|    Oct 22 Mon, 2018 5:26 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

നന്ദിഗ്രാമില്‍നിന്ന് കീഴാറ്റൂരിലേക്കുള്ള കൈവഴികള്‍

Published : 2nd April 2018 | Posted By: kasim kzm

നെഞ്ച് പിളരുന്നകീഴാറ്റൂര്‍ – 5  –  സമദ്  പാമ്പുരുത്തി
സിപിഎം നിലപാട് പാടേ തള്ളുന്ന ശാസ്ത്ര സാഹിത്യ പരിഷത്ത് റിപോര്‍ട്ട് വയല്‍ക്കിളികള്‍ക്കു പകര്‍ന്ന ഊര്‍ജം ചെറുതല്ല. നിര്‍ണായക ഘട്ടത്തില്‍ ലഭിച്ച  അവസരം അവര്‍ നന്നായി ഉപയോഗപ്പെടുത്തി. അതാണ് തുടര്‍ സമരപാതയില്‍ കരുത്തായതും. എന്നാല്‍, സര്‍ക്കാരും ദേശീയപാത അതോറിറ്റിയും അനങ്ങിയില്ല. സമരം കൂടുതല്‍ ശക്തിയാര്‍ജിക്കുന്നതിനു മുമ്പ് സര്‍വേ നടപടികള്‍ തുടങ്ങാനായിരുന്നു അധികൃതരുടെ നീക്കം. കീഴാറ്റൂര്‍ വയല്‍ ഉള്‍പ്പെടുന്ന സ്ഥലം അളന്നു തിട്ടപ്പെടുത്താന്‍ മാര്‍ച്ച് 7ന് ഉദ്യോഗസ്ഥര്‍ എത്തുമെന്ന സൂചനകളുണ്ടായി. എന്തു വിലകൊടുത്തും സര്‍വേ തടയുമെന്ന് വയല്‍ക്കിളികള്‍ പ്രഖ്യാപിച്ചു. സഹായം ആവശ്യപ്പെട്ട് ദേശീയപാത അതോറിറ്റി തളിപ്പറമ്പ് പോലിസില്‍ അപേക്ഷ നല്‍കി. ജില്ലാ കലക്ടര്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ചചെയ്തു.
എന്നാല്‍, തൃച്ഛംബരം ക്ഷേത്രത്തില്‍ ഉല്‍സവം നടക്കുന്നതിനാല്‍ പ്രശ്‌നസാധ്യത കണക്കിലെടുത്ത് സര്‍വേ നീട്ടിവച്ചു. ഇതിനിടെ, സമരനായിക നമ്പ്രാടത്ത് ജാനകിക്കു നേരെ വധഭീഷണിയുണ്ടായി. സമരനായകന്‍ സുരേഷിന്റെ വീടും ആക്രമിക്കപ്പെട്ടു. സിസിടിവി ദൃശ്യങ്ങള്‍ സഹിതം പോലിസില്‍ പരാതി നല്‍കിയെങ്കിലും കുറ്റക്കാരെ കണ്ടെത്താനായില്ല.
ഒരാഴ്ച കഴിഞ്ഞ് യുദ്ധസമാന രംഗങ്ങള്‍ക്കാണ് കീഴാറ്റൂര്‍ സാക്ഷിയായത്. പശ്ചിമബംഗാളിലെ നന്ദിഗ്രാമില്‍ ചെങ്കൊടി പിഴുതെറിയപ്പെട്ട അതേ നാള്‍. സര്‍വസന്നാഹത്തോടെ എത്തിയ പോലിസും സര്‍വേ ഉദ്യോഗസ്ഥരും വയലിലിറങ്ങി. നട്ടുച്ചനേരം ദേഹത്ത് മണ്ണെണ്ണയൊഴിച്ച് പ്രതിരോധം തീര്‍ത്ത സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വയല്‍ക്കിളികളെ പോലിസ് വലിച്ചിഴച്ച് കൂട്ടിലടച്ചു. മുദ്രാവാക്യങ്ങളുമായി ചെറുത്തുനിന്നവരെ വിരട്ടിയോടിച്ചും വൈക്കോല്‍ കൂനകള്‍ ചാമ്പലാക്കിയും നിയമപാലകര്‍ നിറഞ്ഞാടി. സമരക്കാരെ കൂകിവിളിച്ചും പച്ചത്തെറി പറഞ്ഞും മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയും ഒരുസംഘം സിപിഎം പ്രവര്‍ത്തകരും. ഒടുവില്‍ ചെങ്കൊടി പാറിപ്പറക്കുന്ന സമരപ്പന്തലിന് തീയിട്ടാണ് അവര്‍ പാര്‍ട്ടിക്കൂറും വികസന സ്‌നേഹവും തെളിയിച്ചത്. ചരിത്രവിജയത്തില്‍ കലാശിച്ച മഹാരാഷ്ട്രയിലെ ഐതിഹാസികമായ കര്‍ഷക മാര്‍ച്ചില്‍ അഭിമാനംകൊള്ളുന്ന പാര്‍ട്ടി പക്ഷേ, വേട്ടക്കാരനൊപ്പം ചേരുന്ന വിചിത്ര കാഴ്ചകള്‍ക്കും കീഴാറ്റൂര്‍ വയല്‍ സാക്ഷിയായി.
ചെറുത്തുനില്‍പിന് സ്വാഭാവികമായ ബലഹീനത പ്രകടമായെങ്കിലും കീഴടങ്ങാന്‍ ഒരുക്കമായിരുന്നില്ല വയല്‍ക്കിളികള്‍. ചാരമായി മാറിയ സമരപ്പന്തല്‍ അതേ സ്ഥാനത്ത് പുനസ്ഥാപിക്കുമെന്നും കേരളം ഉടന്‍ കീഴാറ്റൂരില്‍ എത്തുമെന്നും അവര്‍ പ്രഖ്യാപിച്ചു. ഇതിനായി പരിസ്ഥിതി-പൗരാവകാശ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി വിപുലമായ ഐക്യദാര്‍ഢ്യസമിതിയും രൂപീകരിച്ചു. ഒരുവേള പതറിയെങ്കിലും വെല്ലുവിളി ഏറ്റെടുക്കാന്‍ സിപിഎം തയ്യാറായി. ഒരുമുഴം മുമ്പേ പ്രതിരോധം ശക്തമാക്കാനും അവര്‍ക്കു സാധിച്ചു. അങ്ങനെ വയല്‍ക്കിളികളുടെ ബഹുജനറാലിക്ക് തലേന്നാള്‍ സിപിഎം ജനകീയ സംരക്ഷണസമിതി രൂപീകരിച്ച് വയല്‍ കാവല്‍ സമരം നടത്തി. വയലില്‍ സര്‍വേ നടത്തിയ സ്ഥലത്ത് ഭൂമി വിട്ടുനല്‍കാന്‍ സന്നദ്ധരായവരുടെ പേരെഴുതിയ ബോര്‍ഡുകളും കിസാന്‍സഭയുടെ കൊടികളും സ്ഥാപിച്ചു. തുടര്‍ന്ന് തളിപ്പറമ്പിലേക്ക് നടത്തിയ മാര്‍ച്ചില്‍ സ്ത്രീകളും പാര്‍ട്ടി ജനപ്രതിനിധികളും ഉള്‍പ്പെടെ ആയിരങ്ങള്‍ അണിനിരന്നു.
കീഴാറ്റൂരിനെ അപമാനിക്കാന്‍  അനുവദിക്കില്ലെന്നും ബൈപാസിന്റെ പേരുപറഞ്ഞ് നാട്ടില്‍ അശാന്തി സൃഷ്ടിക്കാനുള്ള നീക്കം തടയുമെന്നും പാര്‍ട്ടി ശക്തമായ താക്കീത് നല്‍കി.
എന്നാല്‍, പിറ്റേന്ന് കേരളം കീഴാറ്റൂരിനെ നെഞ്ചോടു ചേര്‍ക്കുന്ന കാഴ്ചയായിരുന്നു തളിപ്പറമ്പില്‍. തലേന്ന് സിപിഎം നടത്തിയ സമരത്തിനോട് കിടപിടിക്കുന്ന ശക്തിപ്രകടനവുമായി വിവിധ ജില്ലകളിലെ പരിസ്ഥിതിസ്‌നേഹികളും പൗരാവകാശപ്രവര്‍ത്തകരും വിവിധ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളും സമരഭൂമിയിലേക്ക് ഒഴുകിയെത്തി. കര്‍ഷകസമരത്തെ  അധികാരത്തിന്റെ മുഷ്ടി ഉപയോഗിച്ച് അടിച്ചമര്‍ത്താനുള്ള നീക്കത്തിനെതിരായ മുന്നറിയിപ്പായി മാര്‍ച്ച് മാറി. കത്തുന്ന മീനച്ചൂടിനെ കൂസാതെ മുദ്രാവാക്യം മുഴക്കി വിശാലമായ വയലില്‍ ലയിച്ച റാലിയില്‍ സമൂഹത്തിന്റെ പരിച്ഛേദം തന്നെയുണ്ടായിരുന്നു. എതിരാളികള്‍ അമ്പരന്ന മാര്‍ച്ച് റിപോര്‍ട്ട് ചെയ്യാന്‍ ദേശീയ മാധ്യമങ്ങളും എത്തി.
സമരനായകന്‍ സുരേഷ് കീഴാറ്റൂര്‍ ചൊല്ലിയ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ  ജനസഞ്ചയം നെഞ്ചേറ്റി. കുടിനീരും മണ്ണും അന്നവും ഇല്ലാതാക്കാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറുന്നതു വരെ സമരം തുടരുമെന്ന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത സമരനായിക നമ്പ്രാടത്ത് ജാനകിയമ്മ പ്രഖ്യാപിച്ചു. പരിസ്ഥിതിക്ക് പ്രഹരമേല്‍പ്പിക്കുന്നതില്‍ ആശങ്ക പങ്കുവച്ചും ഭ്രാന്തന്‍ വികസന നയങ്ങള്‍ക്കെതിരേ ശക്തമായ താക്കീതും നല്‍കിയാണ് അവരെല്ലാം കീഴാറ്റൂരില്‍ നിന്നു മടങ്ങിയത്.

(അവസാനിക്കുന്നില്ല)

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss