|    Aug 20 Sun, 2017 4:10 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

നടി ആക്രമിക്കപ്പെട്ട സംഭവം : മഞ്ജു വാര്യരുടെ സഹോദരന്റെ മൊഴിയെടുത്തു

Published : 3rd August 2017 | Posted By: fsq

 

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മഞ്ജു വാര്യരുടെ സഹോദരന്‍ മധു വാര്യരില്‍ നിന്നും ദിലീപിന്റെ സഹോദരീ ഭര്‍ത്താവില്‍ നിന്നും അന്വേഷണസംഘം മൊഴിയെടുത്തു. ആലുവ പോലിസ് ക്ലബ്ബിലേക്കു വിളിച്ചുവരുത്തിയാണ് ഇവരില്‍ നിന്നു മൊഴിയെടുത്തത്. ആക്രമിക്കപ്പെട്ട നടിയുമായി എന്തെങ്കിലും സാമ്പത്തിക തര്‍ക്കങ്ങളോ അതു സംബന്ധിച്ച പ്രശ്‌നങ്ങളോ ദിലീപിന് ഉണ്ടായിരുന്നോ എന്നതു സംബന്ധിച്ച വിവരം അന്വേഷണസംഘം സഹോദരീ ഭര്‍ത്താവില്‍ നിന്നു ചോദിച്ചറിഞ്ഞതായാണ് വിവരം. മഞ്ജു വാര്യരും ദിലീപും തമ്മിലുള്ള വിവാഹബന്ധം വേര്‍പെടുത്താനുള്ള സാഹചര്യത്തെക്കുറിച്ചാണ് മഞ്ജുവിന്റെ സഹോദരനും നടനുമായ മധു വാര്യരോട് അന്വേഷണസംഘം പ്രധാനമായും ചോദിച്ചത്. വിവാഹബന്ധം വേര്‍പെടുത്തുന്നതില്‍ ആക്രമിക്കപ്പെട്ട നടിയുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള ഇടപെടല്‍ ഉണ്ടായോ എന്നും ചോദിച്ചതായാണ് അറിയുന്നത്. അന്വേഷണസംഘം നടി ശ്രിത ശിവദാസിന്റെയും മൊഴിയെടുത്തു. ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്ത് എന്ന നിലയ്ക്കാണ് പോലിസ് ശ്രിതയുടെ മൊഴിയെടുത്തത്. വീട്ടിലെത്തിയായിരുന്നു മൊഴിയെടുപ്പ്. അതേസമയം, 2011ല്‍ മുതിര്‍ന്ന മലയാള ചലച്ചിത്ര നടിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചെന്ന കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയെ ഈ മാസം 16 വരെ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. ജയിലില്‍ മൊബൈല്‍ ഉപയോഗിച്ച കേസിലും—സുനിയെ കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതു സംബന്ധിച്ച് രഹസ്യമൊഴി നല്‍കിയ ശേഷം പറയാമെന്ന് സുനി മാധ്യമങ്ങളോട് പറഞ്ഞു. കാവ്യയുടെ ഡ്രൈവറായിരുന്നോ’ എന്ന ചോദ്യത്തിന് പോലിസ് പറയു’മെന്നായിരുന്നു സുനിയുടെ മറുപടി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക