|    Jan 18 Wed, 2017 11:37 pm
FLASH NEWS

നന്മയുടെ മണിത്തൂക്കം

Published : 13th March 2016 | Posted By: G.A.G

കെ എം അക്ബര്‍

mani-inര്‍ഷങ്ങള്‍ക്ക് മുമ്പൊരു ദിവസം. നല്ല മഴയുള്ള സായാഹ്നം. കുട്ടമ്പുഴയില്‍ ‘ശിക്കാര്‍’ സിനിമയുടെ ഷൂട്ടിങ് നടക്കുകയാണ്. സുഹൃത്തുക്കള്‍ക്കൊപ്പം കാരവനിലിരുന്നു സിനിമാക്കഥകള്‍ പറഞ്ഞിരിക്കുകയാണ് കലാഭവന്‍ മണി. ഇതിനിടെ പുറത്തുനിന്ന് ഡോറില്‍ ആരോ മുട്ടി. ശബ്ദം കേട്ടയുടനെ സംസാരം നിര്‍ത്തി വാതില്‍ തുറന്നു. മഴയില്‍ നനഞ്ഞുകുളിച്ച് ഒരു പയ്യന്‍. തണുത്ത് വിറങ്ങലിച്ചു കൈകൂപ്പി നില്‍ക്കുകയാണ് അവന്‍. ഉടന്‍ തന്നെ മണി അവനെ വാഹനത്തിലേക്കു കയറ്റി. തല തുടച്ചു നല്‍കിയ ശേഷം ചോദിച്ചു. എന്തുപറ്റി? ധാരയായൊഴുകിയ കണ്ണീര്‍ തുടച്ച് അവന്‍ പറഞ്ഞു: ‘ഞാന്‍ ഒരു വൃക്കരോഗിയാണ്, എനിക്കു പഠിക്കണം, എന്റെ ജീവിതം അങ്ങയുടെ കൈയിലാണ്’. ചികില്‍സയ്ക്കും വരുന്ന ചെലവുകളുടെയും വിവരങ്ങള്‍ അവന്‍ പറഞ്ഞു. ഉടന്‍ തന്നെ മണി അവനെ ചേര്‍ത്തുനിര്‍ത്തി. പിന്നെ മറ്റൊന്നും ആലോചിച്ചില്ല. ചെക്ക്ബുക്കിലെ ഒരു ലീഫില്‍ രണ്ടുലക്ഷം രൂപ എന്നെഴുതി. അതു പിന്നെ നനയാത്ത ഒരു കവറിലാക്കി അവന് കൊടുത്തുകൊണ്ടു പറഞ്ഞു: ”ദൈവം രക്ഷിക്കട്ടെ”. ഉടനെ ആ പയ്യന്‍ മണിയെ കെട്ടിപ്പിടിച്ചു പറഞ്ഞുകൊണ്ടിരുന്നു, ”അങ്ങാണെന്റെ ദൈവം, അങ്ങാണെന്റെ ദൈവം”. ഇതായിരുന്നു കലാഭവന്‍ മണി.
kalabhavanmaniവെട്ടിത്തിളങ്ങിയ വെള്ളിവെളിച്ചത്തിലും പാടവരമ്പും പുഴയും കുളവും പൂരവും മേളവും എന്തിനേറെ വന്ന വഴിയും മറക്കാത്ത പച്ചമനുഷ്യന്‍. സിനിമാതാരങ്ങളാവാന്‍ ഏതോ പ്രത്യേക ജനുസ്സില്‍ ജനിക്കണമെന്നു തെറ്റിദ്ധരിച്ച മലയാളിയെ അതാരിലും വന്നുചേരാമെന്ന കാര്യം  ബോധ്യപ്പെടുത്തിയ നടന്‍, ചുമട്ടുകാരന്‍, ഓട്ടോഡ്രൈവര്‍, മിമിക്രി കലാകാരന്‍, കൂട്ടുകാരന്‍, സാമൂഹികപ്രവര്‍ത്തകന്‍, മനുഷ്യസ്‌നേഹി, ഗായകന്‍ ഇതിനെല്ലാം അപ്പുറം ചാലക്കുടിക്കടുത്ത ചേനത്തുനാട് ഗ്രാമത്തിലെ ഒരു സാധാരണക്കാരന്‍.
സഹായം അഭ്യര്‍ഥിച്ചു തനിക്കരികില്‍ എത്തിയ ആരെയും വെറുംകൈയോടെ മടക്കിയയച്ചില്ല. അവര്‍ക്കെല്ലാം കൈനിറയെ ‘മണി’ നല്‍കി മണി. ആറ്റിങ്ങല്‍ കേന്ദ്രമാക്കി ഒരു ചാരിറ്റബിള്‍ ട്രസ്റ്റിനു രൂപം നല്‍കി ഒരുപാടു പേരുടെ പട്ടിണിയകറ്റി. സമര്‍ഥരായ കുട്ടികളെ ദത്തെടുത്തു പഠിപ്പിച്ചു. സമൂഹവിവാഹം, ചികില്‍സാ സഹായം, വിദ്യാഭ്യാസ സഹായം, വിവാഹധന സഹായം… അങ്ങനെ നന്മയുടെ മണിത്തൂക്കം ഒരുപാട് പേരിലെത്തി.
ഒരുപക്ഷേ,  മലയാളത്തില്‍ ഒരു സിനിമാക്കാരനും ഇല്ലാത്തത്ര നാട്ടുപച്ചയുടെ ആയിരക്കണക്കിനു കഥകളാവും മണിയെക്കുറിച്ചു പലര്‍ക്കും പറയാനുണ്ടാവുക. കഷ്ടപ്പെടുന്നവരുടെ നേരെ ഒരിക്കലും നമ്മുടെ കണ്ണുകളും ചെവികളും അടച്ചുപിടിക്കരുതെന്നായിരുന്നു മണിയുടെ പക്ഷം. എന്നാല്‍, വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയരുതെന്ന ആപ്തവാക്യം മനസ്സില്‍ സൂക്ഷിച്ചിരുന്നു, നന്മ നിറഞ്ഞ ആ വലിയ നടന്‍. പലപ്പോഴും അദ്ദേഹം നല്‍കിയിരുന്ന സഹായങ്ങള്‍ അവരല്ലാതെ മൂന്നാമതൊരാള്‍ അറിഞ്ഞില്ല. ചെറിയ സഹായങ്ങള്‍ ചെയ്യുന്നതു പോലും വന്‍വാര്‍ത്തകളാവുന്ന ഇന്നിന്റെ സാഹചര്യത്തില്‍ മണിക്ക് ഇതൊന്നും ലോകത്തെ അറിയിക്കാന്‍ താല്‍പര്യമില്ലായിരുന്നു.
Mani-Blurbചാലക്കുടിക്കാരന്‍ രാമന്റെയും അമ്മിണിയുടെയും ആറാമത്തെ പുത്രനായിട്ടായിരുന്നു ജനനം. അതും ദാരിദ്ര്യത്തിന്റെ     നടുക്കടലിലേക്ക്. എന്നാല്‍, കൂലിപ്പണിക്കാരനായ രാമനും അമ്മിണിക്കും ദൈവം നല്‍കിയ മണിച്ചെപ്പായിരുന്നു മണിയെന്ന് കാലം തെളിയിച്ചു. അച്ഛന്‍ രാമന്‍ എല്ലുമുറിയെ പണിയെടുത്തു കൊണ്ടുവരുന്ന തുച്ഛമായ തുക കൊണ്ട് കഞ്ഞികുടിച്ചിരുന്നതായിരുന്നു മണിയുടെ ബാല്യം.  ഉച്ചക്കഞ്ഞിയുടെ ആകര്‍ഷണത്തില്‍ മാത്രം മുടങ്ങാതെ സ്‌കൂളിലെത്തി. പഠനത്തില്‍ മോശമായിരുന്നെങ്കിലും കായികമേളകളിലും കലോല്‍സവങ്ങളിലും ഒന്നാംസ്ഥാനത്തു തന്നെയായിരുന്നു. ഓട്ടവും ചാട്ടവും മിമിക്രിയും പദ്യപാരായണവുമായി പത്തു വരെയെത്തി. പക്ഷേ കിട്ടിയ ഗ്രേസ്മാര്‍ക്കുകളൊന്നും  എസ്എസ്എല്‍സിയെന്ന കടമ്പ കടത്തിയില്ല.
എസ്എസ്എല്‍സിക്കായി രണ്ടാമൂഴമൊരുങ്ങുന്നതിനിടയില്‍ തന്നെ ഓട്ടോ തൊഴിലാളിയായി കുടുംബത്തെ പോറ്റാനിറങ്ങി. അതിനിടയില്‍ രണ്ടാംവട്ടവും പത്തില്‍ സിംപിളായി തന്നെ തോറ്റു. അതോടെ പഠനം തനിക്കു പറഞ്ഞ മേഖലയല്ലെന്നു പറഞ്ഞ് തൊഴില്‍ തേടിയിറങ്ങി. തെങ്ങുകയറ്റക്കാരനായും മണല്‍വാരല്‍ തൊഴിലാളിയായും കിണര്‍കുത്തുകാരനായും ഓട്ടോ ഡ്രൈവറായും എന്തിനേറെ വൈദ്യശാലയ്ക്കു വേണ്ടി കുറുന്തോട്ടി പറിക്കാന്‍ വരെ ഇറങ്ങി ജീവിതവേഷങ്ങളില്‍ പകര്‍ന്നാട്ടം നടത്തി. അതിനിടയില്‍ മിമിക്രിയുള്‍പ്പെടെയുള്ള കലാപ്രവര്‍ത്തനങ്ങളും തുടര്‍ന്നു. ഒപ്പം എന്‍സിസി സര്‍ട്ടിഫിക്കറ്റിന്റെ ബലത്തില്‍ സിഐഎസ്എഫില്‍ ജോലിക്കു ശ്രമിച്ചു. പഞ്ചാബിലേക്ക്  നിയമനം ലഭിച്ചതോടെ അതു വേണ്ടെന്നു വച്ചു. ഓട്ടോയും തെങ്ങുകയറ്റവുമായി  ജീവിതം പിന്നേയും മുന്നോട്ട്.
1987ല്‍ കൊല്ലത്തു നടന്ന സംസ്ഥാന സ്‌കൂള്‍ യുവജനോല്‍സവത്തില്‍ മോണോആക്ടില്‍ ഒന്നാമനാവാന്‍ കഴിഞ്ഞതാണ് ജീവിതത്തിലെ വഴിത്തിരിവ്. അനുകരണകലയില്‍ തനിക്കു ഭാവിയുണ്ടെന്നു തിരിച്ചറിഞ്ഞ മണി കുടുംബത്തിലെ ദാരിദ്ര്യം അകറ്റാന്‍ പിന്നീട് ഈ കലയും ഉപയോഗിച്ചു തുടങ്ങി. സ്‌കൂള്‍ പഠനം തീരാറായപ്പോള്‍ ഓട്ടോ ഓടിക്കാന്‍ പഠിച്ചു. പിന്നെ പകല്‍ ഓട്ടോ ഡ്രൈവറും രാത്രി മിമിക്രി ആര്‍ട്ടിസ്റ്റുമായി. അന്ന് ധാരാളം മിമിക്രി ട്രൂപ്പുകളുണ്ടായിരുന്ന കേരളത്തില്‍ പല ട്രൂപ്പുകള്‍ക്കുവേണ്ടി മിമിക്രി അവതരിപ്പിച്ച് മണി പണമുണ്ടാക്കി. ജീവിതം കരുപ്പിടിപ്പിക്കാനുള്ള ഓട്ടപ്പാച്ചിലിനിടയില്‍ തൃശൂര്‍ മാപ്രാണത്ത് ഒരു പരിപാടി അവതരിപ്പിക്കുന്നതിനിടെ പരിചയപ്പെട്ട പീറ്റര്‍, മണിയെ കലാഭവനിലെത്തിച്ചു. ഇതോടെ ഓട്ടോക്കാരന്‍ മണി, ഇന്നത്തെ കലാഭവന്‍ മണിയായി.
ഹാസ്യനടനായിട്ടായിരുന്നു തുടക്കമെങ്കിലും പിന്നീട് ഗൗരവമുള്ള സ്വഭാവവേഷങ്ങളിലൂടെയും വ്യത്യസ്തത നിറഞ്ഞ വില്ലന്‍ കഥാപാത്രങ്ങളിലൂടെയും മലയാളം-തമിഴ് സിനിമാപ്രേക്ഷകര്‍ക്കു പ്രിയങ്കരനായി. പ്രേക്ഷകരെ ചിരിപ്പിക്കുകയും കരിയിപ്പിക്കുകയും ചെയ്താണ് മണി താരമായത്.
1987ലെ കലോല്‍സവത്തില്‍ സമ്മാനമായി ലഭിച്ചത് 500 രൂപയായിരുന്നു. ആ തുക കൊണ്ട് അച്ഛന്റെ ചികില്‍സാ ചെലവും ഒരു പുതിയ വാച്ചും ഒരു പഴയ സൈക്കിളും വാങ്ങി. ബാക്കി വന്ന തുക ഓലമേഞ്ഞ വീട്ടില്‍ സൂക്ഷിക്കാന്‍ അലമാരയില്ല. പണം വീട്ടുമുറ്റത്ത് കുഴിച്ചിടാനായിരുന്നു തീരുമാനം. നോട്ടുകള്‍ പരസ്പരം ഒട്ടിപ്പിടിക്കാതിരിക്കാന്‍ പൗഡറിട്ട് ഒരു പായില്‍ പൊതിഞ്ഞ് വീട്ടുമുറ്റത്ത് കുഴിച്ചിട്ടു. പിന്നീട് ലക്ഷങ്ങള്‍ പ്രതിഫലം പറ്റുന്ന മുന്തിയ നടനായി. ചാലക്കുടി പുഴയുടെ തീരത്ത് വീടുവച്ചു. നാട്ടുപ്രമാണിയായി. അപ്പോഴെല്ലാം ഇക്കാര്യം ഒരു ജാള്യതയുമില്ലാതെ മണി എല്ലാവരോടും പറഞ്ഞു.
Mani-Photo

കലാഭവനിലെ ജീവിതത്തിനിടെ സിനിമയില്‍ മുഖം കാണിക്കാന്‍ ആഗ്രഹം ഉടലെടുത്തു. ഒരു തമിഴ് സിനിമയില്‍ മുഖം കാണിച്ചു. കിട്ടിയത് 150 രൂപയും വയറുനിറയെ ഭക്ഷണവും. പിന്നീട് സംവിധായകന്‍ അമ്പിളിയുടെ ‘സമുദായം’ എന്ന ചിത്രത്തില്‍ മാമുക്കോയയുടെ സഹായിയായി വേഷമിട്ടു. ‘സല്ലാപ’ത്തിലെ കള്ളുച്ചെത്തുകാരന്റെ വേഷത്തോടെ സിനിമാക്കാരനായി. ആ വേഷം ശ്രദ്ധിക്കപ്പെട്ടു. പിന്നെ പ്രമുഖ സിനിമാ സംവിധായകര്‍ മണിയെ തേടിയെത്തിത്തുടങ്ങി. ‘ഉദ്യാനപാലകന്‍’, ‘ഭൂതക്കണ്ണാടി’ എന്നീ ചിത്രങ്ങളില്‍ സീരിയസ് വേഷമായിരുന്നു.
വിനയനാണ് കലാഭവന്‍മണിയെ നായകനിരയിലേക്കുയര്‍ത്തിയത്. വിനയന്റെ ‘വാസന്തിയും ലക്ഷ്മിയും ഞാനും’ എന്ന ചിത്രത്തില്‍ നായകനായി. അന്ധഗായകനായ രാമു എന്ന കഥാപാത്രം സിനിമാപ്രേക്ഷകര്‍ പൂര്‍ണഹൃദയത്തോടെ സ്വീകരിച്ചതോടെ മണിയുടെ ജീവിതത്തിലും മാറ്റങ്ങളുണ്ടായി. പ്രസ്തുത ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന-ദേശീയ പുരസ്‌കാരങ്ങള്‍ ലഭിക്കുമെന്ന് ഏവരും ഉറപ്പിച്ചിരുന്നെങ്കിലും പ്രത്യേക ജൂറി പരാമര്‍ശത്തില്‍ ഒതുങ്ങുകയായിരുന്നു. സംസ്ഥാന പുരസ്‌കാര പ്രഖ്യാപനം കേട്ട് മണി ബോധരഹിതനായത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
സഹനടനായും ഹാസ്യതാരമായും വില്ലനായും നായകനായും മലയാളവും മറുഭാഷകളും മണിയുടെ വേഷപ്പകര്‍ച്ച ആസ്വദിച്ചു.അങ്ങനെ ജനപ്രിയകലയുടെ വരേണ്യതയെ പൊളിച്ചെഴുതിയ കീഴാളനായി ആ നടന്‍ മലയാളസിനിമയുടെ ചരിത്രത്തില്‍  ഇടംപിടിച്ചു.

ചാലക്കുടിക്കാരന്‍ ചങ്ങാതി
സിനിമയുടെ താരജാടകളില്ലാതെ ഒരു സാധാരണ നാട്ടിന്‍പുറത്തുകാരനായി ജീവിക്കാനായിരുന്നു എന്നും മണി ആഗ്രഹിച്ചിരുന്നത്. ലുങ്കിയും ബനിയനും ധരിച്ച് ചാലക്കുടി പട്ടണത്തിലൂടെ ബൈക്കോടിച്ചു പോവുക എന്നും ഹരമായിരുന്നു. ഓണത്തിനും ക്രിസ്മസിനും വിഷുവിനുമെല്ലാം ചാലക്കുടിയില്‍ പറന്നെത്തും. ദാരിദ്ര്യം നിറഞ്ഞ ചെറുപ്പകാലത്തിന്റെ അനുഭവമാണ് മറ്റു താരങ്ങളില്‍ നിന്ന് അദ്ദേഹത്തെ വേറിട്ടു നിര്‍ത്തിയത്. ഒരു സമ്പന്നന്റെ സുഖസൗകര്യങ്ങള്‍ മുഴുവന്‍ സ്വന്തമാക്കി ജീവിതം വഴിമാറിയൊഴുകിയപ്പോഴും അച്ഛന്‍ പണിയെടുത്ത മണ്ണ് ഒരു വാശിക്കെന്ന വണ്ണം സ്വന്തമാക്കിയപ്പോഴും ഒരു കുറച്ചിലും ഇല്ലാതെ ഓരോ അഭിമുഖങ്ങളിലും വേദികളിലും തന്റെ ജീവിതകഥകള്‍ അദ്ദേഹം ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു.
തന്നോടൊപ്പം ചാലക്കുടിയെന്ന ഒരു നാടിനേയും മണി വളര്‍ത്തി. ചാലക്കുടിയിലെ ഓരോ വികസനവും അദ്ദേഹത്തിന്റെ സ്വപ്‌നമായിരുന്നു. താന്‍ പഠിച്ച ചാലക്കുടി ഗവ. ബോയ്‌സ്, ഗേള്‍സ് സ്‌കൂളുകളിലേക്ക് ബസ് വാങ്ങി നല്‍കി, ചെറുപ്പകാലത്ത് മണല്‍ വാരിയെടുത്ത് വില്‍പ്പന നടത്തിയിരുന്ന ചാലക്കുടിപ്പുഴയില്‍ ജലോല്‍സവം നടത്തി, ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ പോലിസുകാര്‍ക്കു യൂനിഫോം തുന്നിക്കൊടുത്ത് പണം കണ്ടെത്തിയ ചാലക്കുടി പോലിസ് സ്‌റ്റേഷന് രണ്ടാംനില നിര്‍മിച്ചുകൊടുത്തു കലാഭവന്‍ മണി.

നാടന്‍പാട്ടുകളുടെ അമരക്കാരന്‍
നാടന്‍പാട്ടെന്നാല്‍ കലാഭവന്‍ മണി തന്നെയായി മാറിയിരുന്ന കാലം. അതുവരെ ആരും ശ്രദ്ധിക്കാതെ ഉപേക്ഷിക്കപ്പെട്ട നാടന്‍പാട്ടുകളുമായി മണിയെത്തിയപ്പോള്‍ തകര്‍ന്നടിഞ്ഞത് സംഗീതാസ്വാദനത്തെക്കുറിച്ചുള്ള മുന്‍ധാരണകള്‍ മാത്രമായിരുന്നില്ല അതുവരെ ഇളകാതെ നിന്നിരുന്ന ഗായകസങ്കല്‍പങ്ങള്‍ കൂടിയായിരുന്നു. വേദിയില്‍ പാടാന്‍ മൈക്കെടുത്തപ്പോഴെല്ലാം പ്രായമായവരും ചെറുപ്പക്കാരും കുട്ടികളും കൂടെ ചേര്‍ന്നു. മണ്ണിന്റെ മണമുള്ള, കേട്ടുകേള്‍വി മാത്രമുള്ള നാടന്‍പാട്ടുകള്‍ സ്വന്തം ശൈലിയില്‍  പാടിയപ്പോള്‍, വിസ്മൃതിയിലേക്കു മാഞ്ഞുപോയ ഒരു വലിയ സംഗീതശാഖയ്ക്ക് അത് പുതിയ ഉണര്‍വേകുകയായിരുന്നു. ചാലക്കുടി ചന്തയെക്കുറിച്ചും കൂട്ടുങ്ങല്‍ അങ്ങാടിയെന്നറിയപ്പെട്ടിരുന്ന ചാവക്കാടിനെ കുറിച്ചുമുള്ള പാട്ടുകള്‍ മണിനാദത്തിലൂടെ മുഴങ്ങി. ജീവിതത്തിന്റെ ഗന്ധമുള്ള പാട്ടുകള്‍ സ്വന്തം ജീവിതാനുഭവങ്ങള്‍ കൂടി ചാലിച്ച് നാടന്‍ശീലുകളായി മണി നെയ്‌തെടുത്തു. മിമിക്രി രംഗത്ത് തന്റേതായ സ്ഥാനം ഉറപ്പിക്കുന്നതിനൊപ്പം നാടന്‍പാട്ടുകളിലൂടെ കേരളത്തെ കീഴടക്കാനും  അേദ്ദഹത്തിനു സാധിച്ചു.
കലാഭവന്‍ മണിയുടെ പേരുള്ള കോമഡി കാസറ്റുകള്‍ ചൂടപ്പം പോലെ വിറ്റഴിഞ്ഞിരുന്ന കാലം. ങ്യാ…ഹഹഹ…. എന്ന് നീട്ടിപ്പിടിച്ച ചിരിക്കൊപ്പം ഇടതടവില്ലാതെ ഒഴുകി വന്ന പാട്ടുകള്‍ തന്നെയായിരുന്നു അക്കാലത്ത് ആ കാസറ്റുകളുടെയെല്ലാം പ്രധാന ആകര്‍ഷണം. സ്വന്തം അച്ഛന്‍ പാടിക്കേട്ട പാട്ടുകളായിരുന്നു അന്നെല്ലാം മണിയുടെ കാസറ്റുകളില്‍ ഇടംപിടിച്ചിരുന്നത്. ഇല്ലായ്മയുടെ ബാല്യകാലം കൂടിയായിരുന്നു ആ പാട്ടുകള്‍ക്കൊപ്പം അദ്ദേഹം പങ്കുവച്ചത്. ‘ഓടണ്ട ഓടണ്ട ഓടിത്തളരേണ്ട’  എന്ന പാട്ടായിരുന്നു ആദ്യത്തെ ഹിറ്റ്. അതിനു പിന്നാലെ പാട്ടുകളുടെ പെരുമഴ. ‘പകലു മുഴുവന്‍ പണിയെടുത്ത്’, ‘എന്റെ കുഞ്ഞേലി നിന്നെ ഞാന്‍ കണ്ടതല്ലേടി’, ‘കണ്ണിമാങ്ങാ പ്രായത്തില്‍’, ‘ആ പരലീപരല്…’ മലയാളികളുടെ ചുണ്ടില്‍ ഇന്നും തങ്ങിനില്‍ക്കുന്ന നിരവധി പാട്ടുകള്‍ കാസറ്റുകളിലൂടെ പുറത്തുവന്നു. നാട്ടിന്‍പുറത്ത് പാടിക്കേട്ട പഴയ ശീലുകളെയെല്ലാം പൊടിതട്ടിയെടുത്ത് ഇടയ്ക്കിത്തിരി പൊടിപ്പും തൊങ്ങലും വച്ച് പൊലിപ്പിച്ചു പാടിത്തുടങ്ങിയപ്പോള്‍ കൊടകരയിലെ കാവടിയാട്ടവും ചാലക്കുടിച്ചന്തയും പൂളുമ്മ പൂളുമ്മ ചൊമപ്പുള്ള മാങ്ങയും കൂട്ടുങ്ങലങ്ങാടിയും കൂടപ്പുഴക്കരയിലെ ഓടപ്പഴം പോലുള്ള പെണ്ണുമെല്ലാം ചാലക്കുടിയുടെ അതിരുകളും കടന്ന് മലയാളികളുള്ളിടത്തെല്ലാം മുഴങ്ങാന്‍ തുടങ്ങി.
കലാഭവന്‍ മണി അന്തരിച്ചെന്ന വാര്‍ത്ത വിശ്വസിക്കാന്‍ മലയാളം കുറച്ചെങ്കിലും അറിയുന്ന ഒരാള്‍ക്കും പെട്ടെന്ന് കഴിയുകയില്ല. കരുത്തനായ, ഉരുക്കിന്റെ ശരീരമുള്ള മണി രോഗബാധിതനായി മരിച്ചിരിക്കുന്നു. കലാഭവന്‍ മണിയെന്ന നടന്‍ കാലയവനികയ്ക്കുള്ളില്‍ മറയുമ്പോഴും അദ്ദേഹത്തിന് അര്‍ഹിച്ച അംഗീകാരം ലഭിച്ചോ എന്നാണ് സംശയം. ആ നടനെ അംഗീകരിക്കാന്‍ പലപ്പോഴും പലര്‍ക്കും മനസ്സില്ലായിരുന്നു. കാരണം മനസ്സില്‍ ഇപ്പോഴും ജാതിവ്യവസ്ഥ സൂക്ഷിക്കുന്നവര്‍ക്ക് മണിയെ നടനായി കാണാന്‍ ആവുമായിരുന്നില്ല. ഒന്നുറപ്പാണ് മലയാള സിനിമയുടെ കറുത്ത മുത്തിന്റെ ട്രേഡ് മാര്‍ക്ക് ചിരി ഇനി അനുകരിക്കുമ്പോള്‍ നമ്മുടെ ശബ്ദം ചിലപ്പോള്‍ ഇടറിയേക്കാം. അനശ്വരമാക്കിയ നാടന്‍പാട്ടുകള്‍ പാടുമ്പോള്‍ വരികള്‍ മുറിഞ്ഞ് പോയേക്കാം. പക്ഷേ, മലയാളമറിയുന്ന ഓരോ മനുഷ്യന്റെ ഓര്‍മകളിലും മണികിലുക്കം തുടര്‍ന്നുകൊണ്ടിരിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 192 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക