|    Sep 19 Wed, 2018 3:30 am
FLASH NEWS

നടയടയ്ക്കാന്‍ രണ്ടുദിനം മാത്രം: തീര്‍ത്ഥാടകരുടെ തീരാപ്രവാഹം

Published : 21st January 2017 | Posted By: fsq

 

കാലടി: നടയടപ്പിനു നാഴികകള്‍ ശേഷിക്കേ തിരുവൈരാണിക്കുളത്തു തീര്‍ത്ഥാടകരുടെ തീരാപ്രവാഹമായി. ശ്രീപാര്‍വതീദേവിയുടെ 12 ദിവസം നീളുന്ന ദര്‍ശനോല്‍സവം ഞായറാഴ്ച അവസാനിക്കാനിരിക്കെ തിരക്കിലും വഴിപാടിലുമുള്ള മുന്‍കാല കണക്കുകളെല്ലാം ഇതിനകം തന്നെ മറികടന്നുകഴിഞ്ഞു. തിരുവൈരാണിക്കുളത്തു വര്‍ഷത്തില്‍ പന്ത്രണ്ട് ദിനങ്ങള്‍ മാത്രം ദര്‍ശനം നല്‍കുന്ന പാര്‍വതിദേവിയുടെ നട അടച്ചതിനുശേഷവും മഹാദേവന്റെ ദര്‍ശനപുണ്യം നുകരാനും മംഗല്യസൗഭാഗ്യത്തിനുള്ള പൂജാദികര്‍മങ്ങള്‍ക്കും നിരവധി തീര്‍ത്ഥാടകര്‍ എത്താറുണ്ട്. പാര്‍വതി ദര്‍ശനം സാധ്യമായില്ലെങ്കിലും ക്ഷേത്ര ദര്‍ശനം ഭക്തജനങ്ങള്‍ക്കു സതിദേവിയെ കണ്ടുതൊഴാം. പാര്‍വതീ ദേവിയോളം തന്നെ പ്രാധാന്യം ക്ഷേത്രത്തിലെ സതീദേവിയുടെ പ്രതിഷ്ഠയ്ക്കുമുണ്ട്. ശിവന്റെ അംശമായ ശക്തിയുടെ അവതാരങ്ങളാണു സതിയും പാര്‍വതിയും. സതീദേവിയുടെ പ്രതിഷ്ഠയുള്ള അപൂര്‍വം ക്ഷേത്രങ്ങളില്‍ ഒന്നാണു തിരുവൈരാണിക്കുളം. ഇവിടെയെത്തുന്ന ഭക്തര്‍ക്കു ശിവപാര്‍വതീ കടാക്ഷത്തോടൊപ്പം സതീദേവിയുടെ അനുഗ്രഹം കൂടി ലഭിക്കുമെന്നാണു വിശ്വാസം. കുടുംബ ഐശ്വര്യത്തിനായി സതീദേവിക്കു തളിക നിവേദ്യം അര്‍പിക്കുന്നതു പ്രധാന വഴിപാടാണ്. നടതുറപ്പ് ഉ ല്‍സവം അവസാനിച്ചാലും മഹാദേവന്റെയും ഉപദേവതകളുടെയും നടദിവസവും തുറക്കും. പാര്‍വതീദേവിക്കു മഞ്ഞള്‍ അഭിഷേകം പോലുള്ള പതിവു പൂജകളും നിവേദ്യവും തുടര്‍ന്നും നടത്തുമെങ്കിലും ഭക്തര്‍ക്കു ദര്‍ശനം ലഭിക്കില്ല. മംഗല്യസൗഭാഗ്യത്തിനുള്ള പ്രത്യേക പൂജകളായ ഉമാമഹേശ്വരപൂജ, വേളിഓത്ത്, ആയുരാരോഗ്യസൗഖ്യത്തിനുള്ള സര്‍വരോഗ മന്ത്രാര്‍ച്ചന തുടങ്ങിയ പൂജകള്‍ ഈ കാലയളവിലാവും നടക്കുക. പാര്‍വതീദേവിക്കുള്ള മഞ്ഞ ള്‍ അഭിഷേകം, മഞ്ഞള്‍ പറ, മഹേശ്വരസന്നിധിയില്‍ നടക്കുന്ന എള്ളുപറ, തളികനിവേദ്യം തുടങ്ങിയ വഴിപാടുകള്‍ എല്ലാ ദിവസവും ഉണ്ടാവും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss