|    Jan 24 Tue, 2017 10:49 am
FLASH NEWS

നദിയുടെ കൈവഴി ചൈന അടച്ചു; ബ്രഹ്മപുത്രയില്‍ ചൈനയുടെ ജലവൈദ്യുത പദ്ധതി

Published : 2nd October 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇന്ത്യയെ ആശങ്കയിലാഴ്ത്തി ബ്രഹ്മപുത്ര നദിയില്‍ ചൈന വന്‍ ജവൈദ്യുത പദ്ധതി നിര്‍മിക്കുന്നു. ബ്രഹ്മപുത്രയുടെ പോഷക നദിയായ സിയാബുക്കുവിലാണ് 7,400 ലക്ഷം ഡോളര്‍ ചെലവഴിച്ചു വന്‍ അണക്കെട്ട് നിര്‍മിക്കുന്നത്. തിബത്തന്‍ ഭാഷയില്‍ യര്‍ലുങ് സങ്ബൂ എന്നു വിളിക്കുന്ന ബ്രഹ്മപുത്രയുടെ കൈവഴിയായ സിയാബു നദിയില്‍ ദ ലാല്‍ഹൂ എന്ന പേരിലാണ് ചൈന അണക്കെട്ട് നിര്‍മിക്കുന്നത്. സിക്കിമിന് സമീപത്തെ സിഗാസെ എന്ന സ്ഥലത്താണ് പദ്ധതി നിര്‍മാണം. ഇവിടെ നിന്നാണ് ബ്രഹ്മപുത്ര നദി അരുണാചല്‍ പ്രദേശിലേക്ക് പ്രവേശിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ബ്രഹ്മപുത്ര നദിയുടെ തിബത്തിലുള്ള കൈവഴി ചൈന അടച്ചു. ഈ നദിയിലെ ജലം ഉപയോഗിച്ച് ജലസചനം നടത്തിവരുന്ന ഇന്ത്യക്കും ബംഗ്ലാദേശിനും കനത്ത തിരിച്ചടിയാവും ചൈനയുടെ നടപടി.
ചൈനയുടെ അണക്കെട്ടും വൈദ്യുതി ഉില്‍പാദനവും ബ്രഹ്മപുത്രയിലെ ജലമൊഴുക്കു കുറയ്ക്കുമെന്നാണ് ഇന്ത്യയുടെ പ്രധാന ആശങ്ക. പാകിസ്താനുമായുള്ള സിന്ധു നദീജല കരാറില്‍നിന്നു പിന്‍മാറാനുള്ള ഇന്ത്യയുടെ നീക്കത്തെക്കുറിച്ച് ചൊവ്വാഴ്ച ചൈന വിവരങ്ങള്‍ ആരാഞ്ഞിരുന്നു. ഇന്ത്യയുടെയും പാകിസ്താന്റെയും സൗഹൃദ അയല്‍രാജ്യമെന്ന നിലയ്ക്ക് ഇരു രാജ്യങ്ങള്‍ക്കും ഇടയിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നും ചൈന അഭിപ്രായപ്പെട്ടിരുന്നു.
ചൈനയുടെതന്നെ ഏറ്റവും വിലയേറിയ പദ്ധതിയെന്നണ് അണക്കെട്ട് വിശേഷിപ്പിക്കപ്പെടുന്നത്. 2014 ജൂണില്‍ തുടങ്ങിയ അണക്കെട്ടിന്റെ നിര്‍മാണം 2019ല്‍ പൂര്‍ത്തിയാവുമെന്നാണു ചൈന അവകാശപ്പെടുന്നത്. അണക്കെട്ട് നിര്‍മിക്കുന്ന വിവരം ചൈനയുടെ ഔദ്യോഗിക വാര്‍ത്താഏജന്‍സി സിന്‍ഹുവയാണ് പുറത്തുവിട്ടത്. 2014 ജൂണില്‍തന്നെ സിക്കിമിന് സമീപമുള്ള തിബത്തന്‍ പ്രദേശമായ സിഗാസെയില്‍ അണക്കെട്ടിന്റെ നിര്‍മാണം ചൈന ആരംഭിച്ചിരുന്നതായാണ് റിപോര്‍ട്ട്. ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്താനുമായുള്ള സിന്ധു നദീജല കരാര്‍ റദ്ദാക്കുന്ന കാര്യം ഇന്ത്യ ആലോചിച്ചു വരുന്നതിനിടെയാണ് പാകിസ്താന്റെ ‘സൗഹൃദ രാജ്യമായ’ ചൈനയുടെ നടപടി. സമുദ്രനിരപ്പില്‍ നിന്നു 3,300 മീറ്റര്‍ ഉയരത്തിലുള്ള സാംഗമു ജലവൈദ്യുത നിലയം ചൈന കഴിഞ്ഞവര്‍ഷം കമ്മീഷന്‍ ചെയ്തിരുന്നു. പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതിപ്രകാരം അഞ്ച് അണക്കെട്ടുകളാണ് ചൈന നിര്‍മിക്കാനുദ്ദേശിക്കുന്നത്. അതിനാല്‍ ഈ രണ്ടു അണക്കെട്ടുകള്‍ക്കു പുറമെ ബ്രഹ്മപുത്രയില്‍ മൂന്നു ജലവൈദ്യുത പദ്ധതികൂടി ചൈന നിര്‍മിക്കും.
കഴിഞ്ഞ മാര്‍ച്ചില്‍ ചൈനയുടെ അണക്കെട്ട് നിര്‍മാണത്തിനെതിരേ കേന്ദ്രസര്‍ക്കാര്‍ ആശങ്ക അറിയിച്ചിരുന്നു. ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ ജല ഉടമ്പടികളൊന്നും നിലവിലില്ല. അതിനാല്‍ 2013ല്‍ ഇന്ത്യയും ചൈനയും ഇഎല്‍എം (വിദഗ്ധ തലത്തിലുള്ള സംവിധാനം) കൊണ്ടുവരാനുള്ള ധാരണാപത്രം ഒപ്പുവച്ചിരുന്നു. ഇതുപ്രകാരം അതിര്‍ത്തിയിലെ നദികളുടെ ഒഴുക്ക് സംബന്ധിച്ച വിവരങ്ങള്‍ ഇരുരാജ്യങ്ങളും കൈമാറുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക