|    Apr 20 Fri, 2018 8:54 am
FLASH NEWS
Home   >  Editpage  >  Middlepiece  >  

നടുറോഡില്‍ അഴുകുന്നു മാതാജിയുടെ ജഡം

Published : 24th July 2016 | Posted By: SMR

slug-indraprasthamരാജ്യം ഭരിക്കുന്ന പശുവാദി പാര്‍ട്ടിയുടെ അകത്തളങ്ങളില്‍ ഇപ്പോള്‍ നാട്ടിലെ പഴഞ്ചന്‍ പശുത്തൊഴുത്തുകളിലെ അവസ്ഥയാണ്. തൊഴുത്തില്‍കുത്ത് എന്നു മലയാളികള്‍ പറയുന്ന പരിപാടി നമ്മുടെ രാഷ്ട്രീയരംഗത്തിന് ഗോമാതാജി നല്‍കിയ എക്കാലത്തെയും വലിയ സംഭാവനയാണല്ലോ. അത് അക്ഷരംപ്രതി നടപ്പാക്കുന്നതില്‍ പ്രതിജ്ഞാബദ്ധരാണ് ഗോമാതാജിയുടെ മക്കളായ ഭാരതീയ പശുവാദി ഭക്തജനം.
അധികാരം കിട്ടിയതോടെയാണ് പശുവിനോടുള്ള ഭക്തി മൂത്തത്. കന്നുകാലികളെ അറുത്ത്‌വിറ്റ് കാശുണ്ടാക്കുന്നവരാണ് മേത്തന്‍മാര്‍ എന്ന ധാരണയില്‍ ഗോമാതാ സംരക്ഷണത്തിന് ദേശീയതലത്തില്‍ തന്നെ സമിതികളുണ്ടാക്കി. അതിന്റെ പ്രാദേശിക നേതാക്കള്‍ക്ക് കുറുവടിയും വടിത്തല്ല് പരിശീലനവും നല്‍കി.
കുറ്റം പറയരുതല്ലോ. നല്ല കാശും വരുമാനവുമുള്ള ഏര്‍പ്പാടായിരുന്നു തുടക്കത്തില്‍ ഈ പശുസംരക്ഷണ പരിപാടി. തമിഴ്‌നാട്ടിലെ കാലിച്ചന്തകളില്‍നിന്ന് കേരളത്തിലേക്ക് കാലികളെ കൊണ്ടുവരുന്ന നിരത്തുകളിലാണ് ഭക്തജനം ആദ്യം പ്രത്യക്ഷരായത്. മാതാജിയെ അറുക്കാന്‍ കൊണ്ടുപോവുന്നു എന്ന പേരില്‍ കച്ചവടക്കാരുടെ നെഞ്ചത്തു കയറി. നിരവധി കാലികളെ തട്ടിക്കൊണ്ടുപോയി. വിട്ടുകിട്ടണമെങ്കില്‍ ദക്ഷിണ ഗാന്ധിത്തലയായി നല്‍കണം.
ഗതികെട്ട കച്ചവടക്കാര്‍ കച്ചവടം നിര്‍ത്തി. നാല്‍ക്കാലികള്‍ പുരമുറ്റി തമിഴ്‌നാട്ടിലെ കാലിച്ചന്തകളില്‍ വെറുതെ നിന്നു. അതോടെ തമിഴ് കര്‍ഷകന്റെ അന്നം മുട്ടി. തമിഴന് പണ്ടേ ഇമ്മാതിരി ആര്‍ഷഭാരത തരികിടയില്‍ വലിയ താല്‍പര്യമില്ല. ആര്യന്‍മാര്‍ പണ്ട് ദ്രാവിഡര്‍ക്കെതിരേ വേലവച്ച് തങ്ങളുടെ കുലം മുടിച്ച കാര്യം ഇന്നും ഓര്‍മിക്കുന്ന ജനതയാണ് ദ്രാവിഡര്‍. അവര്‍ ഇളകിയതോടെ ജയാമ്മ കുപിതയായി. കാലിഭക്തന്‍മാരുടെ കാലുതല്ലിയൊടിക്കാന്‍ ആയമ്മ പോലിസിനെ വിട്ടു. അതോടെ കാലിഭക്തജനം തല്‍ക്കാലം പരിപാടി മതിയാക്കി സ്ഥലം കാലിയാക്കി.
ദക്ഷിണദേശത്ത് കച്ചവടം പൂട്ടിയതോടെ പരിപാടി ഇപ്പോള്‍ വടക്കോട്ട് എടുത്തിരിക്കുകയാണ്. ബ്രാഹ്മണാള്‍ജിമാരുടെ സ്ഥിരം താവളങ്ങളാണ് ഉത്തരേന്ത്യന്‍ രാഷ്ട്രീയപ്പാര്‍ട്ടികളും ഭരണകൂടങ്ങളും. അവിടെ ഇത്തരം വേലത്തരങ്ങള്‍ക്ക് മാര്‍ക്കറ്റ് കൂടും. അതോടെ ഇനി തിരഞ്ഞെടുപ്പു നടക്കാന്‍ പോവുന്ന ദേശങ്ങളില്‍ ഗോമാതാജി വികാരമുണര്‍ത്തി വോട്ടുതട്ടാം എന്നായി പരിപാടി.
യുപിയിലാണ് ആദ്യം പരിപാടി പയറ്റിയത്. ദാദ്രിയില്‍ കണ്ട ആട്ടിറച്ചി പശുവിറച്ചിയായി വേഷം മാറിയത് ഈ പുതിയ നാടകത്തിലെ ആദ്യ സീനായിരുന്നു. അത് ഇപ്പോള്‍ വളര്‍ന്നു പടര്‍ന്നങ്ങു കയറിയിരിക്കുന്നു. അതോടെ സംഗതി പശുവിന്റെ ചാണകം മാതിരി അല്‍പം നാറ്റക്കേസായി മാറുകയും ചെയ്തു.
ഗുജറാത്തില്‍ നാലു ദലിത് യുവാക്കളെ കെട്ടിയിട്ട് പോലിസ് അകമ്പടിയോടെ തല്ലിയത് പരമരസമായി ആസ്വദിക്കുകയായിരുന്നു മോദി ഭരണകൂടവും ഗുജറാത്തിലെ ആനന്ദിബെഹന്‍ജിയും. ദലിതരല്ലേ തല്ലുകൊള്ളട്ടെ. അവറ്റകള്‍ എന്തുചെയ്യാന്‍?
ചിലതൊക്കെ ചെയ്യാന്‍ തങ്ങള്‍ക്കും അറിയാമെന്ന് ദലിതര്‍ ബോധ്യപ്പെടുത്തുന്ന മട്ടാണ്. ചത്ത കന്നുകാലികളുടെ തൊലിയുരിഞ്ഞ് അവയെ സംസ്‌കരിക്കുന്ന ചാമര്‍ ജാതിക്കാര്‍ക്കാണ് തല്ലുകിട്ടിയത്. അവര്‍ ഇപ്പോള്‍ പറയുന്നത് ചത്ത പശുവിനെ തങ്ങള്‍ക്കു വേണ്ട എന്നാണ്. പശു നിങ്ങളുടെ മാതാവ്; മാതാവിന്റെ അന്ത്യകര്‍മങ്ങള്‍ മക്കള്‍ തന്നെ അങ്ങു നടത്തിയാല്‍ മതി എന്നാണ് ചാമര്‍ ജാതിക്കാര്‍ കഴിഞ്ഞ രണ്ടാഴ്ചയായി മേല്‍ജാതിക്കാരോടു പറയുന്നത്.
സംഗതി ആപത്തായി എന്നു തീര്‍ച്ച. മിക്ക ഗ്രാമങ്ങളിലും എല്ലാ നഗരങ്ങളിലും ചാവാലിപ്പശുക്കളുണ്ട്. ആഴ്ചയില്‍ ഒരു ഡസനെങ്കിലും ചാവും. ഇവറ്റകളെ തൊടാന്‍ ഇപ്പോള്‍ ആരും തയ്യാറല്ല. അക്രമം നടന്ന സൗരാഷ്ട്ര പ്രദേശത്തെ തെരുവുകളില്‍ നൂറുകണക്കിനു ചത്ത കാലികളുടെ ജഡങ്ങള്‍ കിടന്ന് അഴുകുകയാണ്. ഗോമാതാജിയുടെ മക്കളെ അന്ത്യകര്‍മങ്ങള്‍ നടത്താനായി എവിടെ നോക്കിയിട്ടും കാണാനുമില്ല. പരമാനന്ദം. മഴക്കാലമായ സ്ഥിതിക്ക് പണ്ട് സൂറത്തില്‍ ഉണ്ടായപോലെ ഇത്തവണ പ്ലേഗും കോളറയും ഒന്നിച്ച് മോദിജിയുടെ നാടിനെ അനുഗ്രഹിക്കാനുള്ള സാധ്യതയാണു കാണുന്നത്.
തൊഴുത്തില്‍കുത്തിന്റെ കാര്യത്തിലും പാര്‍ട്ടി മോശമല്ല. ഹിന്ദുത്വകുടുംബത്തിലെ അളിയനാണ് ശിവസൈനികപക്ഷം. അവരും നാഗ്പൂര്‍ കാവിപ്പടയും തമ്മില്‍ മഹാരാഷ്ട്രയിലും ഗുജറാത്തിലും പൊരിഞ്ഞ അടിയാണ്. മഹാരാഷ്ട്രയില്‍ തമ്മിലടി അതിന്റെ പാരമ്യത്തില്‍ എത്തിക്കഴിഞ്ഞു. ബംഗാള്‍ മുതല്‍ കേരളം വരെ പശുവാദികള്‍ക്ക് വലിയ ഗതികിട്ടാത്ത പ്രദേശങ്ങളിലും പാര്‍ട്ടിക്കുള്ളില്‍ പൊരിഞ്ഞ അടിയാണു നടക്കുന്നത്. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശില്‍ മായാവതിയെ വൃത്തികേടു വിളിച്ചുപറഞ്ഞ പാര്‍ട്ടിനേതാവ് ഇപ്പോള്‍ ഒളിവിലാണ്. പുറത്തിറങ്ങിയാല്‍ പുള്ളിക്കാരന് ഗോമാതാജിയുടെ സ്വന്തം വകയായി ചാണകമേറ് റെഡി.
എന്നിട്ടും മോദി മഹാശയന്‍ മിണ്ടുന്നില്ല. പുള്ളിക്കാരന് നാക്കിന് നാല്‍പ്പത്തെട്ടു മുഴം നീളമാണ്. നിത്യേന അഞ്ചുമണിക്കൂര്‍ നിര്‍ത്താതെ പ്രസംഗിക്കും. എന്നിട്ടും സ്വന്തം നാട്ടില്‍ മാതാജിയുടെ ജഡം നടുറോഡില്‍ കിടന്ന് അഴുകുന്ന അവസ്ഥയായിട്ടും മഹാശയന് മിണ്ടാട്ടമില്ല.
അതാണു പറഞ്ഞത്, മിണ്ടാപ്രാണിയോടായാലും വല്ലാതങ്ങു കളിക്കരുത്. അള മുട്ടിയാല്‍ ചേരയും കടിക്കും. ഗോമാതാജിക്കും ക്ഷമകെടും. ി

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss