|    Nov 15 Thu, 2018 10:08 pm
FLASH NEWS

നടപടികളില്‍ ഇളവ് നല്‍കുന്നത് പരിഗണിക്കും: മന്ത്രി ജലീല്‍

Published : 4th March 2018 | Posted By: kasim kzm

മലപ്പുറം: ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര വാഹനം ഉപയോഗിക്കുന്നതിന് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്ന നടപടികളില്‍ ഇളവ് നല്‍കുന്ന കാര്യം പരിശോധിക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ ടി ജലീല്‍. സംസ്ഥാന വികലാംഗ കോര്‍പറേഷന്‍ സംഘടിപ്പിച്ച തവനൂര്‍ നിയോജകമണ്ഡലം സഹായ ഉപകരണ നിര്‍ണയ – വിതരണ മെഡിക്കല്‍ ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര വാഹനം നല്‍കുന്ന പദ്ധതിയുമായി മുന്നോട്ടുവരുമ്പോള്‍ ഡ്രൈവിങ് ലൈസന്‍സ് ഇല്ലാത്തത് പ്രശ്‌നമാവുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് മന്ത്രിയുടെ നിര്‍ദേശം. ൈഡ്രവിങ് ലൈസന്‍സ് എടുക്കുന്നിനു മുമ്പുള്ള ലേണേഴ്‌സ് ടെസ്റ്റ് മാത്രം പാസായാല്‍ മതി എന്ന നിര്‍ദ്ദേശം നടപ്പാക്കാന്‍ കഴിയുമോ എന്ന കാര്യമാണ് പരിശോധിക്കുക. സംസ്ഥാനത്തെ ഓരോ പഞ്ചായത്തിലും കുട്ടികളും വലിയവരുമായി ഏകദേശം നൂറിലധികം ഭിന്നശേഷിക്കാരുണ്ടെന്നാണ് കണക്കാക്കുന്നത്. ഇവര്‍ക്കെല്ലാം സര്‍ക്കാര്‍ പൂര്‍ണ സംരക്ഷണം നല്‍കും. തവനൂര്‍ മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും ബഡ്‌സ് സ്‌കൂള്‍ പൂര്‍ണ സംവിധാനത്തോടെ പ്രവര്‍ത്തിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. 30 ലക്ഷത്തിന്റെ സഹായ ഉപകരണങ്ങളാണ് പരിപാടിയോടനുബന്ധിച്ച് വിതരണം ചെയ്യാന്‍ കണക്കാക്കിയത്. ഇതില്‍ 20 ലക്ഷം രൂപയ്ക്കുള്ള ഉപകരണങ്ങള്‍ പരിപാടിയില്‍ തന്നെ നല്‍കി. അളവെടുത്ത 10 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് ഇനി വിതരണം ചെയ്യാനുള്ളത്. ഇവ രണ്ടുമാസത്തിനകം നല്‍കും. 235 ഭിന്നശേഷിക്കാര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ മുന്‍ക്കൂട്ടി പേര് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനു പുറമെ 200 ലധികം പേര്‍ പരിപാടി നടക്കുന്ന സമയവും രജിസ്റ്റര്‍ ചെയ്തു. 50 വീല്‍ചെയര്‍, 70 എംആര്‍ കിറ്റ്, 5 ട്രൈസൈക്കിള്‍, 60 ശ്രവണ സഹായി, വാക്കിങ് സ്റ്റിക്ക്, തെറാപ്പി ബെഡ് എന്നിവ വിതരണം ചെയ്തു.
നരിപ്പറമ്പ് താജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ അഡ്വ. പരശുവയ്ക്കല്‍ മോഹനന്‍ അധ്യക്ഷത വഹിച്ചു. മാനേജിങ് ഡയറക്ടര്‍ കെ മൊയ്തീന്‍ക്കുട്ടി റിപോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ ദേവിക്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ ലക്ഷ്മി, ആര്‍ കെ ഹഫ്‌സത്ത് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ കെ പി കവിത, പി കുമാരന്‍, ശ്രീജ പാറക്കല്‍, പി പി ബിജോയ്, ഹാജിറ മജീദ്, റഹ്മത്ത്‌സൗദ, പൊന്നാനി ശിശുവികസന ഓഫിസര്‍ ഗംഗാദേവി തുടങ്ങിയവര്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss