|    Jan 16 Mon, 2017 8:45 pm
FLASH NEWS

നന്‍മയുടെ വിളക്കുമാടങ്ങള്‍ ഇവിടെയുണ്ട്; സാക്ഷ്യമായ് ഫിനിക്‌സ് കലാകായികമേള

Published : 11th July 2016 | Posted By: SMR

സി എ സജീവന്‍

തൊടുപുഴ: കണ്ണുനീരിന്റെ നനവ് മാത്രമുള്ളവരുടെ ജീവിതത്തിന്റെ ഇരുട്ടുവഴികളില്‍ വിജയത്തിന്റെ നറു വെളിച്ചം വിതറി ഫിനിക്‌സ് 2016ന് തൊടുപുഴയില്‍ തിരശ്ശീല വീണു. പാലിയേറ്റീവ് പരിചരണത്തിലുള്ള രോഗികള്‍ക്കായി ഇടുക്കി ജില്ലാ പാലിയേറ്റീവ് യൂത്ത് മൂവ്‌മെന്റ് സംഘടിപ്പിച്ച ദ്വിദിന കലാ-കായികമേളയാണ് ഇന്നലെ സമാപിച്ചത്. നന്‍മകളുടെ ഉറവ വറ്റുന്ന മാറുന്ന സാമൂഹിക ചുറ്റുപാടുകളിലും ഒരു കൂട്ടം വിദ്യാര്‍ഥികള്‍ ഒത്തുചേര്‍ന്ന് സംഘടിപ്പിച്ച മേള നന്‍മയുടെ വിളക്കുമാടങ്ങള്‍ അണയുന്നില്ലെന്നതിന്റെ സാക്ഷ്യമായി. രാജ്യത്തെതന്നെ ആദ്യത്തേതാണ് ഇത്തരമൊരു ജനകീയ മേളയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇരുന്നൂറോളം രോഗികള്‍ അവരുടെ എല്ലാ ശാരീരിക-മാനസികാവശതകള്‍ക്കും ഇളവുനല്‍കി മേളയില്‍ മാറ്റുരച്ചു. 16 ഇനങ്ങളിലായിരുന്നു മല്‍സരങ്ങള്‍. ഓരോന്നിലും മല്‍സരാര്‍ഥികളെ എത്തിക്കാന്‍ ഈ കുട്ടിക്കൂട്ടങ്ങള്‍ ഓടിപ്പാഞ്ഞു. ആറുവേദികളിലായിരുന്നു മല്‍സരങ്ങള്‍. വീടിന്റെ നാലുചുവരുകള്‍ക്കുള്ളിലും വീല്‍ചെയറുകളിലുമായി ജീവിതം തളച്ചിട്ടവരെ വേദിയിലെത്തിക്കാനും അവര്‍ക്ക് സന്തോഷം നല്‍കാനും നിറഞ്ഞ ചിരികളുമായി കൈകോര്‍ക്കുകയായിരുന്നു. കോളജിന്റെ ഒന്നാം നിലയിലേക്കും രണ്ടാം നിലയിലേക്കുമെല്ലാം വീല്‍ചെയറുകളിലും കസേരകളിലുമായി മല്‍സരാര്‍ഥികളെ ചുമന്നെത്തിക്കുകയായിരുന്നു. ഇതിനിടെ അവരുടെ പ്രാഥമിക കാര്യങ്ങള്‍ നിറവേറ്റുന്നതിലും പ്രത്യേകം ശ്രദ്ധയുണ്ടായി.
ആസൂത്രണം മുതല്‍ സമ്മാനദാനം വരെയുള്ള എല്ലാം കൗമാരക്കാരുടെ ഭാവനയിലാണ് മെനഞ്ഞത്. സര്‍ക്കാരിനോ കോളജുകള്‍ക്കോ യാതോരുവിധ സാമ്പത്തിക ബാധ്യതയും നല്‍കാതെ എല്ലാം സ്വന്തം നിലയില്‍ ചെയ്തു കൂട്ടുകയായിരുന്നു ഈ യുവസംഘം. അഞ്ചുലക്ഷം രൂപയിലേറെ ചെലവിട്ട മേള പൂര്‍ണമായും സ്‌പോണ്‍സര്‍ഷിപ്പിലൂടെയും സംഭാവനക്കൂപ്പണ്‍ വിതരണത്തിലൂടെയുമാണ് സംഘടിപ്പിച്ചത്. നൂറു മല്‍സരാര്‍ഥികളെന്നു കരുതി ആസൂത്രണം ചെയ്ത മേളയില്‍ പങ്കാളിത്തം ഇരട്ടിയിലേറെയായിട്ടും ഒന്നിനും ഒരു കുറവുമുണ്ടായില്ല. 600 പേര്‍ക്ക് രണ്ടു ദിവസത്തെ ഭക്ഷണവും താമസവുമെല്ലാം കുറ്റമറ്റ നിലയില്‍ ഒരുക്കി. പങ്കെടുത്ത എല്ലാവര്‍ക്കും ട്രോഫിയും സര്‍ട്ടിഫിക്കറ്റുമൊക്കെയടങ്ങിയ സമ്മാനങ്ങളും വിതരണം ചെയ്തു. ശയ്യാവലംബികളായ വിജയികളുടെ അടുത്തേക്ക് പലവിധ സമ്മാനങ്ങളെത്തുമ്പോള്‍ അവരുടെ കണ്ണുകളില്‍ കാണാനായ നനുത്ത പുഞ്ചിരിയായിരുന്നു മേളയുടെ നടത്തിപ്പുകാര്‍ക്ക് ലഭിച്ച അംഗീകാരം. അടുത്ത മേളയ്ക്കുമെത്തുമെന്ന വാക്കുനല്‍കിയാണ് എല്ലാ മല്‍സരാര്‍ഥികളും മടങ്ങിയത്.
മൂലമറ്റം സെന്റ് ജോസഫ്‌സ് കോളജ്, തൊടുപുഴ ന്യൂമാന്‍ കോളജ്, വഴിത്തല ശാന്തിഗിരി കോളജ്, മുരിക്കാശ്ശേരി പാവനാത്മാ കോളജ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളാണ് ഇത്തരമൊരു മേള ഒരുക്കിയത്. ഓരോ പഞ്ചായത്തിലെയും പാലിയേറ്റീവ് കെയര്‍ നഴ്‌സുമാരും രോഗികള്‍ക്കൊപ്പമെത്തിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 28 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക