|    Aug 16 Thu, 2018 7:26 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

നടിയെ ആക്രമിച്ച കേസ്: അമ്മയിലെ വനിതാ അംഗങ്ങള്‍ നല്‍കിയ ഹരജി പിന്‍വലിച്ചേക്കും

Published : 6th August 2018 | Posted By: kasim kzm

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കക്ഷിചേരുന്നതിനായി താരസംഘടനയായ അമ്മയിലെ ചില വനിതാ അംഗങ്ങള്‍ നല്‍കിയ ഹരജി പിന്‍വലിച്ചേക്കും. ഹരജിയെച്ചൊല്ലി സംഘടനയ്ക്കുള്ളില്‍ തന്നെ തര്‍ക്കം രൂക്ഷമായതിനു പിന്നാലെയാണ് ഇപ്പോള്‍ പിന്‍വലിക്കാന്‍ നീക്കം നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇന്ന് അന്തിമ തീരുമാനമുണ്ടായേക്കും.
സംഘടനയിലെ എക്‌സിക്യൂട്ടീവ് അംഗങ്ങളായ രചന നാരായണന്‍കുട്ടി, ഹണി റോസ് എന്നിവരാണ് കേസില്‍ കക്ഷിചേരാന്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. എന്നാല്‍, ആക്രമിക്കപ്പെട്ട യുവനടി ഇതിനെ എതിര്‍ത്ത് രംഗത്തു വരുകയും ചെയ്തു.
കേസില്‍ വാദം കേള്‍ക്കാന്‍ വനിതാ ജഡ്ജിയെ വേണമെന്നും വാദവും തുടര്‍നടപടികളും തൃശൂര്‍ക്ക് മാറ്റണമെന്നും കേസില്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്നും ആവശ്യപ്പെടുന്നതായിരുന്നു താരസംഘടനയുടെ ഹരജി. എന്നാല്‍, കേസുമായി ബന്ധപ്പെട്ട് ആരുടെയും സഹായം ആവശ്യമില്ലെന്നും ഇപ്പോള്‍ താരസംഘടനയില്‍ അംഗമല്ലെന്നും ആക്രമിക്കപ്പെട്ട നടി കോടതിയില്‍ വ്യക്തമാക്കുകയായിരുന്നു. കൂടാതെ, പ്രോസിക്യൂട്ടറെ നിയമിച്ചത് വ്യക്തിപരമായ അഭിപ്രായം ആരാഞ്ഞതിനു ശേഷമാണെന്നും നടി വ്യക്തമാക്കി. പിന്നാലെ പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം ഹരജിയില്‍ ഉള്‍പ്പെടുത്തിയത് അറിഞ്ഞിട്ടില്ലെന്നു ചൂണ്ടിക്കാട്ടി ഹണി റോസ് രംഗത്തെത്തിയത് കൂടുതല്‍ വിവാദത്തിനിടയാക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് ഇടനല്‍കാതെ ഹരജി പിന്‍വലിച്ച് തടി രക്ഷിക്കാന്‍ അമ്മ നീക്കം നടത്തുന്നത്. താരസംഘടന അമ്മയിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നടിമാരായ രേവതിയും പത്മപ്രിയയും നല്‍കിയ പരാതിയില്‍ അവരുമായി നാളെ ചര്‍ച്ച നടക്കാനിരിക്കെയാണ് പുതിയ വിവാദം ഉടലെടുത്തത്. നിലവില്‍ കേസുമായി ബന്ധപ്പെട്ട് താരസംഘടനയുമായി എതിര്‍പ്പിലാണ് ഡബ്ല്യൂസിസി. ഇവരെ അനുനയിപ്പിക്കാന്‍ കൂടി സമര്‍പ്പിച്ച ഹരജിയാണ് സംഘടനയ്ക്കു തന്നെ തലവേദനയായത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss