|    Jul 22 Sun, 2018 9:59 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

നടി ആക്രമിക്കപ്പെട്ട കേസ്: ഹൈക്കോടതിയില്‍ ഇന്ന് മൂന്ന് ജാമ്യാപേക്ഷകള്‍

Published : 25th September 2017 | Posted By: fsq

 

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഹൈക്കോടതിക്കു മുമ്പില്‍ ഇന്നു മൂന്നു ജാമ്യാപേക്ഷകള്‍. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയും ചോദ്യം ചെയ്യലിനു വിധേയരായ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്‍, സംവിധായകന്‍ നാദിര്‍ഷ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകളുമാണ് ഹൈക്കോടതിയുടെ പരിഗണനയ്ക്കു വരുന്നത്. പള്‍സര്‍ സുനി നല്‍കിയ ജാമ്യാപേക്ഷയില്‍ റിപോര്‍ട്ടു സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കേസില്‍ ഇയാളുടെ പങ്കാളിത്തം, മുന്‍ കേസുകള്‍, സ്വഭാവം തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കി റിപോര്‍ട്ട് നല്‍കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. അറസ്റ്റ് മുന്നില്‍ കണ്ടു നാദിര്‍ഷ സമര്‍പ്പിച്ച ജാമ്യ ഹരജിയില്‍ കോടതി ചോദ്യം ചെയ്യലിനു ഹാജരാവാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം നാദിര്‍ഷയെ ചോദ്യം ചെയ്യുകയും ഹൈക്കോടതിയില്‍ റിപോര്‍ട്ടു സമര്‍പ്പിക്കുകയും ചെയ്തു. നടിയെ ആക്രമിച്ച കേസിലെ പങ്കിനെക്കുറിച്ചുള്ള പല ചോദ്യങ്ങള്‍ക്കും നാദിര്‍ഷ നല്‍കിയ മറുപടി തൃപ്തികരമല്ലെന്നാണു പോലിസ് സമര്‍പ്പിച്ച റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. നാദിര്‍ഷയുടെ മൊഴിയില്‍ പരിശോധന തുടരുകയാണെന്നും ഇതുവരെ പ്രതിയാക്കിയിട്ടില്ലെന്നും ഇപ്പോള്‍ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്നും റിപോര്‍ട്ടിലുണ്ട്.  തുടര്‍ന്നു നാദിര്‍ഷയ്ക്കു കേസിലുള്ള പങ്ക് എന്താണെന്നും അദ്ദേഹത്തെ ഇനി ചോദ്യം ചെയ്യേണ്ടതുണ്ടോയെന്നുമുള്ള വിവരങ്ങള്‍ വ്യക്തമാക്കി പോലിസ് മുദ്രവച്ച കവറില്‍ റിപോര്‍ട്ട് നല്‍കുവാനും ഹൈക്കോടതി നിര്‍ദേശം നല്‍കി. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിനുള്ള സാധ്യത മുന്നില്‍ക്കണ്ട് നടി കാവ്യ മാധവന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയും  ഇന്ന് പരിഗണിക്കുന്നുണ്ട്. തന്റെ ഭര്‍ത്താവിനെതിരേ ആരോപണങ്ങള്‍ ഉയര്‍ത്തിയ അന്വേഷണ സംഘത്തിനു തെളിവുകള്‍ കണ്ടെത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല.  വ്യാജമായി തെളിവുണ്ടാക്കാനാണ് പോ ലിസിന്റെ ശ്രമം. ഇതിനായി മാഡം എന്ന കൃത്രിമ കഥാപാത്രത്തെ സൃഷ്ടിക്കുകയായിരുന്നുവെന്നും കാവ്യ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ദിലീപിന്റെ അഞ്ചാമത്തെ ജാമ്യഹരജി നാളെയാണു ഹൈക്കോടതി പരിഗണിക്കുന്നത്. ജൂലൈ പത്തിന് അറസ്റ്റിലായ ദിലീപ് 77 ദിവസമായി ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ തുടരുകയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss