന്‍സ്പക്ടെര്‍ എസ് രഞ്ജിത്തും പിന്തുടര്‍ന്നു കസ്റ്റഡിയിലെടുത്തത്. മോട്ടോര്‍ വാഹന ചട്ടത്തിലെ സെക്ഷന്‍ 39 അനുസരിച്ച് ചരക്കുവാഹനങ്ങളുടെ മുന്‍പിലും പിറകിലും ഇരുവശത്തും മഞ്ഞ ബോര്‍ഡില്‍ കറുത്ത അക്ഷരത്തില്‍ വാഹന നമ്പര്‍ രേഖപ്പെടുത്തണമെന്നാണ് നിയമം. എന്നാല്‍ വാഹനത്തിന്റെ ഒരു ഭാഗത്തും നമ്പര്‍ രേഖപ്പെടുത്തിയിരുന്നില്ല. എന്നാല്‍ നമ്പര്‍ പ്ലേറ്റ് പതിപ്പിക്കാത്തതിന്റെ കാരണം ഡ്രൈവറോട് ഉദ്യോഗസ്ഥര്‍ തിരക്കിയപ്പോള്‍ തനിക്കു അതിനെക്കുറിച്ചു അറിയില്ലന്നും കമ്പനി നല്‍കിയ വാഹനവുമായി പോരുകയായിരുന്നുവത്രെ. പരിശോധനയില്‍ ഹരിയാനയിലെ ഗുഡ്ഗാവിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വാഹനത്തിന്റെ മറ്റു രേഖകളെല്ലാം കൃത്യമാണന്നു ഉദ്ദ്യോഗസ്ഥര്‍ പറഞ്ഞു. നാഷണല്‍ പെര്‍മിറ്റ് ലോറികളില്‍ രണ്ട് ഡ്രൈവര്‍മാര്‍ വേണമെന്നാണ് ചട്ടം. എന്നാല്‍ വാഹനത്തില്‍ ഒരു ഡ്രൈവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മുംബൈയില്‍ നിന്നു കേരളം വരെയുള്ള യാത്രയില്‍ നിരവധി ബോര്‍ഡറുകളും ചെക്ക് പോസ്റ്റുകളും കടന്നാണ് വാഹനം ഇവിടെ എത്തുന്നത്. എന്നാല്‍ വഴിയിലൊരിടത്തും വാഹനം പിടിക്കപ്പെട്ടില്ലെന്ന് ഉദ്ദ്യോഗസ്ഥര്‍ പറഞ്ഞു. അപകടമുണ്ടാക്കിയാലും പിടിക്കപ്പെടാതിരിക്കാനാണ് നമ്പര്‍ പ്ലേറ്റ് വയ്ക്കാതെയുള്ള ഈ തന്ത്രം. മറ്റു വാഹനങ്ങളെ ഇടിച്ചിട്ടു നിര്‍ത്താതെ മുങ്ങി ഇപ്പോഴും പിടികിട്ടാപ്പുള്ളികളായി വിലസുന്ന വാഹനങ്ങളില്‍ അധികവും ഇങ്ങനെ നമ്പര്‍ പ്ലേറ്റില്ലാതെ രക്ഷപ്പെടുന്നതെന്ന് വാഹനവകുപ്പിന്റെ കണ്ടെത്തല്‍.കൂടാതെ അന്യസംസ്ഥാനങ്ങളില്‍നിന്നു കേരളത്തില്‍ ചരക്കുമായി എത്തുന്ന പല ലോറികളുടെയും വണ്ടി നമ്പറും വായിച്ചെടുക്കാനും കഴിയില്ല. വാഹനം രജിസ്റ്റര്‍ ചെയ്ത ശേഷമാണു ലോറികളില്‍ നമ്പര്‍ മറയ്ക്കല്‍ നടക്കുന്നത്. ലോറികള്‍ക്കു പിന്നില്‍ ഘടിപ്പിക്കാറുള്ള ക്രാഷ് ഗാര്‍ഡ് ആണ് മറയ്ക്കാനുള്ള ഒരു മാര്‍ഗം. നമ്പര്‍ വായിക്കാന്‍ കഴിയാത്ത തരത്തില്‍ പ്ലേറ്റു മറച്ചുകൊണ്ടാണ് ഇവ ഘടിപ്പിക്കുന്നതെന്ന് ഉദ്ദ്യോഗസ്ഥര്‍ പറഞ്ഞു. ദേശീയപാതയിലൂടെ പോവുന്ന ഭൂരിഭാഗം ലോറികളുടെയും പിന്‍ഭാഗത്തെ നമ്പര്‍ പ്ലേറ്റ് ഇത്തരത്തില്‍ മറച്ചാണു പായുന്നത്. ഈ വണ്ടികള്‍ മൂലമുണ്ടാവുന്ന അപകടങ്ങളില്‍ നമ്പറില്ലാതെ, മറ്റു ലക്ഷണങ്ങള്‍ മാത്രം വച്ച് അപകട വണ്ടികള്‍ കണ്ടെത്താന്‍ പ്രയാസമാണെന്നു പോലിസും പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss