|    Oct 22 Sun, 2017 6:41 am
Home   >  Todays Paper  >  Page 4  >  

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവം : ദിലീപിനെ പ്രതിയാക്കി അനുബന്ധ കുറ്റപത്രം ഉടന്‍

Published : 6th August 2017 | Posted By: fsq

 

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ഒരു മാസത്തിനകം അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘം തയ്യാറെടുക്കുന്നു. കേസിലെ നിലവില്‍ പതിനൊന്നാം പ്രതിയാണ് ദിലീപ്. കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ ദിലീപ് രണ്ടാം പ്രതിയാവുമെന്നാണ് വിവരം. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച പള്‍സര്‍ സുനിയാണ് കേസിലെ ഒന്നാം പ്രതി. 13 പേരാണ് പ്രതിപ്പട്ടികയില്‍ ഉണ്ടാവുക. ഗൂഢാലോചന നടത്തിയെന്നതാണ് ദിലീപിനെതിരേയുള്ള കുറ്റം. അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പ് കേസില്‍ നിര്‍ണായകമായ രണ്ട് അറസ്റ്റ് കൂടി ഉണ്ടാവുമെന്നും അന്വേഷണ സംഘം സൂചന നല്‍കുന്നുണ്ട്. സംവിധായകന്‍ നാദിര്‍ഷ, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്നിവരെ വീണ്ടും  ചോദ്യം ചെയ്യലിനായി വിളിച്ച് വരുത്തും. കാവ്യാ മാധവനെയും അമ്മയെയും വീണ്ടും ചോദ്യം ചെയ്യുമെന്നും അറിയുന്നു. ഇവര്‍ക്കെതിരേ മതിയായ തെളിവുകള്‍ ശേഖരിക്കാന്‍ കഴിയാത്തതാണ് രണ്ടാം ഘട്ട ചോദ്യം ചെയ്യല്‍ വൈകാന്‍ കാരണം.  പള്‍സര്‍ സുനി, നടിയുടെ ഡ്രൈവറായിരുന്ന മാര്‍ട്ടിന്‍ ആന്റണി,  മണികണ്ഠന്‍, വിജീഷ്, സലീം, പ്രദീപ്, ഒളിവില്‍ കഴിയാന്‍ സൗകര്യമൊരുക്കിക്കൊടുത്ത ചാള്‍സ് ആന്റണി എന്നിവരായിരുന്നു ആദ്യ ഘട്ടത്തില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലെ പ്രതികള്‍. അനുബന്ധ കുറ്റപത്രത്തില്‍ പള്‍സര്‍ സുനി, ജയിലില്‍ ഫോണ്‍ എത്തിച്ച വിഷ്ണു, കത്തെഴുതി നല്‍കിയ വിപിന്‍ ലാല്‍, ദിലീപ്, പള്‍സര്‍ സുനിയുടെ ആദ്യ അഭിഭാഷകന്‍ പ്രതീഷ് ചാക്കോ, ജൂനിയര്‍ രാജു ജോസഫ് എന്നിവരായിരിക്കും പ്രതികള്‍. കേസിലെ പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചതിനാണ് അഭിഭാഷകരെ പ്രതി ചേര്‍ക്കുന്നത്. ദിലീപിനുവേണ്ടി വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി അഡ്വ. ബി രാമന്‍പിള്ളയുടെ ജൂനിയര്‍ അഭിഭാഷകര്‍ ഇന്നലെ ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചു. സഹോദരന്‍ അനൂപിനൊപ്പമായിരുന്നു ഇവര്‍ ദിലിപീനെ സന്ദര്‍ശിച്ചത്. നാളെ ദിലീപിനു വേണ്ടി അഡ്വ. രാമന്‍പിള്ള ഹൈക്കോടതിയില്‍ ജാമ്യഹരജി നല്‍കുമെന്നാണ് വിവരം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക