|    Dec 15 Fri, 2017 3:54 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

നബിദിന റാലിക്കിടെ അക്രമം; 6 പേര്‍ക്ക് വെട്ടേറ്റു

Published : 3rd December 2017 | Posted By: kasim kzm

പരപ്പനങ്ങാടി: താനൂര്‍ ഉണ്യാലില്‍ നബിദിന റാലിക്കിടെ നടന്ന ആക്രമണത്തില്‍ 6 പേര്‍ക്ക് വെട്ടേറ്റു. ഇന്നലെ രാവിലെ 10 ഓടെയാണു സംഭവം. ഉണ്യാല്‍ സ്വദേശികളായ പുത്തന്‍പുരയില്‍ അഫ്‌സല്‍ (24), പുത്തന്‍പുരയില്‍ അന്‍സാര്‍ (27), കാക്കാന്റെ പുരക്കല്‍ സക്കറിയ്യ(28), പള്ളിമാന്റെ പുരക്കല്‍ ഫര്‍ഷാദ് (20), പുത്തന്‍പുരയില്‍ അഫ്‌സാദ്(20), പള്ളിമാന്റെ പുരക്കല്‍ സൈദ് മോന്‍(53) എന്നിവര്‍ക്കാണു വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ അഫ്‌സലിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അക്രമത്തിനിടെ ഘോഷയാത്രയില്‍ അണിനിരന്ന 19 കുട്ടികള്‍ക്കും പരിക്കേറ്റിട്ടുണ്ട്.  റി ന്‍സാന്‍, മുഹമ്മദ് സിനാന്‍, മുഹമ്മദ് ഉനൈസ്, ആദില്‍, സജ്ജാദ്, ഫറാസ്, ദിഹാല്‍, അനസ്, സിംസാറുല്‍ ഹഖ്, അസ്‌ലം, റംഷാദ്, ഇര്‍ഫാന്‍, ഫായിസ്, ഷാഹിദ്, ഷമീം, ഫാഹിസ്, മുഹമ്മദ് ഷഹല്‍, ആദില്‍ഷാ, ഫാഹിദ് എന്നീ കുട്ടികള്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സതേടി.
രാവിലെ എട്ടോടെ തുടങ്ങിയ നബിദിന ഘോഷയാത്ര വടക്കേ തേവര്‍ കടപ്പുറം ബീച്ച് റോഡിലെത്തിയപ്പോഴാണ് അക്രമമുണ്ടായത്. പ്രദേശത്ത് ആയുധങ്ങളുമായി പതിയിരുന്ന സംഘം ഘോഷയാത്രയിലേക്കു ഇരച്ചുകയറി വെട്ടുകയായിരുന്നു. കൃത്യം നിര്‍വഹിച്ച ശേഷം അക്രമികള്‍ ഓടിരക്ഷപ്പെട്ടു. ഭയന്നോടിയപ്പോള്‍ പരസ്പരം കൂട്ടിയിടിച്ച് വീണാണ് കുട്ടികളില്‍ പലര്‍ക്കും പരിക്കേറ്റതെന്നാണ് കരുതുന്നത്. അക്രമം ആസൂത്രിതമായിരുന്നുവെന്നാണു സംഭവം സൂചിപ്പിക്കുന്നത്. അകമ്പടിയായി രണ്ട് പോലിസ് വാഹനങ്ങള്‍ ഘോഷയാത്രയ്ക്കു മുമ്പിലും പിറകിലും ഉണ്ടായിരുന്നിട്ടും അതിനിടയില്‍ കൃത്യം നിര്‍വഹിച്ച ശേഷം അക്രമിസംഘം ഓടി രക്ഷപ്പെട്ടുവെന്നതു സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. പ്രദേശത്ത് സംഘര്‍ഷം നിലനില്‍ക്കുകയാണ്. അക്രമം പടരാതിരിക്കാന്‍ പോലിസ് ജാഗ്രത പുലര്‍ത്തുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക