|    Jul 27 Thu, 2017 10:23 pm
FLASH NEWS

നമുക്ക് ജാതിയില്ല വിളംബരം:മതേതര നാടിനായി കൂട്ടായ്മകള്‍

Published : 14th October 2016 | Posted By: Abbasali tf

കല്‍പ്പറ്റ: ശ്രീനാരായണ ഗുരുവിന്റെ നമുക്ക് ജാതിയില്ല വിളംബരത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ ജില്ലയിലെ വിവിധ ഗ്രന്ഥശാലകളില്‍ മുന്നേറുന്നു. സെമിനാറുകള്‍, കൂട്ടായ്മകള്‍, ചര്‍ച്ചകള്‍ എന്നിവയാണ് പ്രാദേശിക തലത്തില്‍ ഗ്രന്ഥശാലകള്‍ ഏറ്റെടുത്തു നടത്തുന്നത്. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ എന്നിവയുടെ നേതൃത്വത്തിലാണ് ജില്ലയില്‍ പരിപാടികള്‍ നടത്തുന്നത്. ജില്ലയിലെ മുഴുവന്‍ ഗ്രന്ഥാലയങ്ങളിലും നമുക്ക് ജാതിയില്ല വിളംബരത്തിന്റെ പൂര്‍ണരൂപമടങ്ങിയ കലണ്ടര്‍ അനാച്ഛാദനം ചെയ്തു. മതേതരത്വ കാഴ്ചപ്പാടിലേക്ക് പുതിയ തലമുറകളെ ഉയര്‍ത്തുകയെന്ന എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വിദ്യാര്‍ഥികളടക്കമുള്ള ഗ്രന്ഥശാലാ പ്രവര്‍ത്തകരും പുരോഗമന ചിന്താധാരയിലുള്ളവരും ഇതിനകം സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന വിളംബര ശതാബ്ദി ആഘോഷത്തില്‍ പങ്കാളിയായി. ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി നാളെ കല്‍പ്പറ്റയില്‍ സാംസ്‌കാരിക ജാഥ, പൊതുസമ്മേളനം എന്നിവ നടക്കും. വൈകീട്ട് അഞ്ചിന് കല്‍പ്പറ്റ വിജയപമ്പ് പരിസരത്ത് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. സി കെ ശശീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. കാലിക്കറ്റ് സര്‍വകലാശാല മലയാളം വിഭാഗം അധ്യാപകന്‍ ഡോ. ആര്‍ വി എം ദിവാകരന്‍ മുഖ്യപ്രഭാഷണം നടത്തും. എംഎല്‍എമാരായ ഐ സി ബാലകൃഷ്ണന്‍, ഒ ആര്‍ കേളു എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. വിളംബര കലണ്ടര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അനാച്ഛാദനം ചെയ്യും. ജില്ലാതല സാസ്‌കാരിക ജാഥയില്‍ വിവിധ സന്നദ്ധ സംഘടനാ പ്രതിനിധികളടക്കമുള്ളവര്‍ പങ്കെടുക്കും. കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ പരിസരത്ത് നിന്നാണ് സാസ്‌കാരിക ജാഥ തുടങ്ങുക. വിജയ പമ്പ് പരിസരത്ത് സമാപിക്കും. കുടംബശ്രീ പ്രവര്‍ത്തകര്‍, ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍, വിവിധ യുവജന സംഘടനാ പ്രതിനിധികള്‍ അണിനിരക്കും. ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി മൂന്നു താലൂക്ക് ആസ്ഥാനങ്ങളിലും ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വിളംബരജാഥ നടന്നു. കല്‍പ്പറ്റയില്‍ വൈത്തിരി ജവഹര്‍ വിദ്യാലയ പരിസരത്തു നിന്ന് തുടങ്ങിയ ബൈക്ക് റാലി കല്‍പ്പറ്റ ശക്തി ഗ്രന്ഥാലയം പരിസരത്ത് സമാപിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് എ കെ മത്തായി ഫഌഗ് ഓഫ് ചെയ്തു. പി കെ ബാബുരാജ് അധ്യക്ഷത വഹിച്ചു. അമ്പതോളം ബൈക്കുകള്‍ റാലിയില്‍ പങ്കെടുത്തു. സുല്‍ത്താന്‍ ബത്തേരിയില്‍ ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ടി ബി സുരേഷ് വിളംബര ജാഥ ഫഌഗ് ഓഫ് ചെയ്തു. താലൂക്ക് സെക്രട്ടറി പി കെ സത്താര്‍, എം എ വിശ്വപ്പന്‍, പി കെ നളരാജന്‍, മാഗി വിന്‍സെന്റ്, എ ചന്ദ്രബാബു സംസാരിച്ചു. മാനന്തവാടിയില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി എ അബ്ദുല്‍ അസീസ് റാലി ഫഌഗ് ഓഫ് ചെയ്തു. സെക്രട്ടറി എ അജയകുമാര്‍ അധ്യക്ഷത വഹിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക