|    Oct 17 Wed, 2018 3:15 pm
FLASH NEWS

നദീ പുനര്‍സംയോജനം: മൂന്നാംഘട്ടത്തിന് ഇന്ന് തുടക്കം

Published : 25th September 2017 | Posted By: fsq

 

കോട്ടയം: മീനച്ചിലാര്‍ മീനന്തറയാര്‍ കൊടൂരാര്‍ പുനര്‍സംയോജന പദ്ധതിയുടെ ഭാഗമായി മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കംകുറിക്കും. മീനന്തറയാറ്റില്‍ ഇറഞ്ഞാല്‍ ഭാഗത്തുനിന്ന് തുടങ്ങി മാങ്ങാനം കടന്ന് കൊടൂരാറ്റില്‍ ചേരുന്ന മൂന്നര കിലോമീറ്റര്‍ ദൂരം വരുന്ന കഞ്ഞിക്കുഴിത്തോട് ജനകീയപങ്കാളിത്തത്തോടെ പുനരുജ്ജീവിപ്പിക്കാനാണ് മൂന്നാംഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. ഗ്രീന്‍ ഫ്രെട്ടേണിറ്റിയുടെ നേതൃത്വത്തിലാണ് ഇറഞ്ഞാല്‍ ഭാഗത്ത് സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. യന്ത്രസഹായത്തോടെ ജനകീയകൂട്ടായ്മയുടെ നേതൃത്വത്തില്‍ കൊടൂരാറ്റില്‍നിന്നാരംഭിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഇന്ന് രാവിലെ മാര്‍ ബസേലിയോസ് പബ്ലിക് സ്‌കൂളിന് മുന്നില്‍ ജസ്റ്റിസ് കെ ടി തോമസ് ഉദ്ഘാടനം ചെയ്യും. കോ-ഓഡിനേറ്റര്‍ അഡ്വ.കെ അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. മൂന്നുകിലോമീറ്റര്‍ ദൂരത്തില്‍ യന്ത്രസഹായത്തോടെയുള്ള ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കാണ് ഇവിടെ തുടക്കമിടുന്നത്. മാര്‍ ബസേലിയോസ് സ്‌കൂളിലെ വിദ്യാര്‍ഥികളും ഈ ഭാഗത്തെ സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവും. പ്രവര്‍ത്തനങ്ങള്‍ പത്തുദിവസംകൊണ്ട് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി കഞ്ഞിക്കുഴിത്തോട്ടിലേക്ക് കിഴക്കുനിന്ന് വന്നുചേരുന്ന മലിനീകരണത്തിന് വിധേയമായ എല്ലാ തോടുകളും നവീകരിക്കുന്നതിനും സംരക്ഷിക്കുന്നതിനും ആനത്താനത്ത് ചേര്‍ന്ന ജനകീയ കൂട്ടായ്മ തീരുമാനിച്ചു. വടവാതൂര്‍ സെമിനാരിക്കുന്നിലുള്ള ഉറവകളില്‍നിന്ന് ഉടലെടുക്കുന്ന തോടുകളെല്ലാം നവീകരിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളും പത്തുദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും. മക്രോണിത്തോട്, മധുരഞ്ചേരിത്തോട്, ആനത്താനം തുരുത്തേല്‍പ്പാലം തോട്, ഇഞ്ചിക്കാലാ തുരുത്തേല്‍ പാലം തോട്, പറപ്പുഴ കാരാണി ഞാറയ്ക്കല്‍ചിറത്തോട് എന്നീ ഇടത്തോടുകള്‍ കഞ്ഞിക്കുഴിത്തോട്ടിലേക്കാണ് എത്തുന്നത്. കഞ്ഞിക്കുഴിത്തോടിനൊപ്പം ഈ തോടുകളും ശുചീകരിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss