|    Feb 24 Fri, 2017 6:58 pm
FLASH NEWS

നദികളും കടലും മണ്ണും മനുഷ്യരും

Published : 31st March 2016 | Posted By: swapna en

വി ആര്‍ ജി  
സാഹിത്യം
vrg

തെക്കനേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള മികച്ച ഇംഗ്ലീഷ് നോവലിന് വര്‍ഷംതോറും നല്‍കിവരുന്ന ഡിഎസ്‌സി പുരസ്‌കാരത്തിന്റെ ആറു പേരുകളുള്‍ക്കൊള്ളുന്ന ചുരുക്കപ്പട്ടികയില്‍ ആദ്യമായി ഇത്തവണ ഇന്ത്യയില്‍ നിന്നുള്ള എഴുത്തുകാരുടെ കൃതികളേ ഉണ്ടായിരുന്നുള്ളൂ. നീല്‍ മുഖര്‍ജിയുടെ ‘ദ ലിവ്‌സ് ഓഫ് അദേഴ്‌സ്’, രാജ്കമല്‍ ഝായുടെ ‘ഷി വില്‍ ബില്‍ഡ് ഹിം എ സിറ്റി’, അനുരാധ റോയിയുടെ ‘സ്ലീപിങ് ഓണ്‍ ജൂപിറ്റര്‍’, അഖില്‍ ശര്‍മയുടെ ‘ഫാമിലി ലൈഫ്’, മിര്‍സാ വാഹിദിന്റെ ‘ദ ബുക്ക് ഓഫ് ഗോള്‍ഡ് ലീവ്‌സ്’, കെ ആര്‍ മീരയുടെ ‘ആരാച്ചാര്‍’ന്റെ വിവര്‍ത്തനമായ ‘ഹാങ് വുമണ്‍’ (വിവ: ജെ ദേവിക) എന്നിവയാണവ. ബിബിസിയുടെ മുന്‍ ലേഖകനും ഗ്രന്ഥകര്‍ത്താവുമായ മാര്‍ക്ക് ടൂലി ചെയര്‍മാനായുള്ള വിധിനിര്‍ണയസമിതി ഇതില്‍നിന്നു തിരഞ്ഞെടുത്തത് പൂര്‍ണവും ദൃഢവുമായ ‘സ്ലീപിങ് ഓണ്‍ ജൂപിറ്റര്‍’ ആണ്. ഏകദേശം 50,000 ഡോളര്‍ സമ്മാനത്തുകയുള്ള പുരസ്‌കാരം ശ്രീലങ്കയിലെ ഗോളില്‍ നടന്ന സാഹിത്യോല്‍സവത്തില്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ, അനുരാധ റോയിക്ക് സമ്മാനിച്ചു.
കൊല്‍ക്കത്തക്കാരിയായ അനുരാധ സൗത്ത് പോയിന്റ് സ്‌കൂളിലെയും സെന്റ് തോമസ് സ്‌കൂളിലെയും പഠനത്തിനുശേഷം പ്രസിഡന്‍സി കോളജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദമെടുത്തു. ബ്രിട്ടനിലെ കാംബ്രിജ് സര്‍വകലാശാലയില്‍നിന്ന് ബിരുദാനന്തര ബിരുദവും. രണ്ടായിരാമാണ്ടില്‍ കൊല്‍ക്കത്തയില്‍ ‘പെര്‍മനന്റ് ബ്ലാക്ക്’ എന്ന പ്രസിദ്ധീകരണശാല, ചില സുഹൃത്തുക്കള്‍ക്കൊപ്പം ആരംഭിച്ചു. യസുനാരി കവാബാത്ത, ആലിസ് മണ്‍റോ, ആന്‍ സ്റ്റീവന്‍സണ്‍, പെനിലോപ് ഫിറ്റ്‌സ് ജെറാള്‍ഡ് എന്നിവരുടെ രചനകളോട് പ്രത്യേകം താല്‍പര്യമാണ്. നിയതാര്‍ഥത്തില്‍ ഒരു പത്രപ്രവര്‍ത്തകയെന്നു വിശേഷിപ്പിക്കാനാവില്ലെങ്കിലും സാഹിത്യ-സാമൂഹിക-സാംസ്‌കാരിക വിഷയങ്ങളെപ്പറ്റി ആനുകാലികങ്ങളില്‍ സ്ഥിരമായി എഴുതുന്നു.
2004ല്‍ പ്രസിദ്ധീകരിക്കപ്പെട്ട, വിമര്‍ശനാത്മകമായ ‘കുക്കിങ് വുമണ്‍’ എന്ന പ്രഥമ കൃതി സര്‍ഗാത്മക സാഹിത്യേതര വിഭാഗത്തില്‍ 2004ലെ ഔട്ട്‌ലുക്ക്-പിക്കാഡോര്‍ അവാര്‍ഡ് നേടുകയുണ്ടായി. എങ്കിലും 2008ല്‍ പുറത്തുവന്ന ‘ആന്‍ അറ്റ്‌ലസ് ഓഫ് ഇംപോസിബിള്‍ ലിവിങ്’ എന്ന നോവലാണ് സാഹിത്യലോകത്ത് അനുരാധ റോയിയെ ശ്രദ്ധേയയാക്കിയത്. 15 വിദേശഭാഷകളിലേക്കു മൊഴിമാറ്റം ചെയ്യപ്പെട്ട ഈ നോവലിന്റെ അടിസ്ഥാനത്തില്‍ അവരെ ‘വേള്‍ഡ് ലിറ്ററേച്ചര്‍ ടുഡെ’ എന്ന പ്രസിദ്ധീകരണം ആധുനിക ഇന്ത്യന്‍ സാഹിത്യത്തിലെ പ്രാമാണിക ഇംഗ്ലീഷ് എഴുത്തുകാരിലൊരാളായി തിരഞ്ഞെടുത്തു. സന്താള്‍ വര്‍ഗക്കാര്‍ അധിവസിക്കുന്ന സോണ്‍ഗഡ് എന്ന ഖനനപട്ടണത്തിലെ അമൂല്യ എന്ന സമ്പന്നന്റെ അതിമോഹം ഒരു കുടുംബത്തിനു മാത്രമല്ല, നദികളുടെയും ഭൂപ്രദേശത്തിന്റെ ഒട്ടാകെ തന്നെയും നാശത്തിന് എങ്ങനെ കാരണമായിത്തീരുന്നു എന്ന് സ്പഷ്ടമാക്കുന്നു ആ നോവല്‍.
2011ലെ ക്രോസ്‌വേഡ് ബുക്ക് അവാര്‍ഡ് കരസ്ഥമാക്കിയ (‘ഹിന്ദു’ സാഹിത്യസമ്മാനത്തിന്റെ ചുരുക്കപ്പട്ടികയിലും മാന്‍ ബുക്കര്‍ സമ്മാനത്തിന്റെ ആദ്യപട്ടികയിലും ഇടംപിടിച്ചതുമായ) ‘ദ ഫോള്‍ഡഡ് എര്‍ത്ത്’ എന്ന രണ്ടാമത്തെ നോവലിലെ പ്രമേയമാവട്ടെ വനനശീകരണവും മലമ്പ്രദേശങ്ങളുടെ തിരോധാനവും ആണ്. ഒരുതരം ഗൃഹാതുരത്വമാര്‍ന്ന കൃതി. നോവലിസ്റ്റിന്റെ ബാല്യകാലം മലകളുടെ, വനപ്രദേശങ്ങളുടെ താഴ്‌വാരങ്ങളില്‍ ഉള്‍പ്രദേശങ്ങളിലായിരുന്നു. ആയതിനാല്‍  പ്രകൃതിയോട് സഹജാവബോധം സംജാതമായത് സ്വാഭാവികം. നഗരജീവിതത്തിന്റെ അസ്വസ്ഥതകളോടുള്ള ബഹിര്‍സ്ഫുരണം കൂടിയാണ് തന്റെ നോവലെന്ന് അനുരാധ പറയുന്നു.
‘സ്ലീപിങ് ഓണ്‍ ജൂപിറ്ററി’ലാവട്ടെ കടലാണ് പശ്ചാത്തലം. ഒരു ബാലന്റെ കണ്ണിലൂടെ വളരെ നിസ്സംഗതയോടെയും അതേസമയം തികച്ചും ആധികാരികമായും അനുരാധ അക്രമങ്ങളെക്കുറിച്ചും ഹിംസകളെക്കുറിച്ചും എഴുതുന്നു. ബന്ധങ്ങളിലെയും സൗഹൃദങ്ങളിലെയും സങ്കീര്‍ണതകളാണ് ഇവിടെ പ്രതിപാദ്യം. ഒരു സാമ്യവുമില്ലാത്തവര്‍ തമ്മിലായിരിക്കും ഈ ബന്ധങ്ങളും സൗഹൃദങ്ങളും ഉടലെടുക്കുക. അതേസമയം, മനുഷ്യപ്രകൃതിയിലെ ഇരുണ്ടതോ ഭീകരമോ ആയ സ്വഭാവസവിശേഷതകള്‍ ഒഴിവാക്കാന്‍ താന്‍ ശ്രമിച്ചിട്ടുണ്ടെന്നും അനുരാധ റോയി കൂട്ടിച്ചേര്‍ക്കുന്നു.
ടോള്‍സ്‌റ്റോയിയുടെ ‘യുദ്ധവും സമാധാനവും’ എന്ന നോവല്‍ വായിക്കാനുള്ള ക്ഷമ തനിക്കിന്നേവരെ ഉണ്ടായിട്ടില്ലെന്നു തുറന്നു സമ്മതിക്കുന്ന അനുരാധ റോയിക്ക് ഒരു കുറ്റാന്വേഷണ നോവല്‍ എഴുതാന്‍ വളരെ താല്‍പര്യമുണ്ട്. പക്ഷേ, ചിത്രകാരി കൂടിയായ ഈ എഴുത്തുകാരി പറയുന്നത് തനിക്കതിനുള്ള ”ബുദ്ധി” ഇല്ലെന്നാണ്. ി

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 144 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക