|    Nov 20 Mon, 2017 5:05 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

നടി ആക്രമിക്കപ്പെട്ട കേസ് : സുനിയുമായി സംസാരിച്ചത് ദിലീപിന്റെ നിര്‍ദേശപ്രകാരം; ദിലീപിനെതിരേ അപ്പുണ്ണി മൊഴി നല്‍കിയതായി സൂചന

Published : 2nd August 2017 | Posted By: fsq

 

കൊച്ചി: പള്‍സര്‍ സുനി വിളിച്ചപ്പോള്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ച് അറിയാത്തതുപോലെ സംസാരിച്ചത് ദിലീപിന്റെ നിര്‍ദേശപ്രകാരമെന്ന് മാനേജര്‍ അപ്പുണ്ണി അന്വേഷണസംഘം മുമ്പാകെ മൊഴി നല്‍കിയതായി സൂചന. പള്‍സര്‍ സുനിയെ മുന്‍ പരിചയമുണ്ടെന്നും അപ്പുണ്ണി അന്വേഷണസംഘത്തോട് വ്യക്തമാക്കിയതായാണ് വിവരം. ജയിലില്‍ നിന്ന് സുനി തന്നെ വിളിച്ചപ്പോള്‍ ദിലീപ് അടുത്തുണ്ടായിരുന്നു. പരിചയമില്ലാത്തതുപോലെ സംസാരിക്കാന്‍ ദിലീപ് ആവശ്യപ്പെടുകയായിരുന്നു. സുനി തന്നോട് പറഞ്ഞതെല്ലാം ദിലീപിനെ അപ്പോള്‍ തന്നെ അറിയിച്ചിരുന്നു. പള്‍സര്‍ സുനിയെ നടനും എംഎല്‍എയുമായ മുകേഷിന്റെ ഡ്രൈവറായിരുന്ന കാലം മുതല്‍ അറിയാമെന്നും അപ്പുണ്ണി അന്വേഷണസംഘത്തോട് പറഞ്ഞതായാണ് അറിയുന്നത്. ദിലീപും സുനിയും തമ്മില്‍ അടുത്ത ബന്ധം ഉണ്ടോയെന്ന് അറിയില്ല. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചനയെക്കുറിച്ച് തനിക്കറിയില്ലെന്നും അപ്പുണ്ണി മൊഴി നല്‍കി. 2013ല്‍ മുകേഷിന്റെ ഡ്രൈവറായിരുന്ന കാലം മുതലാണ് പള്‍സര്‍ സുനിയുമായി പരിചയപ്പെട്ടത്. അതിനാല്‍ തന്റെ ഫോണ്‍ നമ്പര്‍ സുനിയുടെ കൈയിലുണ്ടായിരിക്കാം. ജയിലില്‍ നിന്ന് പള്‍സര്‍ സുനി തന്റെ ഫോണിലേക്കു വിളിച്ചത് ഈ പരിചയത്തിന്റെ അടിസ്ഥാനത്തിലായിരിക്കാമെന്നും അപ്പുണ്ണി പോലിസിനോടു പറഞ്ഞു. ദിലീപും പള്‍സര്‍ സുനിയും സിനിമാ സെറ്റുകളില്‍ കൂടിക്കാഴ്ച നടത്തിയതായി തനിക്കറിയില്ലെന്നും അപ്പുണ്ണി മൊഴി നല്‍കി.ദിലീപ് അറസ്റ്റിലായ ജൂലൈ 10 മുതല്‍ ഒളിവിലായിരുന്ന അപ്പുണ്ണി തിങ്കളാഴ്ചയാണ് അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരായത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നായിരുന്നു അപ്പുണ്ണി എത്തിയത്. ആറു മണിക്കൂര്‍ അപ്പുണ്ണിയെ ചോദ്യം ചെയ്തു. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തശേഷമാണ് വിട്ടയച്ചത്. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ദിലീപും താനുമായി യാതൊരു ബന്ധവുമില്ലെന്ന നിലപാടാണ് അപ്പുണ്ണി അന്വേഷണ സംഘത്തിന് മുന്നില്‍ സ്വീകരിച്ചത്. രണ്ടു ദിവസത്തിനുശേഷം വീണ്ടും ഹാജരാവാന്‍ അപ്പുണ്ണിക്ക് പോലിസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക