|    Jan 16 Mon, 2017 4:31 pm

നന്ദിപറഞ്ഞ് രശ്മിക്കു വീട്ടാനാവുന്നില്ല ബിഷപ്പ് ജേക്കബ് മുരിക്കനോടുള്ള കടം

Published : 9th June 2016 | Posted By: SMR

കൊച്ചി: തന്റെ ഭര്‍ത്താവിന് വൃക്ക ദാനം ചെയ്ത ബിഷപ്പിനു മുന്നില്‍ നന്ദിയുടെ കൂപ്പുകൈയുമായി രശ്മി. ദൈവത്തിന്റെ അനുഗ്രഹമാണ് തന്നെ അവയവദാനത്തിന് പ്രാപ്തനാക്കിയതെന്ന് പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍. അവയവമാറ്റ ശസ്ത്രക്രിയയ്ക്കു ശേഷം സുഖം പ്രാപിച്ച ബിഷപ് ജേക്കബ് മുരിക്കന്‍ ഇന്നലെ വിപിഎസ് ലേക്‌ഷോര്‍ ആശുപത്രി വിടാന്‍ തയാറെടുക്കുന്നതിനിടയിലാണ് മാര്‍ ജേക്കബ് മുരിക്കന്റെ വൃക്ക സ്വീകരിച്ച സൂരജിന്റെ ഭാര്യ രശ്മി നന്ദിയുടെ കൂപ്പുകൈയുമായി ബിഷപ്പിനു മുന്നില്‍ എത്തിയത്.
തന്റെ വൃക്കദാനത്തിലൂടെ സമൂഹത്തിനു പ്രചോദനം നല്‍കാന്‍ കഴിഞ്ഞാല്‍ താന്‍ കൃതാര്‍ഥനായെന്ന് അദ്ദേഹം പറഞ്ഞു. സൂരജിനെപോലെ കുടുംബത്തിന്റെ താങ്ങും തണലുമായ ഒട്ടേറെപ്പേര്‍ അവയവം ലഭിക്കാനായി കാത്തിരിക്കുന്നുണ്ട്. സുമനസ്സുകള്‍ കനിഞ്ഞാല്‍ അവര്‍ക്ക് ജീവിതം നല്‍കാനാവുമെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു. ഒരാഴ്ച കഴിഞ്ഞ് ചെക്കപ്പിന് എത്തണമെന്നും ഒരു മാസം വിശ്രമം വേണമെന്നും നെഫ്രോളജിസ്റ്റ് ഡോ. എബി എബ്രഹാം ബിഷപ്പിനോട് നിര്‍ദേശിച്ചു. ശസ്ത്രക്രിയയുടെ മുറിവ് ഉണങ്ങിയതായി യൂറോളജിസ്റ്റ് ഡോ. ജോര്‍ജ് പി എബ്രഹാം പറഞ്ഞു. അദ്ദേഹത്തിന് സാധാരണ ഭക്ഷണം കഴിക്കാനാവും. വൃക്ക സ്വീകരിച്ച സൂരജിനെ ഇന്ന് ഐസിയുവില്‍ നിന്നു മുറിയിലേക്ക് മാറ്റി. ഒരാഴ്ചകൂടി ആശുപത്രിവാസം വേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഈമാസം ഒന്നിന് എറണാകുളം വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയില്‍ നടന്ന ശസത്രക്രിയയിലൂടെയാണ് തന്റെ വൃക്ക ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍ ഹിന്ദു സമുദായത്തില്‍പ്പെട്ട സൂരജിന് ദാനം ചെയ്തത്. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ ജീവനക്കാരനായ സൂരജ് എന്ന 31 വയസ്സുകാരന്‍ കഴിഞ്ഞ ഒരു വര്‍ഷമായി വൃക്ക ലഭിക്കാന്‍ കാത്തിരിക്കുകയായിരുന്നു. ജന്മനാ ഒരു വൃക്ക മാത്രമുള്ള സൂരജിന് കഴിഞ്ഞ വര്‍ഷം മൂത്രത്തില്‍ അണുബാധ വന്നതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഒരു വൃക്കമാത്രമേ ഉള്ളൂവെന്നറിഞ്ഞതും വൃക്കയുടെ തകരാര്‍ കണ്ടെത്തിയതും. തുടര്‍ന്ന് കിഡ്‌നി ഫെഡറേഷനുമായി ബന്ധപ്പെട്ട് കാത്തിരിക്കുകയായിരുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സൂരജിനു തന്റെ വൃക്ക അനുയോജ്യമാവുമെന്ന് പരിശോധനകളില്‍ തെളിഞ്ഞതോടെ ഒട്ടും വൈകാതെ തന്നെ അവയവമാറ്റം നടത്താന്‍ ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍ തീരുമാനിച്ചു. വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയിലെ യൂറോളജിസ്റ്റുമാരായ ഡോ. ജോര്‍ജ് പി എബ്രഹാം, ഡോ. ഡാറ്റ്‌സണ്‍ ജോര്‍ജ് പി, നെഫ്രോളജിസ്റ്റുമാരായ ഡോ. എബി എബ്രഹാം, ഡോ. ജിതിന്‍ എസ് കുമാര്‍, ചീഫ് ഓഫ് സ്റ്റാഫും അത്യാഹിത ചികില്‍സാ വിഭാഗം മേധാവിയുമായ ഡോ. മോഹന്‍ മാത്യു, ഡോ. മത്തായി സാമുവല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം അവയവമാറ്റ ശസ്ത്രക്രിയയ്ക്കും ചികില്‍സകള്‍ക്കും നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 39 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക