|    Oct 17 Wed, 2018 8:41 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

നടിയെ ആക്രമിച്ച കേസ് : ദിലീപിനെതിരായ കുറ്റപത്രം ഒക്ടോബര്‍ ഏഴിനു മുമ്പ് സമര്‍പ്പിക്കും

Published : 21st September 2017 | Posted By: fsq

 

കൊച്ചി: നടിയെ ആക്രമിച്ചതിന്റെ ഗൂഢാലോചന കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരായ കുറ്റപത്രം ഒക്ടോബര്‍ ഏഴിനു മുമ്പ് സമര്‍പ്പിക്കാന്‍ അന്വേഷണസംഘം നടപടി തൂടങ്ങി. തൊണ്ണൂറ് ദിവസം കഴിഞ്ഞാല്‍ ദിലീപിന് സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ട്. ആ സാഹചര്യം ഒഴിവാക്കാനാണ് കുറ്റപത്രം തയ്യാറാക്കുന്നതു സംബന്ധിച്ച് ജോലികള്‍ അന്വേഷണസംഘം വേഗത്തിലാക്കിയത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് പോലിസ് കുറ്റപത്രം സമര്‍പ്പിക്കുക. കേസില്‍ ജൂലൈ 10നാണ് ദിലീപിനെ പോലിസ് അറസ്റ്റ് ചെയ്യുന്നത്. നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിക്കെതിരേ ചുമത്തിയ എല്ലാ കുറ്റവും ദീലീപിനെതിരേയും ഉണ്ടാവും. ബലാല്‍സംഗ ശ്രമം, തട്ടിക്കൊണ്ടുപോവല്‍, സത്രീത്വത്തെ അപമാനിക്കല്‍, സംഘം ചേര്‍ന്നുള്ള കുറ്റകൃത്യം എന്നിവയ്ക്ക് പുറമെ ഗൂഢാലോചന, പ്രേരണകുറ്റം, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍കൂടി ദിലീപിനെതിരേ ചുമത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. സ്ത്രീയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷ ന്‍ നല്‍കുന്ന ആദ്യ കേസാണിതെന്നാണ് അന്വേഷണസംഘം പറയുന്നത്. അതുകൊണ്ടുതന്നെ ജീവപര്യന്തം ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് പോലിസ് പ്രതികള്‍ക്കെതിരേ ചുമത്തുന്നത്. ഉന്നത സ്വാധീനമുള്ള ദിലീപ് ജയിലിനു പുറത്ത് വന്നാല്‍ കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ചതെന്നു പറയുന്ന മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിയാത്തതുകൊണ്ടു കുറ്റപത്രം താമസിപ്പിക്കേണ്ടതില്ലെന്ന്് അന്വേഷണ സംഘത്തിനു നിയമോപദേശം ലഭിച്ചെന്നാണു സൂചന. കുറ്റപത്രം സമര്‍പ്പിച്ചതിനു ശേഷവും മൊബൈല്‍ ഫോണുമായി ബന്ധപ്പെട്ട അന്വേഷണം പോലിസ് തുടരും. കേസിലെ സാക്ഷിമൊഴികളും അനുബന്ധ തെളിവുകളും ശാസ്ത്രീയമായി കൂട്ടിയിണക്കിയാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇപ്പോള്‍ 11ാം പ്രതിയായ ദിലീപ് കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ രണ്ടാംപ്രതിയാവുമെന്നാണ് അറിയുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss