|    Nov 19 Mon, 2018 1:05 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ്‌ കക്ഷിചേരല്‍; അമ്മ എക്‌സിക്യൂട്ടീവ് അംഗങ്ങളെ എതിര്‍ത്ത് യുവനടി

Published : 4th August 2018 | Posted By: kasim kzm

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിന്റെ വിചാരണയ്ക്കു വനിതാ ജഡ്ജി വേണമെന്ന ഹരജിയില്‍ കക്ഷിചേരാനെത്തിയ അമ്മ എക്‌സിക്യൂട്ടീവ് അംഗങ്ങളെ എതിര്‍ത്ത് യുവനടി. താന്‍ അമ്മയുടെ ഭാഗമല്ലെന്നും സ്വന്തം കാലില്‍ നില്‍ക്കാന്‍ അറിയാമെന്നും യുവനടി കോടതിയില്‍ വ്യക്തമാക്കി. അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എം രചനയും ഹണി റോസുമാണ് കേസില്‍ ഇടപെടാന്‍ അനുവദിക്കണമെന്ന അപേക്ഷയുമായി ഇന്നലെ കോടതിയെ സമീപിച്ചത്. അതിക്രൂരമായ പീഡനമാണ് യുവനടി നേരിട്ടതെന്നും അമ്മയിലെ അംഗമായ അവരെ സഹായിക്കലാണ് ലക്ഷ്യമെന്നും ഇരുവര്‍ക്കും വേണ്ടി ഹാജരായ അഭിഭാഷക വാദിച്ചു. മാന്യമായ വിചാരണ വേണമെങ്കില്‍ അത് തൃശൂരില്‍ വനിതാ ജഡ്ജിയുടെ കീഴിലാണ് നടക്കേണ്ടത്. ഏറ്റവും ചുരുങ്ങിയത് 25 വര്‍ഷം പ്രാക്റ്റീസുള്ള അഭിഭാഷകനെ പബ്ലിക്ക് പ്രോസിക്യൂട്ടറായി നിയമിക്കണമെന്നും അഭിഭാഷക ആവശ്യപ്പെട്ടു. ഇരുവരും ആവശ്യം ഉന്നയിച്ചപ്പോള്‍ തന്നെ യുവനടിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ ഇതിനെ എതിര്‍ത്തു. തന്റെ കക്ഷി നിലവില്‍ അമ്മയില്‍ അംഗമല്ല. ഈ ഇടപെടല്‍ അപേക്ഷ അനുവദിക്കരുത്. കക്ഷിക്കു സ്വന്തം കാലില്‍ നില്‍ക്കാന്‍ അറിയാം. സിനിമാ തിയേറ്ററില്‍ കൂടുതല്‍ പേര്‍ എത്തിയാല്‍ സിനിമ വിജയിക്കും. പക്ഷേ, കേസില്‍ കൂടുതല്‍ പേര്‍ കക്ഷിയായതുകൊണ്ടു ഗുണമൊന്നുമില്ലെന്നും അഭിഭാഷകന്‍ വിമര്‍ശനമുന്നയിച്ചു. ഇടപെടല്‍ അപേക്ഷയോട് വിയോജിപ്പുണ്ടെന്നു സര്‍ക്കാരും അറിയിച്ചു. യുവനടിയുമായി കൂടിയാലോചിച്ച് 32 വര്‍ഷം പരിചയമുള്ള അഭിഭാഷകനെയാണ് പബ്ലിക്ക് പ്രോസിക്യൂട്ടറായി നിയമിച്ചിരിക്കുന്നത്. ഇതിനെയാണ് ഇപ്പോള്‍ ഇടപെടല്‍ അപേക്ഷയുമായി എത്തിയവര്‍ എതിര്‍ക്കുന്നതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. 32 വര്‍ഷം പരിചയമുള്ള അഭിഭാഷകനുള്ളപ്പോള്‍ 25 വര്‍ഷം പരിചയമുള്ള ആളെ വേണമെന്ന് പറയുന്നത് ഒന്നുമറിയാത്തതു കൊണ്ടോ കൂടുതല്‍ അറിയുന്നതുകൊണ്ടോ ആണെന്നു യുവനടിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. സര്‍ക്കാര്‍ നിയമിച്ച പബ്ലിക്ക് പ്രോസിക്യൂട്ടറുടെ കാര്യത്തില്‍ യാതൊരു വിയോജിപ്പുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടപെടല്‍ അപേക്ഷ നല്‍കിയവര്‍ക്ക് ഈ കേസില്‍ എന്താണ് താല്‍പര്യമെന്നു കോടതിയും ചോദിച്ചു. മറ്റ് ഒരുപാട് കാര്യങ്ങള്‍ തുറന്നുകാട്ടാന്‍ ഉണ്ടല്ലോയെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു. തുടര്‍ന്ന് ഇടപെടല്‍ അപേക്ഷയില്‍ നിലപാട് എഴുതി സമര്‍പ്പിക്കാന്‍ കോടതി യുവനടിക്കു നിര്‍ദേശം നല്‍കി. വനിതാ ജഡ്ജിയെ നിയമിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതി രജിസ്റ്റാര്‍ക്ക് എഴുതിയ കത്തിന് ലഭിച്ച മറുപടി കൂടി അടുത്ത തവണ കേസ് പരിഗണിക്കുന്ന ഈ മാസം 17ന് സര്‍ക്കാര്‍ സമര്‍പ്പിക്കണം.
അതേസമയം, ആക്രമണ ആരോപണം സിബിഐ അന്വേഷിക്കണമെന്ന പ്രതിയായ സിനിമാതാരം ദിലീപിന്റെ ഹരജി പരിഗണിക്കുന്നത് കോടതി ഈ മാസം 16ലേക്ക് മാറ്റി. സുപ്രിംകോടതിയില്‍ നിന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കേസിനായി എത്തുമെന്നാണ് അറിയുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss