|    Jan 22 Sun, 2017 9:25 am
FLASH NEWS

നമുക്ക് സ്വകാര്യ സര്‍വകലാശാലകള്‍ വേണോ?

Published : 4th November 2015 | Posted By: SMR

കെ എ മുഹമ്മദ് ഷമീര്‍

കേരളത്തില്‍ സ്വകാര്യ സര്‍വകലാശാലകളുടെ സാധ്യതകള്‍ പഠിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ 2015 ജൂണിലാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഡോ. സിറിയക് തോമസ് അധ്യക്ഷനായ കമ്മിറ്റിയെ നിയോഗിച്ചത്. മുന്‍കൂട്ടി നിശ്ചയിച്ചതെന്നു സംശയിക്കാവുന്ന തരത്തില്‍, കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ക്കു പരിഹാരമായി സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കണമെന്ന് സമിതി നിഗമനം നടത്തി.
ബിഎ, ബിഎസ്‌സി പോലുള്ള ഡിഗ്രി കോഴ്‌സുകളില്‍ കേരള സമൂഹത്തിനു വിശ്വാസം നഷ്ടപ്പെട്ടെന്ന സമിതിയുടെ കണ്ടെത്തല്‍ പരമാര്‍ഥമാണ്. ഇത്തരം കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുന്നതുകൊണ്ട് തൊഴിലുകള്‍ ലഭിക്കില്ല എന്ന തെറ്റിദ്ധാരണയും എന്‍ജിനീയറിങ് കോഴ്‌സുകള്‍ ട്രെന്‍ഡ് ആയി മാറിയതും മാനവിക വിഷയങ്ങളെ നിലവാരമില്ലാത്ത മേഖലയായി കാണുന്നതിന് കാരണമായിട്ടുണ്ട്. അത്തരമൊരു പൊതുബോധം കേരളത്തില്‍ സൃഷ്ടിക്കപ്പെട്ടു എന്നു പറയുന്നതാവും കൂടുതല്‍ ശരി.
എന്നാല്‍, സ്വകാര്യ സര്‍വകലാശാലകള്‍ ഈ പ്രശ്‌നത്തിനു പരിഹാരമാണോ എന്ന ചോദ്യം പ്രസക്തമാണ്. കേരളത്തിലെ അക്കാദമികസമൂഹത്തിന് അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്ന കോഴ്‌സുകളും സിലബസും രൂപപ്പെടുത്താന്‍ പ്രാപ്തിയില്ലേ? കേരളത്തിലെ ഭൂരിഭാഗം യൂനിവേഴ്‌സിറ്റികളിലും ഇന്ന് പഠിപ്പിച്ചുകൊണ്ടിരിക്കുന്നത് കാലങ്ങളോളം പഴക്കമുള്ള സിലബസാണെന്നു വ്യക്തമാവും. വിരല്‍ത്തുമ്പില്‍ അറിവു ലഭിക്കുന്ന 21ാം നൂറ്റാണ്ടില്‍ പത്തും ഇരുപതും വര്‍ഷം പഴക്കമുള്ള സിലബസുകള്‍ മാറ്റമില്ലാതെ തുടരുന്നത് നാണക്കേടാണ്.
സംസ്ഥാനത്ത് പൊതുമേഖലയില്‍ സര്‍ക്കാര്‍ കോളജുകള്‍ക്കു പുറമെ ഓരോ സമുദായങ്ങളുടെയും പിന്നാക്കവിഭാഗങ്ങളുടെയും പുരോഗതി ലക്ഷ്യംവച്ചു തുടങ്ങിയ എയ്ഡഡ് കോളജുകളും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉണ്ട്. സിറിയക് ജോസഫ് കമ്മീഷന്റെ കണക്കുപ്രകാരം തന്നെ കേരളത്തില്‍ നാല് സര്‍വകലാശാലകള്‍ക്കു കീഴിലായി 503 ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകള്‍ ഉണ്ട്. ഇതില്‍ 58 സര്‍ക്കാര്‍ കോളജുകളും 182 എയ്ഡഡ് കോളജുകളും 263 അണ്‍ എയ്ഡഡ് കോളജുകളുമാണ്. അതായത് 52 ശതമാനം പൂര്‍ണമായും സ്വകാര്യ മേഖലയിലും 36 ശതമാനം എയ്ഡഡ് മേഖലയിലുമാണുള്ളത്. വെറും 11 ശതമാനം മാത്രമാണ് പൂര്‍ണമായും സര്‍ക്കാര്‍ സംവിധാനത്തിലുള്ളത്. ഇതിനു പുറമേ 123 സ്വകാര്യ പ്രഫഷനല്‍ കോളജുകളും മൂന്ന് എയ്ഡഡ് പ്രഫഷനല്‍ കോളജുകളുമുണ്ട്. ഉന്നത വിദ്യാഭ്യാസരംഗത്ത് സ്വകാര്യ പങ്കാളിത്തമില്ലാതെ സര്‍ക്കാര്‍ ചെലവുകള്‍ വഹിച്ചു തളര്‍ന്നു എന്ന വാദം ശുദ്ധ നുണയാണെന്ന് ഈ കണക്കുകള്‍ പരിശോധിച്ചാല്‍ തന്നെ മനസ്സിലാവും. സര്‍ക്കാരിന് ഭാരിച്ച ചെലവുകള്‍ വരാന്‍ മാത്രം കോളജുകള്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഇല്ല. എ കെ ആന്റണി സര്‍ക്കാരിന്റെ കാലത്ത് രണ്ടു സര്‍ക്കാര്‍ കോളജ് സമം ഒരു സ്വാശ്രയ കോളജ് എന്ന അനുപാതത്തില്‍ തുടങ്ങിയ സ്വാശ്രയ കോളജുകള്‍ ഇന്നു നിയന്ത്രിക്കാന്‍ കഴിയാത്തവിധം വിദ്യാര്‍ഥികളെ പിഴിഞ്ഞ് തലവരിപ്പണം വാങ്ങി യഥേഷ്ടം പ്രവേശനം നടത്തിക്കൊണ്ടിരിക്കുകയാണ്. പല സ്വാശ്രയ സ്ഥാപനങ്ങളും സര്‍ക്കാരുമായുണ്ടാക്കിയ കരാറുകള്‍ കാറ്റില്‍പ്പറത്തിയാണ് പ്രവേശനം നടത്തുന്നത്. ഭരണപരമായ സ്വാതന്ത്ര്യം മാത്രം ഉണ്ടായിട്ടുപോലും ഇത്തരം കച്ചവടക്കാരെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല എന്നത് വാസ്തവവുമാണ്.
പുത്തന്‍ ആശയങ്ങള്‍ ഉള്‍പ്പെടുത്തി കോഴ്‌സുകള്‍ വിപുലീകരിക്കുന്നതിനും സ്വന്തമായി കോഴ്‌സുകള്‍ രൂപകല്‍പന ചെയ്യുന്നതിനും അംഗീകാരം എന്ന ബന്ധനം തടസ്സംനില്‍ക്കുന്നതായി ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ പരിഭവിക്കുന്നുണ്ട്. അക്കാദമിക സ്വയംഭരണമാണ് അതിലൂടെ കമ്മീഷന്‍ ഉദ്ദേശിക്കുന്നത്. അത്തരത്തില്‍ കേരളത്തില്‍ ചില കോളജുകള്‍ക്ക് സര്‍ക്കാര്‍ സ്വയംഭരണ പദവി നല്‍കിയിരുന്നു. എന്നാല്‍ ഒരു ആദര്‍ശസമൂഹത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ മാത്രം നടത്താവുന്നതാണ് സ്വയംഭരണമെന്ന് കോത്താരി കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. അതു ശരിവയ്ക്കുന്നതാണ് സ്വയംഭരണ പദവി ലഭിച്ച എറണാകുളം മഹാരാജാസില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവ വികാസങ്ങള്‍. ബിരുദ പ്രവേശനത്തിന് 22 വയസ്സ് എന്ന പ്രായപരിധി കഴിഞ്ഞു എന്ന് പറഞ്ഞ് അഞ്ചു ദലിത് വിദ്യാര്‍ഥികളുടെ പ്രവേശനം മഹാരാജാസ് കോളജ് അധികൃതര്‍ റദ്ദാക്കി. എംജി സര്‍വകലാശാല പ്രോസ്‌പെക്റ്റസ് പ്രകാരം ബിരുദ പ്രവേശനത്തിന് പ്രായപരിധി ഇല്ലെന്നിരിക്കെ സ്വയംഭരണത്തിലൂടെ ലഭിച്ച അമിതാധികാരത്തെ കോളജ് അധികൃതര്‍ ദുരുപയോഗം ചെയ്യുകയാണ് ഉണ്ടായത്. എത്ര നല്ല ആശയമാണെങ്കിലും അത് നടപ്പില്‍ വരുത്തുന്ന സമൂഹത്തില്‍ ആ ആശയം പ്രായോഗികമാണോ എന്ന പഠനത്തിന് പ്രസക്തിയേറുന്നത് ഇവിടെയാണ്.

(കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റാണ് ലേഖകന്‍.)….

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 85 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക