|    May 28 Sun, 2017 2:24 pm
FLASH NEWS

നടപ്പാതകളില്‍ വഴിയോര കച്ചവടം; കാല്‍നടയാത്ര ദുസ്സഹമാവുന്നു

Published : 30th September 2016 | Posted By: Abbasali tf

കാസര്‍കോട്: ജില്ലയിലെ പ്രധാന നഗരങ്ങളിലെ റോഡുകളില്‍ കാല്‍നടയാത്രക്കാര്‍ക്ക് നടന്നു പോകാനുള്ള നടപ്പാതകള്‍ പോലുമില്ല. കാസര്‍കോട്, കാഞ്ഞങ്ങാട് നഗരങ്ങളിലെ നടപ്പാതകള്‍ കച്ചവടക്കാര്‍ കയ്യടക്കിയിരിക്കുകയാണ്. ഫുട്പാത്തിന് മുകളിലും റോഡരികിലും വഴിയോര കച്ചവടം സ്ഥാനം പിടിച്ചതോടെ റോഡരികിലൂടെ നടന്നു പോകാന്‍ പോലും സാധിക്കാത്ത സ്ഥിതിയാണ്. ജില്ലാഭരണകൂടം കാസര്‍കോട് നഗരത്തിലെ നടപ്പാത കയ്യേറിയുള്ള കച്ചവടം ഒഴിപ്പിക്കുമെന്ന് പറഞ്ഞെങ്കിലും നടപടി എങ്ങും എത്തിയില്ല. പതിവായി ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന നഗരങ്ങളില്‍ കാല്‍നട യാത്രക്കാരുടെ കാര്യം ആരും ഗൗനിക്കുന്നില്ല. റോഡിലൂടെ നടന്നു പോകുമ്പോള്‍ വാഹനം ഇടിച്ച് വഴിയാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുന്നതും പതിവാണ്. നഗരസഭകള്‍ പൊട്ടിയ സ്ലാബുകള്‍ മാറ്റാത്തതിനാല്‍ വഴിയാത്രക്കാര്‍ ഓവുചാലില്‍ വീണ് പരിക്കേല്‍ക്കുന്നതും ജില്ലയിലെ പതിവ് സംഭവങ്ങളാണ്. റോഡിന് വീതി വര്‍ദ്ധിക്കും തോറും റോഡരികില്‍ അനധികൃത വാഹന പാര്‍ക്കിങും വര്‍ധിക്കുകയാണ്. ചില റോഡുകളില്‍ ഇരുഭാഗങ്ങളിലും വാഹനങ്ങള്‍ ഫുട്പാത്ത് കയ്യേറി നിര്‍ത്തിയിടുന്നതിനാല്‍ കാല്‍നടയാത്രക്കാര്‍ റോഡിലൂടെ നടക്കേണ്ട സ്ഥിതിയാണ്. കാസര്‍കോട് പഴയ ബസ്സ്റ്റാന്റ് മുതല്‍ റെയില്‍വേ സ്റ്റേഷന്‍ ജങ്ഷന്‍ വരെയുള്ള സ്ഥലങ്ങളിലെ ഫുട്പാത്ത് വഴിയോര കച്ചവടക്കാരും മറ്റ് കച്ചവടക്കാരും കയ്യേറിയിരിക്കുകയാണ്. നഗരത്തില്‍ സ്വന്തമായി കടമുറികളുള്ള കച്ചവടക്കാര്‍ തന്നെ കടമുറികളിലെ സാധനങ്ങള്‍ ഫുട്പാത്തില്‍ നിരത്തി വച്ച് വില്‍പന നടത്തുന്നുണ്ട്. ചെര്‍ക്കള, നീലേശ്വരം ടൗണുകളിലും വഴിയാത്രക്കാരുടെ അവസ്ഥ ഇതു തന്നെയാണ്. കാസര്‍കോട് പോസ്റ്റ് ഓഫിസിന് അടുത്ത് നിന്നും കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിലേക്ക് പോകുന്ന കെപിആര്‍ റാവു റോഡില്‍ കാല്‍നടയാത്രക്കാര്‍ക്ക് ഗതാഗത കുരുക്കുമൂലം നടന്നു പോകാന്‍ സാധിക്കാത്ത സ്ഥിതിയാണ്. വലുതും ചെറുതുമായ വാഹനങ്ങള്‍ റോഡിലേക്കാണ് പാര്‍ക്ക് ചെയ്യുന്നത്. രാവിലെ 10 മുതല്‍ രാത്രി എട്ട് വരെ ഈ റോഡിന്റെ സ്ഥിതി ഇതാണ്. റോഡിന് നടുവില്‍ കൂടി അല്ലാതെ വഴിയാത്രക്കാരന് നടന്നു പോകാന്‍ പറ്റാത്ത അവസ്ഥ. ഇവിടുത്തെ പാര്‍ക്കിങ് നിയന്ത്രിക്കുമെന്ന് വര്‍ഷങ്ങളായി പോലിസ് പറയാറുണ്ടെങ്കിലും വാഹന പാര്‍ക്കിങ് കൂടിവരുന്നതല്ലാതെ കുറയുന്നില്ല. വന്‍കിട ഷോപ്പിങ് കോംപ്ലക്‌സ് ലൈസന്‍സിന് അപേക്ഷിക്കുമ്പോള്‍ പാര്‍ക്കിങ് ഏരിയയില്‍ കാണിച്ച സ്ഥലങ്ങളെല്ലാം ഗോഡൗണുകളായി മാറ്റിയതാണ് ഇവിടുത്തെ പ്രധാന പ്രശ്‌നം. കാഞ്ഞങ്ങാട് നഗരത്തില്‍ കെഎസ്ടിപി റോഡ് നിര്‍മാണം തുടങ്ങിയതോടെ വ്യാപാരികളും വഴി യാത്രക്കാരും ഒരു പോലെ കഷ്ടത്തിലാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day