|    Mar 30 Thu, 2017 10:16 am
FLASH NEWS

നടേശവിഗ്രഹം സംഘപാരാവാരത്തില്‍ താഴുന്നു

Published : 18th August 2015 | Posted By: admin

 

SNDP

മധ്യമാര്‍ഗം/ പരമു

കേരളത്തെ നിവര്‍ന്നുനില്‍ക്കാന്‍ പ്രേരിപ്പിച്ച ശ്രീനാരായണഗുരു കെട്ടിപ്പടുത്ത പ്രസ്ഥാനമാണ് ശ്രീനാരായണ ധര്‍മപരിപാലന യോഗം. സംസ്ഥാനത്തുള്ള പ്രബലമായ സാമുദായികസംഘടനയാണിത്. എസ്.എന്‍.ഡി.പി. യോഗം എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. എന്നാല്‍, എസ് എന്നത് ശ്രീനാരായണ എന്നതാണെന്നുപോലും സംഘടനയിലെ പല പ്രമാണിമാര്‍ക്കും അറിയില്ല. അറിയുന്നവരാണെങ്കില്‍ അറിഞ്ഞഭാവം നടിക്കുന്നില്ല. ശ്രീനാരായണ പ്രസ്ഥാനം പിറവിയെടുത്തത് ജാതിപ്രസ്ഥാനമായിട്ടു തന്നെയായിരുന്നു. ശ്രീനാരായണഗുരു ഇക്കാര്യത്തില്‍ തികച്ചും പ്രായോഗികവാദിയായിരുന്നു. ”ജാതി വേണ്ട, മതം വേണ്ട” എന്നായിരുന്നു ഗുരുവിന്റെ ആദ്യത്തെ മുദ്രാവാക്യം. കേരള സമൂഹത്തില്‍ അതിനു വേണ്ടത്ര വേരോട്ടം ലഭിക്കുന്നില്ലെന്നു കണ്ടപ്പോള്‍ ”ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” എന്ന മുദ്രാവാക്യം അദ്ദേഹം മുഴക്കി. അതോടെ ഈഴവ കൂട്ടായ്മയിലൂടെ അതൊരു വമ്പിച്ച പ്രസ്ഥാനമായി മാറി.
ഇങ്ങനെ ഗുരുവിന്റെ ശക്തിയിലൂടെ ഈഴവപ്രസ്ഥാനം സംഘടിക്കുകയും അതുവഴി അക്കാലമത്രയും അവഗണിക്കപ്പെട്ടവന്റെ അവകാശങ്ങള്‍ നേടിയെടുക്കുകയും ചെയ്തു. യോഗം നേതാക്കളും അവരിലൂടെ ഈഴവസമുദായവും ഗുരുവിനെ കണ്ടതാവട്ടെ അടിമത്തത്തില്‍നിന്നു തങ്ങള്‍ക്കു മോചനം നല്‍കിയ ഗുരുദേവനായിട്ടാണ്. തങ്ങളുടെ ദൈവത്തെ മുമ്പില്‍ നിര്‍ത്തി സാമുദായികനേതാക്കള്‍ വഴിവിട്ടു സഞ്ചരിക്കാന്‍ തുടങ്ങി. ഗുരുവിന്റെ ദര്‍ശനങ്ങളെ അവരൊക്കെ മറന്നു. ജീവിതത്തിന്റെ അവസാനകാലത്ത് നിരാശയും ദുഃഖവും താങ്ങാനാവാതെ ഗുരു ആശ്രമംവിട്ടുപോവുകയായിരുന്നു. പലരുടെയും നിര്‍ബന്ധത്തിനു വഴങ്ങി അദ്ദേഹം തിരിച്ചുവന്നു.
യോഗം തന്റെ വഴിയിലൂടെയല്ല സഞ്ചരിക്കുന്നതെന്നു മനസ്സിലാക്കി ധര്‍മസംഘത്തിന് അദ്ദേഹം രൂപം നല്‍കി. അതും ഉദ്ദേശിച്ച മാതിരി മുമ്പോട്ടുനീങ്ങിയില്ല. ഗുരു രണ്ടാമതും നാടുവിട്ടു- മരിക്കുന്നതിനു രണ്ടുവര്‍ഷം മുമ്പ് 71ാം വയസ്സില്‍. ശ്രീനാരായണഗുരു നാടുവിട്ടുപോയ സംഭവം പലരും ഓര്‍ക്കുന്നില്ലെങ്കിലും കേരളീയ പൊതുസമൂഹം ഓര്‍ക്കേണ്ട സമയം വന്നിരിക്കുന്നു.

SNDP-1
യോഗനേതാക്കള്‍ ശ്രീനാരായണഗുരുവിനെ തള്ളിപ്പറഞ്ഞപ്പോള്‍ ഗുരുവിന്റെ പ്രധാന ശിഷ്യനായ ഡോ. പല്‍പ്പു യോഗനേതൃത്വത്തെപ്പറ്റി പറഞ്ഞത് ”പെരുച്ചാഴികള്‍” എന്നായിരുന്നു. ഈ പെരുച്ചാഴികള്‍ പില്‍ക്കാലത്ത് എസ്.എന്‍.ഡി.പി. യോഗത്തെ അപ്പാടേ വിഴുങ്ങി.
”ചെത്തു കത്തികൊണ്ട് നാലു ക്ഷൗരക്കത്തിയുണ്ടാക്കുക, ക്ഷൗരമാണ് ചെത്തിനേക്കാള്‍ മാന്യമായ തൊഴില്‍” എന്നു പറഞ്ഞ ഗുരുവിന്റെ പേരിലുള്ള യോഗം കള്ളുകച്ചവടക്കാരും ബിസിനസുകാരും കൈയടക്കുന്നത് കേരളം കണ്ടു. യോഗത്തിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടി ഉണ്ടാക്കി.

കള്ളുവകുപ്പ് (എക്‌സൈസ്) തന്നെ പിടിച്ചുവാങ്ങി. വെള്ളാപ്പള്ളി നടേശന്‍ യോഗത്തിന്റെ പ്രസിഡന്റ് സ്ഥാനത്തെത്തിയപ്പോള്‍ യോഗം അക്ഷരാര്‍ഥത്തില്‍ കച്ചവടസ്ഥാപനമായി. രാഷ്ട്രീയ വിലപേശലുകള്‍ നടത്തി സ്‌കൂളും കോളജുകളും അനവധി നേടിയെടുത്തു. ആസ്തികള്‍ ഉണ്ടായപ്പോള്‍ അതൊക്കെ സംരക്ഷിക്കാന്‍ സ്വന്തം മകനെ വൈസ് പ്രസിഡന്റാക്കി. മകളെയും മരുമക്കളെയും എന്തിന് അമ്മായി അപ്പനെ വരെ പല പദവികളിലും പ്രതിഷ്ഠിച്ചു. ഈഴവസമുദായത്തിലെ പാവപ്പെട്ടവരുടെ പേരില്‍ കണ്ണീരൊലിപ്പിച്ച് ഭരണകൂടങ്ങളില്‍നിന്നു പലതും നേടിയെടുത്തു. പാവങ്ങള്‍ക്കു മാത്രം ഒന്നും കിട്ടിയില്ല.

SNDP-2
രാഷ്ട്രീയപ്പാര്‍ട്ടികള്‍ എതിര്‍ത്തില്ല. സകല തിന്മകളെയും അവരൊക്കെ പ്രോല്‍സാഹിപ്പിച്ചു. ശ്രീനാരായണ ഗുരുവിനെപ്പോലെ തനിക്കും ഗുരുവാകണമെന്ന് വെള്ളാപ്പള്ളി ആഗ്രഹിച്ചുപോയെങ്കില്‍ തെറ്റുപറഞ്ഞുകൂടാ. ഗുരുവായില്ലെങ്കിലും എസ്.എന്‍.ഡി.പി. യോഗത്തില്‍ പതുക്കെപ്പതുക്കെ ഒരു നടേശവിഗ്രഹമായി അദ്ദേഹം മാറി. ബി.ജെ.പി. ഈ വിഗ്രഹത്തെ സംഘപാരാവാരത്തിലേക്കു താഴ്ത്താന്‍ ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഹിന്ദു ഐക്യം ലക്ഷ്യമാക്കിയാണത്രെ ഈ താഴ്ത്തല്‍. ശ്രീനാരായണഗുരു ഒരിക്കലും ഒരിടത്തും ഹിന്ദു ഐക്യം വേണമെന്നു പറഞ്ഞിട്ടില്ല. ”മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി” എന്നാണ് ഗുരു ഉരുവിട്ടത്.

നടേശവിഗ്രഹം താഴ്ന്നതിന് ഒറ്റ ഉദ്ദേശ്യമേയുള്ളൂ. മകന്‍ തുഷാര്‍ എന്ന കൊച്ചുവിഗ്രഹത്തിനു രാജ്യസഭയിലേക്കു പോവണം. പിന്നെ മന്ത്രിയുമാവണം. യോഗം, ട്രസ്റ്റ് എന്നിവയുടെ പേരിലൊക്കെയുള്ള അഴിമതി പരാതികളൊക്കെ തീര്‍പ്പാക്കണം. മകന്‍ തുഷാര്‍ കേന്ദ്രമന്ത്രിസഭയില്‍ എത്തിയാല്‍ ഈഴവരുടെ താല്‍പ്പര്യങ്ങള്‍ മാത്രമല്ല, കേരളത്തിന്റെ താല്‍പ്പര്യം കൂടി സംരക്ഷിക്കും. തുഷാര്‍ മന്ത്രിയായാല്‍ ശ്രീനാരായണ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കാന്‍ കേന്ദ്രം കോടിക്കണക്കിന് ഫണ്ട് നല്‍കുന്നതായിരിക്കും. കേരളത്തിനു മാത്രം ഈ പ്രത്യേക ഫണ്ട് ആവശ്യമില്ല. കാരണം, ഇവിടെ ദര്‍ശനം നടപ്പാക്കിക്കഴിഞ്ഞല്ലോ.

Fri, 7 Aug 2015

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day