|    Jan 21 Sun, 2018 4:37 am
FLASH NEWS

നടക്കാവ് ഈസ്റ്റ് യുപി സ്‌കൂള്‍ കെട്ടിടം ശോച്യാവസ്ഥയില്‍

Published : 20th October 2016 | Posted By: SMR

കോഴിക്കോട്: നടക്കാവ് ഈസ്റ്റ് യുപി സ്‌കൂള്‍ കെട്ടിടം ശോച്യാവസ്ഥയില്‍. ഇന്ന് സ്‌കൂളിന്റെ ജീര്‍ണ്ണാവസ്ഥക്ക് പരിഹാരം കാണാനായി ആരുമില്ലാത്ത അവസ്ഥയാണ്. സ്‌കൂളിന്റെ കെട്ടിടത്തിന്റെ മേല്‍ക്കൂര ഏത് സമയത്തും നിലംപൊത്തുമെന്ന ഭീതിയിലാണിപ്പോള്‍ നൂറോളം വരുന്നകുട്ടികളും അധ്യാപകരും കഴിയുന്നത്. സ്‌കൂളിന് വയസ്സ് 102. അതിന്റെ പൂര്‍വാവസ്ഥയില്‍ ഒരു ഏക്കറിലധികം സ്ഥലം സ്വന്തമായുണ്ടായിരുന്നതാണ്. ഒരു ചെറിയ യുപി സ്‌കൂളിന് വേണ്ടതിലും വലിയ കളിസ്ഥലം ഉണ്ടായിരുന്നു. എന്നാല്‍, സ്‌കൂളിലെ കുട്ടികള്‍ക്ക് നീന്തല്‍ പഠിക്കാനും നീന്തിപഠിക്കാനുമായി സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹകരണത്തോടെ സ്വിമ്മിങ് പൂള്‍ പണിയാന്‍ സ്ഥലം കൊടുത്തു. ഇപ്പോള്‍ പുറത്തുള്ളവര്‍ക്ക് നീന്തിതുടിക്കാനാണ് സ്വിമ്മിങ് പൂള്‍ ഉപയോഗിക്കുന്നത്. കുട്ടികള്‍ ഇതും നോക്കിനില്‍ക്കേണ്ടഅവസ്ഥ. ബാക്കി വന്ന സ്ഥലം എസ്എസ്എക്ക് വേണ്ടി രണ്ടു കെട്ടിടം പണിയാനും നല്‍കി. എന്നാല്‍ ഏറ്റവും പഴക്കമേറിയ സ്‌കൂള്‍ കെട്ടിടത്തിന് ആവശ്യമായ പുനര്‍നിര്‍മാണ പ്രവൃത്തി ആരും ഏറ്റെടുത്തതുമില്ല. ഇപ്പോള്‍ മേല്‍ക്കൂര പൊളിഞ്ഞുവീഴാറായ സ്ഥലം കയറുകെട്ടി അപകടമേഖലയായി പ്രഖ്യാപിച്ചിരിക്കുന്നു. ഇവിടെ തന്നെ എല്‍കെജി കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. വയനാട് റോഡില്‍ നഗരത്തിന്റെ കണ്ണായസ്ഥലത്തിനോട് കെട്ടിടമില്ലാത്ത എല്ലാ വകുപ്പുകാര്‍ക്കും കണ്ണുണ്ട്. ഇതിനിടെ സ്വിമ്മിങ് പൂളില്‍ നിന്നുള്ള അഴുക്കുവെള്ളം തുറന്നുവിടുന്നതും ക്ലാസ് മുറികളുടെ സമീപത്തേക്കും. സ്‌കൂളിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ സമരസന്നാഹങ്ങളുമായി ഇറങ്ങാനുള്ള തീരുമാനത്തിലാണ്. തൊട്ടുതന്നെയുള്ള നടക്കാവ് ഗേള്‍സ് ഹൈസ്‌കൂള്‍ രാജ്യാന്തരപദവി ആസ്വദിക്കുമ്പോള്‍ യുപി സ്‌കൂള്‍ കുട്ടികള്‍ തങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ഉറപ്പുള്ള ഒരു കെട്ടിടം വേണമെന്ന് അഭ്യര്‍ഥിക്കുകയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day