|    Jul 23 Mon, 2018 1:04 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

നടി ആക്രമിക്കപ്പെട്ട സംഭവം : നാദിര്‍ഷയെ ചോദ്യംചെയ്യണമെന്ന നിലപാടിലുറച്ച് അന്വേഷണസംഘം

Published : 11th September 2017 | Posted By: fsq

 

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ സംവിധായകന്‍ നാദിര്‍ഷയെ ചോദ്യംചെയ്യേണ്ടത് അനിവാര്യമാണെന്ന നിലപാടിലുറച്ച് അന്വേഷണസംഘം. ഇക്കാര്യം അന്വേഷണ സംഘം കോടതിയെ അറിയിക്കുമെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട് ഇതുവരെ പലതവണ ചോദ്യംചെയതിട്ടും തനിക്കെതിരേ തെളിവ് ലഭിക്കാത്ത സാഹചര്യത്തില്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ച് തെളിവുണ്ടാക്കാന്‍ ശ്രമം നടത്തുമെന്നതടക്കം ചൂണ്ടിക്കാട്ടി നേരത്തേ നാദിര്‍ഷ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹരജി നല്‍കിയിരുന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാടുതേടി ഹരജി പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 13ലേക്കു മാറ്റിയിരുന്നു. ഈ ഹരജി പരിഗണിക്കുന്ന വേളയിലായിരിക്കും അന്വേഷണസംഘം നാദിര്‍ഷയെ ചോദ്യംചെയ്യേണ്ട ആവശ്യകത സംബന്ധിച്ച് കോടതിയില്‍ ബോധിപ്പിക്കുകയെന്നാണ് അറിയുന്നത്. പള്‍സര്‍ സുനിയുടെ നേതൃത്വത്തില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ പോലിസിന് ഇതുവരെ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ ഫോണ്‍ നശിപ്പിക്കപ്പെട്ടിട്ടില്ലെന്ന വിവരമാണ് അന്വേഷണസംഘത്തിനു ലഭിച്ചിരിക്കുന്നത്. ഇതുള്‍പ്പെടെ നിരവധി കാര്യങ്ങളില്‍ ഇനിയും പോലിസിനു വ്യക്തത വരുത്തേണ്ടതുണ്ട്. ഇതിന്റെകൂടി പശ്ചാത്തലത്തിലാണ് നാദിര്‍ഷയെ വീണ്ടും ചോദ്യംചെയ്യണമെന്ന നിലപാടില്‍ പോലിസ് എത്തിയിരിക്കുന്നത്. നേരത്തേ മുതല്‍തന്നെ നാദിര്‍ഷ സംശയത്തിന്റെ നിഴലിലായിരുന്നു. ദിലീപ് അറസ്റ്റിലാവുന്നതിനു മുമ്പ് 13 മണിക്കൂറോളം ദിലീപിനൊപ്പം നാദിര്‍ഷയെയും പോലിസ് ചോദ്യംചെയ്തിരുന്നു. ഇതിനു ശേഷം അന്ന് ഇരുവരെയും പോലിസ് വിട്ടയച്ചിരുന്നുവെങ്കിലും പിന്നീട് ദിലീപിനെ പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ രണ്ടു മാസമായി ദിലീപ് ജയിലിലാണ്. ഇതിനിടയില്‍  തിരുവോണത്തിന്റെ തലേ ദിവസം നാദിര്‍ഷ ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കുകയും ചെയ്തു. ഇതും പോലിസിന് നാദിര്‍ഷയുടെ മേലുള്ള സംശയം ബലപ്പെടുത്തിയിരിക്കുകയാണ്. ഇക്കാര്യങ്ങളെല്ലാം നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്ന വേളയില്‍ അന്വേഷണസംഘം കോടതിയില്‍ ഉയര്‍ത്തുമെന്നാണ് അറിയുന്നത്. എന്നാല്‍, പലതവണ ചോദ്യംചെയ്തിട്ടും തന്നെ കുറ്റകൃത്യവുമായി ബന്ധപ്പെടുത്തുന്ന ഒരു തെളിവും കണ്ടെത്താനായിട്ടില്ലെന്നും ഇപ്പോള്‍ കേസുമായി ബന്ധപ്പെട്ടു തെറ്റായ മൊഴി നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തന്റെ മേല്‍ സമ്മര്‍ദം ചെലുത്തുകയാണെന്നുമാണ് നാദിര്‍ഷ ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന ഹരജിയില്‍ പറയുന്നത്. കേസുമായി ബന്ധപ്പെട്ട് ഒട്ടേറെ തവണ തന്നെ പോലിസ് വിളിപ്പിച്ചു ചോദ്യംചെയ്ത് മൊഴി രേഖപ്പെടുത്തി വിട്ടയച്ചിട്ടുണ്ട്. ഇതുവരെ അന്വേഷണവുമായി പൂര്‍ണമായും സഹകരിച്ചിട്ടുണ്ടെന്നും നാദിര്‍ഷ പറയുന്നു. അതിനിടെ നടിയെ ആക്രമിച്ചതിന്റെ ഗൂഢാലോചന കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് രണ്ടു ദിവസത്തിനുള്ളില്‍ ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കുമെന്നാണ് വിവരം. ഇന്നോ ബുധാനാഴ്ചയോ ജാമ്യ ഹരജി നല്‍കിയേക്കുമെന്നാണ് അറിയുന്നത്്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss