|    Nov 18 Sun, 2018 3:38 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

നട നാളെ തുറക്കും; കര്‍ശന സുരക്ഷ

Published : 4th November 2018 | Posted By: kasim kzm

പത്തനംതിട്ട: ചിത്തിര ആട്ടതിരുനാള്‍ വിശേഷപൂജയ്ക്കായി ശബരിമല ക്ഷേത്രനട നാളെ വൈകീട്ട് 5നു തുറക്കും. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കര്‍ശന സുരക്ഷയാണ് ശബരിമലയിലും പരിസരത്തും ഒരുക്കിയിട്ടുള്ളത്. ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരും മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും ചേര്‍ന്ന് നട തുറന്ന് ശ്രീകോവിലില്‍ വിളക്കു തെളിക്കും. നട തുറക്കുന്ന ദിവസം പ്രത്യേക പൂജകള്‍ ഉണ്ടാവില്ല.
സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷയാണ് ശബരിമലയില്‍ പോലിസ് ഒരുക്കിയിട്ടുള്ളത്. തീര്‍ത്ഥാടകരെയും മാധ്യമപ്രവര്‍ത്തകരെയും 5ന് രാവിലെ 8 മണിയോടുകൂടി മാത്രമേ നിലയ്ക്കലില്‍ നിന്നു പമ്പയിലേക്കും സന്നിധാനത്തേക്കും സുരക്ഷാ പരിശോധനകള്‍ക്കു ശേഷം കടത്തിവിടൂ. ഭക്തരല്ലാതെ ആരെയും പമ്പയിലേക്കോ സന്നിധാനത്തേക്കോ കടത്തിവിടുകയോ തങ്ങാന്‍ അനുവദിക്കുകയോ ചെയ്യില്ല. ശബരിമലയും പരിസരപ്രദേശങ്ങളിലും പ്രത്യേക സുരക്ഷാമേഖലയായി പരിഗണിച്ച് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പോലിസ് മേധാവി ടി നാരായണന്‍ അറിയിച്ചു.
ദക്ഷിണ മേഖലാ എഡിജിപിയുടെ നേതൃത്വത്തില്‍ രണ്ട് ഐജിമാര്‍, അഞ്ച് എസ്പിമാര്‍, 10 ഡിവൈഎസ്പിമാര്‍ എന്നിവര്‍ ഉള്‍പ്പെടെ 2300 പോലിസ് ഉദ്യോഗസ്ഥരെയാണ് ഇന്നലെ മുതല്‍ വടശ്ശേരിക്കര, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നീ നാല് സെക്ടറുകളിലായി ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്.
ഇന്നലെ രാത്രി മുതല്‍ നിലയ്ക്കല്‍, പമ്പ, സന്നിധാനം, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 6ന് അര്‍ധരാത്രി വരെയാവും നിരോധനാജ്ഞ നിലനില്‍ക്കുക.
ആട്ട ചിത്തിരയായ ചൊവ്വാഴ്ച രാവിലെ 5ന് നട തുറന്ന് നിര്‍മാല്യവും അഭിഷേകവും നടത്തും. തുടര്‍ന്ന് പതിവു പൂജകളും കലശാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം തുടങ്ങിയവയും ചിത്തിര ആട്ട തിരുനാള്‍ വിശേഷദിനത്തില്‍ നടക്കും. അത്താഴപൂജയ്ക്കു ശേഷം 10 മണിയോടെ ഹരിവരാസനം പാടിയാണ് നട അടയ്ക്കുക. മണ്ഡലമാസ പൂജകള്‍ക്കായി 16ന് വൈകീട്ട് ക്ഷേത്രനട തുറക്കും. അന്ന് ശബരിമല-മാളികപ്പുറങ്ങളിലേക്കുള്ള പുതിയ മേല്‍ശാന്തിമാരുടെ അവരോധന ചടങ്ങും നടക്കും. പുതിയ മേല്‍ശാന്തിമാരായിരിക്കും വൃശ്ചികം ഒന്നിന് നട തുറക്കുക.
അതേസമയം, പ്രളയത്തെ തുടര്‍ന്ന് പമ്പയില്‍ വന്‍ നാശനഷ്ടം നേരിട്ട, ബേസ് ക്യാംപായി നിശ്ചയിച്ച നിലയ്ക്കലില്‍ ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനു മുന്നോടിയായുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss