|    Sep 21 Fri, 2018 2:05 am
FLASH NEWS

നടുവേദന മാറ്റാന്‍ ചികില്‍സ: തട്ടിപ്പെന്ന് പരാതി

Published : 13th August 2018 | Posted By: kasim kzm

കോഴിക്കോട്: ഒരു മണിക്കൂറിനകം നടുവേദന മാറ്റിത്തരാമെന്ന് വാഗ്ദാനം നല്‍കി വഞ്ചിച്ചതായി പരാതി. എല്ലാതരം നടുവേദനയും വളരെപ്പെട്ടെന്ന് ഭേദമാക്കാമെന്ന് സമൂഹ മാധ്യമങ്ങളില്‍ വീഡിയോ ക്ലിപ്പിലൂടെ വാഗ്ദാനം നല്‍കിയ ഡോക്ടറെന്ന് സ്വയം പരിചയപ്പെടുത്തിയ യുവതിക്കെതിരേയാണ് ചികില്‍സയ്‌ക്കെത്തിയവര്‍ പരാതിയുമായി രംഗത്തുവന്നത്.
സമൂഹ മാധ്യമങ്ങളിലെ പോസ്റ്റ് കണ്ട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വയനാട്, കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നും അമ്പതോളം പേരാണ് മാങ്കാവിലെ കേന്ദ്രത്തില്‍ ചികില്‍സയ്‌ക്കെത്തിയിരുന്നത്. കിടപ്പിലായ രോഗികളെയുള്‍പ്പെടെ എടുത്തുകൊണ്ടുവന്നവരോട് ഭീമമായ സംഖ്യയാണ് ഇവര്‍ ഫീസ് ആവശ്യപ്പെട്ടതത്രേ.
മാത്രമല്ല, ഉഴിച്ചിലുള്‍പ്പെടെയുള്ളവ നടത്തേണ്ടിവരുമെന്നും ഇതിന് ദിവസങ്ങളോളം കിടത്തിച്ചികില്‍സ വേണ്ടിവരുമെന്നും അതിന് വലിയ ചെലവ് വരുമെന്നും ഡോക്ടര്‍ പറഞ്ഞു. ഇതോടെയാണ് ചികില്‍സയ്‌ക്കെത്തിയവര്‍ പ്രതിഷേധവുമായി രംഗത്തുവന്നത്. വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ പോലിസ് ഇവരോട് തല്‍ക്കാലം ക്ലിനിക്ക് അടച്ചുപൂട്ടാന്‍ ആവശ്യപ്പെട്ടു. ശസ്ത്രക്രിയ ചെയ്തത് മൂലമല്ലാതെ വന്ന എല്ലാതരം നടുവേദനയും ബോസെറ്റിങ് തെറാപ്പിയിലൂടെ ഒരുമണിക്കൂറിനകം മാറ്റുമെന്നായിരുന്നു സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഇവരുടെ വാഗ്ദാനം. നാല്‍പത്തഞ്ച് മിനിറ്റിനകം രോഗം ഭേദമായ ആളുടെ വീഡിയോയും ഇവര്‍ പോസ്റ്റ് ചെയ്തിരുന്നു. നിലവില്‍ കണ്ണൂരും തൃശൂരും ക്ലിനിക്കുകളുണ്ടെന്നും കോഴിക്കോട് മാങ്കാവില്‍ ആഗസ്ത് 10ന് പുതിയ ക്ലിനിക്ക് തുറക്കുമെന്നും അറിയിച്ച ഡോക്ടര്‍ ബന്ധപ്പെടാനുള്ള നമ്പറും ക്ലിപ്പില്‍ നല്‍കിയിരുന്നു. ക്ലിനിക്കിലെ കസേരകള്‍ രണ്ട് ദിവസത്തേക്ക് വാടകയ്‌ക്കെടുത്തതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss