|    Nov 19 Sun, 2017 4:39 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ് : പള്‍സര്‍ സുനിയെ ജയിലില്‍ ചോദ്യം ചെയ്തു

Published : 2nd August 2017 | Posted By: fsq

 

കൊച്ചി/തിരുവനന്തപുരം: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പ്രധാനപ്രതി പള്‍സര്‍ സുനിയെ കാക്കനാട് ജില്ലാ ജയിലില്‍ വച്ച് അന്വേഷണസംഘം ചോദ്യംചെയ്തു. ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണിയില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ നിജസ്ഥിതി അറിയുന്നതിനായിരുന്നു ചോദ്യംചെയ്യല്‍. പള്‍സര്‍ സുനിയെ ചോദ്യംചെയ്യുന്നതിനായി അന്വേഷണ സംഘം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ ചോദ്യംചെയ്യാന്‍ ഇന്നലെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കിയിരുന്നു. ചോദ്യംചെയ്യല്‍ രണ്ടര മണിക്കൂര്‍ നീണ്ടു. കേസുമായി ബന്ധപ്പെട്ട നടന്‍ സിദ്ദീഖില്‍ നിന്നും ഇന്നലെ അന്വേഷണസംഘം വിവരങ്ങള്‍ ആരാഞ്ഞതായാണു വിവരം. ദിലീപിനെ ആദ്യം 13 മണിക്കൂറോളം ചോദ്യംചെയ്തപ്പോള്‍ ആലുവ പോലിസ് ക്ലബ്ബില്‍ ആദ്യമെത്തിയതും സിദ്ദീഖായിരുന്നു. ഇത് ആരുടെ നിര്‍ദേശപ്രകാരമായിരുന്നുവെന്നാണ് അന്വേഷണ സംഘം ചോദിച്ചത്. അതിനിടെ കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിയടക്കം എട്ടു പ്രതികളെ അങ്കമാലി കോടതി വീണ്ടും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. റിമാന്‍ഡ് കാലാവധി തീര്‍ന്നതിനെത്തുടര്‍ന്നാണ് ഇന്നലെ കോടതിയില്‍ ഹാജരാക്കിയത്. കേസില്‍ എല്ലാ പ്രതികളും പിടിയിലായിട്ടില്ലെന്നും എല്ലാവരും വലപൊട്ടിച്ച് പുറത്തുവരുമോയെന്ന് കാണാമെന്നും സുനി കോടതിയിലേക്ക് കൊണ്ടും പോകുംവഴി മാധ്യമങ്ങളോടായി പറഞ്ഞു. അപ്പുണ്ണിയെ അറിയുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അറിയുമെന്നും സുനി മറുപടി നല്‍കി.—അടച്ചിട്ട കോടതിയിലാണു നടപടികള്‍ നടന്നത്. 164 വകുപ്പ് പ്രകാരം സുനിയുടെ രഹസ്യമൊഴി എടുക്കാന്‍ അനുവാദം ചോദിച്ചിരുന്നെങ്കിലും നടപടിക്രമത്തിലെ പിഴവുമൂലം കോടതി അനുവാദം കൊടുത്തില്ലെന്ന്, രണ്ടാം പ്രതി മാര്‍ട്ടിന്റെ അഭിഭാഷകന്‍ സുഭാഷ് തീക്കാടന്‍ മാധ്യമങ്ങളോട് പറഞ്ഞു. സുനിക്കു പറയാനുള്ളത് കോടതിയോട് നേരിട്ട് പറയാമെന്ന് അറിയിച്ചപ്പോള്‍ അഭിഭാഷകനോട് ആലോചിച്ച് പറയാമെന്ന് സുനി അറിയിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.അതേസമയം, നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ചുമതലയില്‍നിന്ന് ഐജി ദിനേന്ദ്ര കശ്യപിനെ മാറ്റിയിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ദിനേന്ദ്ര കശ്യപിനെ ക്രൈംബ്രാഞ്ചില്‍നിന്ന് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഐജിയായി മാറ്റിയിരുന്നു. ഇതിനെതിരെ പ്രതിഷേധമുയര്‍ന്ന പശ്ചാത്തലത്തിലാണ് വിശദീകരണവുമായി ഡിജിപി രംഗത്തെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക